വിപുലമായ ഓണാഘോഷത്തിന് ഒരുക്കമായി

റാന്നി: വിപുലമായ പരിപാടികളോടെ റാന്നി നിയോജക മണ്ഡലത്തില്‍ ഓണാഘോഷം സംഘടിപ്പിക്കാന്‍ തീരുമാനമായി. 11, 12 തീയതികളിലായാണ് പരിപാടി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പരിപാടി നടക്കുക. ഓണം വാരാഘോഷത്തിന്‍െറ ജില്ലാതല ഉദ്ഘാടനം 12ന് വൈകുന്നേരം ഇട്ടിയപ്പാറയില്‍ മന്ത്രി മാത്യു ടി. തോമസ് നിര്‍വഹിക്കും. രാജു എബ്രഹാം എം.എല്‍.എ അധ്യക്ഷതവഹിക്കും. 11ന് വൈകുന്നേരം അഞ്ചിന് റാന്നി പെരുമ്പുഴയില്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. കെ. സുമേഷ്കുമാറിന്‍െറ ഗാനമേള, വഞ്ചിപ്പാട്ട്, നൃത്തം, ശിങ്കാരിമേളം എന്നിവ ഉണ്ടാകും. റാന്നി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ തിരുവാതിരക്കളി മത്സരവും നടത്തും. ഇതിലേക്ക് പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 10നകം റാന്നി ഗ്രാമപഞ്ചായത്ത് ഓഫിസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് കാഷ് പ്രൈസ് നല്‍കും. 12ന് വൈകീട്ട് നാലരക്ക് ന്യൂ ബൈപാസില്‍നിന്ന് ഇട്ടിയപ്പാറ ബസ്സ്റ്റാന്‍ഡിലേക്ക് ഘോഷയാത്രയും ഉണ്ടാകും. സമാപന സമ്മേളനത്തിനുശേഷം കൊച്ചിന്‍ കലാഭവന്‍െറ ഗാനമേളയും മിമിക്സ് പരേഡും ഉണ്ടാകും. പരിപാടിയുടെ വിജയത്തിനായി റാന്നിയില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപവത്കരണ യോഗം രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.പി. അജി അധ്യക്ഷതവഹിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് പുന്നന്‍ പരിപാടികള്‍ വിശദീകരിച്ചു. പി.ആര്‍. പ്രസാദ്, എ.എന്‍. സോമന്‍, സുമ വിജയകുമാര്‍, സിന്ധു സഞ്ജയന്‍, ആന്‍സി ജോണ്‍, ഷാജി നെല്ലിമൂട്ടില്‍, മന്ദിരം രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മക്കപ്പുഴ പുളിയോടിക്കാലായില്‍ കേശവന്‍ നായര്‍ സ്മാരക എന്‍.എസ്.എസ് കരയോഗം ഓണാഘോഷം നടത്തും. 11ന് രാവിലെ ഒമ്പതിനു കരയോഗമന്ദിരത്തിലാണ് പരിപാടി. ഒമ്പതിന് പതാക ഉയര്‍ത്തും. 9.15ന് അത്തപ്പൂവിടല്‍. പ്രസിഡന്‍റ് ബാബു മക്കപ്പുഴ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി രാജന്‍ വി.ജെ. മന്നത്ത് നേതൃത്വം നല്‍കും. കരയോഗ പൊതുയോഗവും അന്ന് നടക്കും. മല്ലപ്പള്ളി: താലൂക്കുതല ഓണാഘോഷം 16ന് മല്ലപ്പള്ളി പബ്ളിക് സ്റ്റേഡിയം ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടക്കും. ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും മല്ലപ്പള്ളി സ്വകാര്യ ബസ്സ്റ്റാന്‍ഡിനുള്ളിലെ അക്ഷയ ജനസേവനകേന്ദ്രത്തില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കണ്‍വീനര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447595631, 9447078121. മല്ലപ്പള്ളി സെന്‍റ് ജോസഫ്സ് കാമ്പസിലെ വിവിധ സ്ഥാപനങ്ങളായ മിക് ഫാസ്റ്റ് കോളജ്, ഐ.ടി.ഐ, സെന്‍റ് കോളജ് എഫത്തേ എന്നിവയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ഓണാഘോഷം നടക്കും. മലയാളം വിഭാഗം മേധാവി അനില്‍കുമാര്‍ ഓണസന്ദേശം നല്‍കും. വിവിധ കലാപരിപാടികള്‍, മത്സരങ്ങള്‍, ഓണക്കളികള്‍, ഓണസദ്യ എന്നിവ നടക്കും. തിരുവല്ല: കാവുംഭാഗം യങ് സ്റ്റേഴ്സ് ക്ളബ് ആഭിമുഖ്യത്തില്‍ 13ന് ഓണാഘോഷ പരിപാടികള്‍ നടക്കും. ഉത്രാട ദിനത്തില്‍ ഉച്ചക്ക് ശേഷം പുരുഷ-വനിതാ വിഭാഗങ്ങളിലായി വടംവലി മത്സരം നടക്കും. വൈകുന്നേരം സാംസ്കാരിക സമ്മേളനവും കലാപരിപാടികളും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.