മാരംകുളം-നിര്‍മലപുരം റോഡ് നിര്‍മാണം പാതിവഴിയില്‍: വേറെ വഴിയില്ല, മൂന്ന് കിലോമീറ്റര്‍ നടക്കണം

മല്ലപ്പള്ളി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍പെടുത്തി (പി.എം.ജി.എസ്.വൈ) 2014 മേയില്‍ ആരംഭിച്ച മാരംകുളം-നിര്‍മലപുരം ഗ്രാമീണ റോഡിന്‍െറ പണി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പാതിവഴിയിലായതോടെ പ്രദേശവാസികള്‍ ദുരിതത്തില്‍. 1.48 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച റോഡില്‍ മണ്‍പണികള്‍ പൂര്‍ത്തീകരിച്ച് വശങ്ങളില്‍ കൂടിയുള്ള കുടിവെള്ള പൈപ്പ്ലൈന്‍ പൂര്‍ണമായി തകര്‍ത്താണ് റോഡ് പണി നടത്തിയത്. ഇതുമൂലം കോളനി നിവാസികള്‍ അടക്കം നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കഴിഞ്ഞ വേനലില്‍ കുടിവെള്ളം ലഭിക്കാതെ കഷ്ടപ്പെടേണ്ടിവന്നു. റോഡിലൂടെയുള്ള ബി.എസ്.എന്‍.എല്‍ ലൈന്‍-ഇലക്ട്രിക് പോസ്റ്റുകളും മാറ്റിസ്ഥാപിച്ചിട്ടില്ല. തുടക്കത്തില്‍ അശാസ്ത്രീയമായി പണി ആരംഭിച്ചതിനാല്‍ ഒരു പ്രദേശം മുഴുവന്‍ കഷ്ടത അനുഭവിക്കുകയാണ്. മഴക്കാലത്ത് ചളിയും വേനല്‍ക്കാലത്ത് പൊടിപടലവും കെട്ടിക്കിടക്കുന്ന അവസ്ഥ. നിര്‍മലപുരം, നാഗപ്പാറ കോളനി, മുഴയമുട്ടം നിവാസികള്‍ മൂന്ന് കിലോമീറ്റര്‍ ദൂരം നടക്കേണ്ട ഗതികേടാണ്. സ്കൂള്‍ കുട്ടികളും രോഗികളും യാത്ര ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുന്നു. റോഡിന്‍െറ ശോച്യാവസ്ഥ കാരണം ടാക്സി വാഹനങ്ങള്‍ വിളിച്ചാല്‍ പോകാറില്ല. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് റോഡ്പണി ഇഴയാന്‍ കാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. കരുവള്ളിക്കാട്-നാഗപ്പാറ തീര്‍ഥാടന വിനോദസഞ്ചാര മേഖലകളിലെ ഏക യാത്രാമാര്‍ഗമാണ് ഉദ്യോഗസ്ഥരുടെയും കരാറുകാരന്‍െറയും ഉത്തരവാദിത്തമില്ലായ്മ കാരണം അനാഥമായത്. രണ്ട് കിലോമീറ്റര്‍ 400 മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുള്ള റോഡ് പണിപൂര്‍ത്തിയാകേണ്ട സമയം കഴിഞ്ഞു. റോഡിന്‍െറ ശോച്യാവസ്ഥക്ക് പരിഹാരവും കുടിവെള്ള ലൈന്‍ പുനരുദ്ധാരണവും അടിയന്തരമായി നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാത്തപക്ഷം നിരാഹാരം അടക്കമുള്ള സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ്. വാര്‍ഡംഗത്തിന്‍െറ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതി മുഖ്യമന്ത്രി, ജനപ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.