പത്തനംതിട്ട: മഴക്കാല രോഗങ്ങള്‍ പടരുമ്പോള്‍ ജില്ലാ ആസ്ഥാനത്തെ ജനറല്‍ ആശുപത്രി ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്സുമാരും ഇല്ലാതെ ദയനീയാവസ്ഥയില്‍. ഓര്‍ത്തോ, ത്വക്, രക്തബാങ്ക്, ശ്വാസകോശ രോഗം, ഇ.എന്‍.ടി എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ ഒഴിവ് മാസങ്ങളായി നിലനില്‍ക്കുന്നു. നഴ്സുമാരുടെ നിരവധി ഒഴിവുള്ളപ്പോള്‍ ചൊവ്വാഴ്ച നഴ്സ്, നഴ്സിങ് അസിസ്റ്റന്‍റ് ഉള്‍പ്പെടെ ആറുപേരാണ് ഇവിടെ നിന്ന് വിരമിക്കുന്നത്. ഇതോടെ പ്രതിസന്ധി ഗുരുതരമാകുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പുതിയ നിയമനങ്ങള്‍ നടന്നിട്ട് ഏറെ നാളാകുന്നു. ഡെങ്കി, എലിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം തുടങ്ങിയവ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇതില്‍ ഡെങ്കിപ്പനിയാണ് കൂടുതല്‍ പേരില്‍ കണ്ടുവരുന്നത്. മഴക്കാലപൂര്‍വ ശുചീകരണവും കൊതുക് നശീകരണവുമൊക്കെ അവതാളത്തിലായതോടെയാണ് രോഗങ്ങള്‍ പെരുകുന്നത്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതി ഏറെ പരിതാപകരമാണ്. ജില്ലയില്‍ അഞ്ചുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇലന്തൂരില്‍ മൂന്ന്, ചെറുകോല്‍, പ്രമാടം ഓരോന്നു വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നാലുപേരുടെ രക്തസാമ്പ്ളുകള്‍ പരിശോധനക്ക് ശേഖരിച്ചിട്ടുണ്ട്. എലിപ്പനിയും വ്യാപകമാകാന്‍ തുടങ്ങിയിട്ടുണ്ട്. കോന്നിയില്‍ രണ്ടുപേര്‍ക്കും ആങ്ങമൂഴിയില്‍ ഒരാളും എലിപ്പനി പിടിപെട്ട് ചികിത്സയിലാണ്. ഡെങ്കിപ്പനി ഉള്‍പ്പെടെ വിവിധ രോഗങ്ങള്‍ ബാധിച്ച് നിത്യവും നൂറുകണക്കിന് രോഗികളാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി എത്തുന്നത്. പുതുതായി ആരംഭിച്ച പക്ഷാഘാത ചികിത്സാ യൂനിറ്റ് പ്രവര്‍ത്തിക്കണമെങ്കില്‍ നഴ്സുമാരും മറ്റ് ജീവനക്കാരും അത്യാവശ്യമാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഇവിടെ എത്തുന്ന രോഗികളെ മെഡിക്കല്‍ കോളജിലേക്കും മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും പറഞ്ഞുവിടുകയാണ്. ഡയാലിസിസ് യൂനിറ്റിന്‍െറ പ്രവര്‍ത്തനവും താളംതെറ്റി. ഇവിടെയും ആവശ്യത്തിന് ജീവനക്കാരില്ല. ഫാര്‍മസി, എക്സ്റേ, സ്കാനിങ് വിഭാഗങ്ങളിലും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതുകാരണം പ്രവര്‍ത്തനം ഇടക്കിടെ മുടങ്ങുന്നുണ്ട്. രക്തബാങ്ക് മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടും ആവശ്യത്തിന് ചികിത്സാസൗകര്യം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.