പന്തളം: കുറുന്തോട്ടയം പാലത്തിന്‍െറ സമാന്തരപാതയിലൂടെ ആംബുലന്‍സുകള്‍ക്ക് കടന്നുപോകാനുള്ള അനുമതി പൊലീസ് നിഷേധിച്ചതായി പരാതി. കുറുന്തോട്ടയം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ഗതാഗത പുനക്രമീകരണമുണ്ടാക്കിയപ്പോള്‍ ആംബുലന്‍സുകള്‍ക്ക് സമാന്തരപാതയിലൂടെ കടന്നുപോകുന്നതിന് അനുമതി നല്‍കിയിരുന്നു. ഈ അനുമതിയാണ് വ്യാഴാഴ്ച വൈകീട്ട് മുതല്‍ പൊലീസ് മുന്നറിയിപ്പില്ലാതെ നിഷേധിച്ചതായി പരാതി ഉയരുന്നത്. സമാന്തരപാതയിലൂടെ ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ആംബുലന്‍സുകള്‍ക്കും മാത്രമാണ് പ്രവേശമുണ്ടായിരുന്നത്. മറ്റു വാഹനങ്ങള്‍ക്ക് പ്രവേശം അനുവദിക്കാതിരിക്കാന്‍ പൊലീസിനെ ഡ്യൂട്ടിയിലും നിയോഗിച്ചിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ പൊലീസ് ഡ്യൂട്ടി ഇല്ലാതാകുന്നതോടെ നിയന്ത്രണവേലി നീക്കംചെയ്ത് വലിയ വാഹനങ്ങള്‍ കടന്നുപോകുന്നത് പലപ്പോഴും പ്രകോപനങ്ങള്‍ക്ക് കാരണമായിരുന്നു. മന്ത്രിവാഹനങ്ങള്‍ വരെ പൊലീസ് എസ്കോര്‍ട്ടോടെ ഇതുവഴി കടന്നുപോയിരുന്നു. വൈകുന്നേരങ്ങളില്‍ തിരക്കുള്ള സമയത്ത് വലിയ വാഹനങ്ങള്‍ ഇതുവഴി കടന്നുവരുന്നത് ഗതാഗതക്കുരുക്കിനും തര്‍ക്കങ്ങള്‍ക്കും കാരണമായിരുന്നു. ബുധനാഴ്ച വൈകീട്ടും ഇവിടെ സംഘര്‍ഷമുണ്ടായി. ഇതോടെയാണ് ഇതുവഴിയുള്ള ഇരുചക്രവാഹനങ്ങള്‍ ഒഴികെയുള്ള ഗതാഗതം നിരോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇതനുസരിച്ച് സമാന്തര റോഡില്‍ സ്ഥിരം നിയന്ത്രണ വേലിയും നിര്‍മിച്ചു. സമാന്തര റോഡിലൂടെ ആംബുലന്‍സുകളുടെ പ്രവേശം നിരോധിച്ചത് വ്യാപക പ്രതിഷേധത്തിന് കാരണമാവുകയാണ്. അന്യസ്ഥലങ്ങളില്‍നിന്ന് വരുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഗതാഗത ക്രമീകരണത്തെ സംബന്ധിച്ച് വ്യക്തതയില്ല. ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്ന പാതകളാകെ തകര്‍ന്ന് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട നിലയിലാണ്. ഈ റോഡുകളിലൂടെ അത്യാസന്ന നിലയിലുള്ള രോഗികളുമായി ആംബുലന്‍സ് പോകുന്നത് അപകടം ക്ഷണിച്ചുവരുത്താനേ കാരണമാകൂ. ജില്ലാ കലക്ടര്‍, എം.എല്‍.എ, ആര്‍.ഡി.ഒ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനമനുസരിച്ചാണ് ആംബുലന്‍സുകള്‍ക്ക് സമാന്തര പാതയിലൂടെ ഗതാഗതം അനുവദിച്ചത്. ഇത് ഏകപക്ഷീയമായി നിഷേധിച്ച പൊലീസ് നടപടിക്കെതിരെ വരും ദിവസങ്ങളില്‍ വ്യാപക പ്രതിഷേധമുയരാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.