കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

പന്തളം: സ്കൂള്‍ കോളജ് പരിസരം കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. എക്സൈസ് പരിശോധന നിശ്ചലം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് വില്‍പന നടക്കുന്ന നഗരമായി പന്തളം മാറുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ പന്തളം പൊലീസ് സ്റ്റേഷനില്‍ പതിനഞ്ചോളം കേസുകളാണ് പിടികൂടിയത്. പിടികൂടുന്ന കഞ്ചാവ് കേസുകളില്‍ പ്രതികള്‍ക്ക് കോടതിയില്‍നിന്ന് ജാമ്യം ലഭിക്കുന്നത് കച്ചവടക്കാര്‍ക്ക് സഹായകരമാകുന്നു. കഞ്ചാവ് വില്‍പനയുടെ പിന്നില്‍ വന്‍ റാക്കറ്റ് തന്നെ ഉള്ളതായാണ് പൊലീസ് സംശയിക്കുന്നത്. ഒരുകിലോ കഞ്ചാവില്‍ കൂടുതല്‍ പിടികൂടിയാല്‍ മാത്രമേ പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുകയുള്ളൂ. നിയമത്തിലെ ഈ പഴുത് ഉപയോഗിച്ചാണ് കഞ്ചാവ് മാഫിയ നിര്‍ബാധം വിലസുന്നത്. പിടികൂടുന്നവരില്‍നിന്ന് നൂറും ഇരുനൂറും ഗ്രാം കഞ്ചാവ് മാത്രമാണ് പൊലീസിന് ലഭിക്കുന്നത്. ഇതാണ് പൊലീസിനെ കുഴക്കുന്നത്. പിടികൂടുന്നവരെ കോടതിയില്‍നിന്ന് ജാമ്യത്തിലിറക്കാന്‍ റാക്കറ്റുകളുടെ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായാണ് പൊലീസിന്‍െറ വിവരം. സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്നവര്‍ കുട്ടികളെ ഉപദ്രവിക്കുന്നതായും പരാതി വ്യാപകമാണ്. കഞ്ചാവ് ഉപയോഗിച്ചശേഷം ക്ളാസിലിരുന്നാല്‍ പെട്ടന്ന് മറ്റുള്ളവര്‍ക്ക് അറിയാന്‍ കഴിയാത്തത് കുട്ടികള്‍ക്ക് സഹായമാകുകയാണ്. 100രൂപ മുതല്‍ 250രൂപവരെയാണ് ഒരുപൊതിക്ക് പന്തളത്തെ വില. നീലച്ചടയന്‍ വിഭാഗത്തിലുള്ള ഇനത്തിനാണ് ഏറെ പ്രിയം.പന്തളത്തെ ഇതര സംസ്ഥാന തൊഴിലാളികളും കഞ്ചാവ് റാക്കറ്റുകളെ ഇരകളാണ്. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് മാഫിയ പ്രവര്‍ത്തനം സജീവം. ഇവരില്‍നിന്ന് അമിത തുകയാണ് കച്ചവടക്കാര്‍ ഈടാക്കുന്നത്. കഞ്ചാവ് മാഫിയ പിടിമുറുക്കുമ്പോഴും എക്സൈസ് നോക്കുകുത്തിയാവുകയാണെന്നാണ് ആക്ഷേപം എക്സൈസ് വിഭാഗത്തിന്‍െറ റെയിഡുകള്‍ പന്തളത്ത് ഇല്ളെന്നുതന്നെ പറയാം. അടൂര്‍ സര്‍ക്ക്ളിന്‍െറ പരിധിയിലാണ് പന്തളം മേഖല. അടൂരിലും പരിസരത്തും മാത്രമാണ് എക്സൈസ് റെയ്ഡുകള്‍ പേരിനെങ്കിലുമുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.