കോന്നി ബൈപാസ് ചുവപ്പുനാടയില്‍ കുടുങ്ങി

കോന്നി: സര്‍ക്കാറിന്‍െറ ചുവപ്പുനാടയില്‍ കുടുങ്ങി കോന്നി ബൈപാസ്. സര്‍വേ പൂര്‍ത്തിയാക്കി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിച്ചു വരുമ്പോഴാണ് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാറിന്‍െറ പുതിയ ഉത്തരവ് ഇറങ്ങിയതിനുശേഷം ശേഷം മാത്രം തുടര്‍നടപടി മതിയെന്നുകാട്ടി സര്‍ക്കുലര്‍ ഇറങ്ങിയത്. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ ഉത്തരവ് ഇറങ്ങാത്തതുമൂലം തുടര്‍നടപടി അനിശ്ചിതത്വത്തിലായി. കോന്നിയിലെ ഗതാഗതക്കുരുക്കിനു ശാശ്വതപരിഹാരം കാണാനാണ് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് കോന്നി ബൈപാസിന് സര്‍ക്കാര്‍ ബജറ്റില്‍ അഞ്ചു കോടി വകയിരുത്തിയത്. ഇതിന്‍ പ്രകാരം പൊതുമരാമത്ത് റോഡ് വിഭാഗം ബൈപാസിന് അനുയോജ്യമായ പാത കടന്നുപോകുന്ന സ്ഥലം കണ്ടത്തെി പ്ളാന്‍ തയാറാക്കി സര്‍ക്കാറിനു സമര്‍പ്പിച്ചിരുന്നു. ആദ്യ പ്ളാന്‍ തയാറാക്കി കഴിഞ്ഞശേഷമാണ് ഈ സ്ഥലത്തുകൂടി കൂടങ്കുളം വൈദ്യുതി ലൈനിന്‍െറ ടവറുകള്‍ വരുന്നുവെന്ന് മനസ്സിലാക്കിയത്. പിന്നീട് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗവും പവര്‍ഗ്രിഡ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി അലൈന്‍മെന്‍റില്‍ മാറ്റം വരുത്തി ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി തേടി സര്‍ക്കാറില്‍ പദ്ധതി സമര്‍പ്പിച്ചു. അതിനിടയാണ് സര്‍ക്കാറിന്‍െറ പുതിയ ഉത്തരവ് ഉണ്ടാകുമെന്ന് സര്‍ക്കുലര്‍ ഇറങ്ങിയത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പൂവന്‍പാറയില്‍നിന്നാരംഭിച്ച് ചേരിമുക്ക് ജങ്ഷനിലത്തെി ഇളകൊള്ളൂര്‍ അമ്പലം വഴി സംസ്ഥാന പാതയുടെ ബ്ളോക് ഓഫിസിനു സമീപം എത്തിച്ചേരുംവിധമാണ് ബൈപാസ് വിഭാവനം ചെയ്തത്. പൂര്‍ണമായും റോഡ് പാടത്തുകൂടിയാണ് കടന്നുപോകുന്നത്. നാലര കി.മീ. വരുന്ന റോഡിന് 21 മീറ്റര്‍ വീതിയുണ്ടാകും. പാടശേഖരത്ത് കൂടി മാത്രം കടന്നുപോകുന്നതിനാല്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നില്ല. മണ്ഡലകാലം കൂടിവരുന്നതോടെ ഗതാഗത പ്രശ്നം രൂക്ഷമായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.