പൊലീസ് സ്റ്റേഷനില്‍ അതിക്രമം: ഡി.വൈ.എഫ്.ഐ നേതാക്കള്‍ കോടതിയില്‍ കീഴടങ്ങി

പത്തനംതിട്ട: പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ആക്രമണം നടത്തുകയും ചെയ്ത സംഭവത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കള്‍ കോടതിയില്‍ കീഴടങ്ങി. ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു. നഗരസഭാ കൗണ്‍സിലറും ഡി.വൈ.എഫ്.ഐ ബ്ളോക് കമ്മിറ്റി അംഗവുമായ വി.ആര്‍. ജോണ്‍സണ്‍, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അന്‍സില്‍ അഹമ്മദ് എന്നിവരാണ് ചൊവ്വാഴ്ച പത്തനംതിട്ട സി.ജെ.എം കോടതിയില്‍ കീഴടങ്ങിയത്. സംഭവത്തിലുള്‍പ്പെട്ട മറ്റ് രണ്ടുപേര്‍ കൂടിയുണ്ട്. അവര്‍ ഒളിവിലാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി 10.30ന് പത്തനംതിട്ട സ്റ്റേഷനിലാണ് അക്രമം നടന്നത്. വധശ്രമക്കേസില്‍ പ്രതിയായ പ്രമാടം സ്വദേശിയും എം.ജി യൂനിവേഴ്സിറ്റി യൂനിയന്‍ ജനറല്‍ സെക്രട്ടറിയുമായ അനീഷ്കുമാറിനെ എസ്.ഐ പുഷ്പകുമാറിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ കൊണ്ടുവന്നതാണ് ആക്രമണത്തിനു കാരണമായത്. സംഭവമറിഞ്ഞ് ജോണ്‍സന്‍െറ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തുകയും അനീഷിനെ ബലമായി പിടിച്ചിറക്കി മോചിപ്പിക്കാനും ശ്രമിച്ചു. ഇത് പൊലീസ് തടഞ്ഞത് സംഘര്‍ഷമായി. ഡി.വൈ.എഫ്.ഐക്കാര്‍ പൊലീസുകാരെ ആക്രമിക്കുകയും സ്റ്റേഷന്‍ ഉപകരണങ്ങള്‍ കേടുവരുത്തുകയും ചെയ്തു. എസ്.ഐക്കും മര്‍ദനമേറ്റിരുന്നു. ഇതിനിടെ അനീഷ്കുമാറിനെ ബലമായി പിടിച്ചുവലിച്ച് സ്റ്റേഷനില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകാനും ശ്രമിച്ചു. വിവരമറിഞ്ഞ് എ.ആര്‍ ക്യാമ്പില്‍നിന്ന് കൂടുതല്‍ പൊലീസുകാര്‍ എത്തിയതോടെ ഡി.വൈ.എഫ്.ഐക്കാര്‍ ഓടി രക്ഷപ്പെട്ടു. ജോണ്‍സണും അന്‍സില്‍ അഹമ്മദും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ക്കുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതോടെ ഇവര്‍ ഒളിവില്‍പോയി. മറ്റ് രണ്ടുപേരെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നതായും പറയുന്നു. പ്രതികളെ പിടികൂടാത്തത് സംബന്ധിച്ച് നിയമസഭയിലും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. അനീഷ്കുമാറിനെ ഞായറാഴ്ച രാത്രി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. 2014ല്‍ കാതോലിക്കേറ്റ് കോളജില്‍ നടന്ന വിദ്യാര്‍ഥി സംഘട്ടനത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി എത്തിയ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ കയറി ഇരുമ്പുവടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പിച്ച കേസിലെ രണ്ടാം പ്രതിയാണ് അനീഷ്കുമാര്‍. ഈ കേസിലെ മറ്റൊരു പ്രതിയാണ് അന്‍സില്‍ അഹമ്മദ്. അന്‍സില്‍ നേരത്തേ ജാമ്യം എടുത്തിരുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.