ലക്ഷങ്ങളും വിഷജീവികളും നിറഞ്ഞ വീട്ടില്‍നിന്ന് അന്നമ്മക്ക് മോചനം

പത്തനംതിട്ട: ലക്ഷക്കണക്കിന് രൂപയും അവക്ക് കാവലായി വിഷ ജീവികളും നിറഞ്ഞ വീട്ടില്‍നിന്ന് വൃദ്ധ ദിനത്തില്‍ അന്നമ്മക്ക് മോചനം. വീട് വൃത്തിയാക്കലിനിടെ രണ്ടാം ദിനവും പണവും ആഭരണങ്ങളും കണ്ടത്തെി. വര്‍ഷങ്ങളായി ആരും സഹായത്തിനില്ലാതെ ഒറ്റക്ക് കഴിഞ്ഞിരുന്ന ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പൈവള്ളി ഭാഗം ഇലവുംകണ്ടത്തില്‍ അന്നമ്മ(77 )യെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടെടുത്ത പണം ബാങ്കില്‍ നിക്ഷേപിച്ചു. അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രം പ്രവര്‍ത്തകരും ഗ്രാമപഞ്ചായത്ത ് ജനപ്രതിനിധികളും ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലാക്കിയത്. ഇവര്‍ ദിവസങ്ങളായി പട്ടിണിയിലായിരുന്നു. മൂന്നു മുറിയും അടുക്കളയുമുള്ള ഇടിഞ്ഞുവീഴാറായ വീട്ടില്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. മുറികള്‍ നിറയെ പഴയ സാധനങ്ങള്‍കൊണ്ട് നിറച്ചിരുന്നു. തറയില്‍ കുപ്പി മുറികള്‍ മുതല്‍ വിവിധ മാലിന്യങ്ങള്‍ വരെ. വര്‍ഷങ്ങള്‍ പഴക്കമുള്ള ഭക്ഷണസാധനങ്ങളും കാര്‍ഷിക വിളകളും ചാക്കിലും അല്ലാതെയും തറയില്‍ കിടപ്പുണ്ടായിരുന്നു. ഒരു മുറി നിറയെ വിറകും മറ്റവശിഷ്ടങ്ങളും കൊണ്ട് നിറച്ചിരുന്നു. വീടിന് ചുറ്റും കാടുപിടിച്ച നിലയിലുമായിരുന്നു. ദ്രവിച്ചുവീഴാറായ കട്ടിലിലായിരുന്നു കിടപ്പ്. വീട്ടില്‍ ഭക്ഷണം പാകംചെയ്യാറില്ലായിരുന്നു. ഇടക്ക് എപ്പോഴെങ്ങാനും പുറത്തിറങ്ങുമ്പോള്‍ എന്തെങ്കിലും കഴിച്ചെങ്കിലായി. വീടും പരിസരവും കാടുപിടിച്ച് കിടക്കുന്നതിനാല്‍ തങ്ങള്‍ക്ക് ഇഴജന്തുക്കളുടെ ശല്യം ഉണ്ടാകുന്നതായി കാണിച്ച് അയല്‍വാസി ഗ്രാമപഞ്ചായത്തില്‍ അടുത്തിടെ പരാതി നല്‍കിയിരുന്നു. ഇതത്തേുടര്‍ന്ന് വീട് വൃത്തിയാക്കാന്‍ വെള്ളിയാഴ്ച 25ഓളം വരുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇവിടെ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ചകള്‍ കണ്ടത്. വീട്ടിനുള്ളിലേക്ക് കടക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ഒടുവില്‍ അവര്‍ വൃത്തിയാക്കാന്‍ തീരുമാനിച്ചു. പാമ്പടക്കമുള്ള വിഷജന്തുക്കള്‍ ഇഴഞ്ഞുവരുന്നത് കണ്ട് പലരും ഭയന്നോടി. കട്ടിലിന്നടിയില്‍ ചെറിയ പൊതികള്‍ കണ്ട് പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ രണ്ട് ലക്ഷത്തി നാല്‍പതിനായിരത്തോളം രൂപയും കണ്ടത്തെി. നോട്ടുകള്‍ പലതും ചിതലരിച്ച നിലയിലുമായിരുന്നു. കൂട്ടത്തില്‍ ഡോളറുകളുമുണ്ടായിരുന്നു. ശനിയാഴ്ച നടന്ന വൃത്തിയാക്കലിനിടെയും നാല്‍പത്തിനാലായിരം രൂപയും ഒരു വള, മോതിരം, ഒരു ജോഡി കമ്മല്‍, സ്വര്‍ണക്കുരിശ്്, കുറെ നാണയങ്ങള്‍ എന്നിവയും കിട്ടി. ഇവയും ബാങ്കില്‍ ഏല്‍പിച്ചിട്ടുണ്ട് . ഭര്‍ത്താവ് പത്തനംതിട്ട കത്തോലിക്കേറ്റ് കോളജിലെ ജീവനക്കാരനായിരുന്നു. ഭര്‍ത്താവിന്‍െറ മരണത്തെ തുടര്‍ന്ന് പെന്‍ഷന്‍ വാങ്ങുന്നത് ഇവരാണ്. ഈ പെന്‍ഷന്‍ തുകയായിരിക്കാമിതെന്ന് കരുതുന്നു. എന്നാല്‍, ഇടക്ക് പരസ്പര വിരുദ്ധമായി പലതും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഇവര്‍ക്ക് നേരത്തേ എസ്.ബി.ടിയില്‍ തൂപ്പു ജോലിയുണ്ടായിരുന്നു. ഒരു മകള്‍ ഡല്‍ഹിയില്‍ ഉള്ളതായും പറയുന്നു. കണ്ടെടുത്ത പണം ഓമല്ലൂര്‍ എസ്.ബി.ടിയില്‍ അന്നമ്മയുടെ പേരില്‍ നിക്ഷേപിച്ചിട്ടുണ്ട്. മറ്റു ചില ബാങ്കുകളിലും ഇവര്‍ക്ക് നിക്ഷേപമുള്ളതായി സംശയിക്കുന്നുണ്ട് . തൊട്ടടുത്ത് അയല്‍വാസികള്‍ ഉണ്ടെങ്കിലും ആരുമായും ഇവര്‍ക്ക് അടുപ്പമില്ല. വീട്ടിലേക്ക് ആരെയും അടുപ്പിക്കാറുമില്ലായിരുന്നു.15 വര്‍ഷം മുമ്പ് ഈ വീടിന് തീപിടിച്ചതാണെന്നും നാട്ടുകാര്‍ പറയുന്നു. വീടും പരിസരവും വൃത്തിയാക്കുന്നത് ശനിയാഴ്ചയും പൂര്‍ത്തിയായിട്ടില്ല. ഇനിയും ഒരു ദിവസം കൂടി വേണമെന്നാണ് കുടുംബശ്രീക്കാര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.