ജില്ലയില്‍ പ്ളസ് വണിന് അപേക്ഷിക്കുന്നവര്‍ക്ക് മുഴുവന്‍ പ്രവേശം ലഭിച്ചേക്കും പത്തനംതിട്ട: ജില്ലയില്‍ പ്ളസ് വണിന് അപേക്ഷിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശം ലഭിച്ചേക്കും.

ജില്ലയില്‍ പ്ളസ് വണിന് മൊത്തം സീറ്റുകള്‍ 15058 ആണ്. ജില്ലയില്‍ തിങ്കളാഴ്ചവരെ 17315 പേര്‍ അപേക്ഷിച്ചിട്ടുണ്ട്. ഇതില്‍ 15191 പേരാണ് കേരള സിലബസില്‍ ഉള്ളവര്‍. 1654 പേര്‍ സി.ബി.എസ്.ഇ, 258 പേര്‍ ഐ.സി.എസ്.ഇ, 212 പേര്‍ മറ്റുള്ളവരുമാണ്. സംസ്ഥാനത്തെ ഏറ്റവും കുറവ് അപേക്ഷകരുള്ള ജില്ലകളില്‍ മൂന്നാം സ്ഥാനത്താണ് പത്തനംതിട്ട. ഒന്ന് വയനാടും രണ്ടു ഇടുക്കിയുമാണ്. സംസ്ഥാനത്ത് ഇതുവരെ 4,91,453 പേര്‍ പ്ളസ് വണിന് അപേക്ഷിച്ചിട്ടുണ്ട്. ജില്ലയില്‍നിന്ന് ഇക്കുറി 12318 പേരാണ് എസ്.എസ്.എല്‍.സിക്ക് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. സി.ബി.എസ്.ഇ ഫലം രണ്ടു ദിവസം മുമ്പാണ് വന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇക്കാര്‍ കൂടി അപേക്ഷിച്ചാലും സീറ്റുകള്‍ തികയുമെന്നാണ് നിഗമനം. കഴിഞ്ഞ 20 മുതലാണ് പ്ളസ് വണ്‍ ഏകജാലക പ്രവേശ നടപടികള്‍ ഓണ്‍ലൈന്‍ വഴി ആരംഭിച്ചത്. ഏപ്രില്‍ 27നായിരുന്നു എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം. വിജയശതമാനത്തില്‍ ജില്ല ഇക്കുറി ഒന്നാം സ്ഥാനത്തായിരുന്നു. സി.ബി.എസ്.ഇ ഫലം കഴിഞ്ഞദിവസമാണ് വന്നത്. അവര്‍ക്ക് കൂടി അപേക്ഷിക്കാന്‍ സമയം നീട്ടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വെബ്പോര്‍ട്ടല്‍ വഴി ജൂണ്‍ രണ്ടുവരെ അപേക്ഷ നല്‍കാനാണ് നേരത്തേ നിശ്ചയിച്ചിട്ടുള്ളത്. സൈറ്റിലെ ചില തകരാറുകള്‍ കാരണം അപേക്ഷിക്കുന്നതിന് ഇടക്ക് ചില തകരാറുകള്‍ ഉണ്ടായത് കുട്ടികളെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാല്‍, ഈ തകരാര്‍ വേഗത്തില്‍ പരിഹരിക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചവരെ 14763 കുട്ടികള്‍ പ്ളസ് വണ്‍ പ്രവേശത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. കുറെ കുട്ടികള്‍ പോളിടെക്നിക്, ഐ.ടി.ഐ മേഖലകളിലേക്കും തിരിയും. പത്തനംതിട്ട ജില്ലയില്‍ മൊത്തം 96 സ്കൂളുകളാണുള്ളത്. ഇതില്‍ 32 സര്‍ക്കാര്‍ സ്കൂളുകളും 44 എണ്ണം എയ്ഡഡ് സ്കൂളുകളുമാണ്. 15 എണ്ണം ആണ് എയ്ഡഡ് സ്കൂളുകളാണ്. രണ്ട് സ്പെഷല്‍ സ്കൂളുമുണ്ട്. ജില്ലയില്‍ എല്ലാ പഞ്ചായത്തിലും ഹയര്‍സെക്കന്‍ഡറി സ്കൂളുകളുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഈ സ്കൂളുകളില്‍ പ്രവേശ നടപടി പൂര്‍ത്തിയായപ്പോള്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. കൂടുതല്‍ പേരും സയന്‍സ് ബാച്ചിലേക്കാണ് അപേക്ഷിക്കുന്നത്. ഹ്യുമാനിറ്റീസ്, കോമേഴ്സ് സീറ്റുകളിലാണ് കൂടുതല്‍ ഒഴിവ് വരുന്നത്. ഒരു ഡിവിഷന്‍ തികക്കാന്‍പോലും പല സ്കൂളുകളിലും കുട്ടികളെ കിട്ടാനുമില്ലാത്ത സ്ഥിതിയാണ്. ഒരു ബാച്ചില്‍ 40 കുട്ടികളാണ് വേണ്ടത്. 2014ല്‍ ജില്ലയിലെ 17 സ്കൂളുകളില്‍ കൂടിയാണ് പുതിയ ഹയര്‍ സെക്കന്‍ഡറി അനുവദിച്ചത്. ഹയര്‍സെക്കന്‍ഡറി ഇല്ലാത്ത പഞ്ചായത്തുകളിലായിരുന്നു പുതിയ സ്കൂളുകള്‍ അനുവദിച്ചിരുന്നത്. പുതുതായി അനുവദിച്ച സ്കൂളുകളില്‍ പലതിനും അടിസ്ഥാനസൗകര്യം ആയിട്ടില്ല. ട്രയല്‍ അലോട്ട്മെന്‍റ് ജൂണ്‍ ഒമ്പതിനാണ്. ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ 16നുമാണ്. അലോട്ട്മെന്‍റുകള്‍ ജൂണ്‍ 27ന് അവസാനിക്കും. ജൂണ്‍ 30ന് ക്ളാസ് ആരംഭിക്കും. സപ്ളിമെന്‍ററി അലോട്ട്മെന്‍റ് ജൂലൈ എട്ടു മുതലാണ്. ആഗസ്റ്റ് ഒമ്പതിന് പ്രവേശ നടപടി അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.