കോഴഞ്ചേരി: അധ്യയനവര്‍ഷം ആരംഭിക്കുംമുമ്പേ സ്കൂള്‍ പരിസരങ്ങളില്‍ മയക്കുമരുന്ന് ശേഖരിക്കുന്നു. കോഴഞ്ചേരി, ആറന്മുള, അയിരൂര്‍, ചെറുകോല്‍, ഇലന്തൂര്‍ പഞ്ചായത്തുകളില്‍ ഇത്തരം നിരവധി സംഘങ്ങള്‍ ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണെങ്കിലും പൊലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടി ഉണ്ടാകുന്നില്ല. മലയോര മേഖലയില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന കഞ്ചാവിന് പുറമെ നിരവധി നിരോധിത പുകയില ഉല്‍പന്നങ്ങളും ഈ മേഖലകളില്‍ സുലഭമാണ്. പച്ചക്കറി, വിറക്, കന്നുകാലികള്‍ തുടങ്ങി വിവിധയിനം സാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങളിലാണ് നിരോധിത മയക്കുമരുന്നുകള്‍ എത്തിക്കുന്നത്. പലയിടത്തും ഇത് പരസ്യമായിതന്നെയാണ് ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിക്കുന്നത്. ഇവരാണ് സ്കൂള്‍ പരിസരങ്ങളിലും മറ്റ് ആവശ്യക്കാര്‍ക്കും കൈമാറുന്നത്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന്‍െറ കിഴക്കേ നടയില്‍ വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് ചെറുകിടക്കാര്‍ക്ക് കൈമാറ്റം ചെയ്യുന്നതായി പരാതിയുണ്ട്. പച്ചക്കറികളുമായി എത്തുന്ന വാഹനങ്ങളിലാണ് വലിയ പൊതികളാക്കി സാധനം കൊണ്ടുവരുന്നത്. ഇത് ചെറുകിട വ്യാപാരികള്‍ക്ക് ഈ ഭാഗങ്ങളില്‍വെച്ച് നല്‍കുകയാണ് പതിവ്. ആറന്മുള സ്കൂളിന്‍െറ ഇടവഴികളില്‍ ഇത്തരം സാധനങ്ങളുമായി ചിലരെ നേരത്തെ കണ്ടത്തെിയിരുന്നു. അയിരൂര്‍ ചെറുകോല്‍പ്പുഴ നീലംപ്ളാവ് പരിസരവും വൈകുന്നേരമാകുമ്പോള്‍ ലഹരികേന്ദ്രമായിമാറും. ഇതിന് സമീപമുള്ള സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും ഇവ വില്‍ക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഇത്തരം മയക്കുമരുന്നുവാഹകരെ പിടികൂടിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. പ്രശ്നം ഒത്തുതീര്‍ക്കാന്‍ രക്ഷിതാക്കളും സ്കൂള്‍ അധികൃതരും ശ്രമിച്ചതോടെ ലഹരിവില്‍പനക്കാരും രക്ഷപ്പെട്ടു. കോഴഞ്ചേരി പഴയതെരുവ്, ചന്തക്കടവ്, പ്രൈവറ്റ് സ്റ്റാന്‍ഡും പരിസരവും, പഞ്ചായത്ത് ഓഫിസ് റോഡ്, തെക്കേമല എന്നിവിടങ്ങളിലും ഇത്തരം ഉല്‍പന്നങ്ങളുടെ വില്‍പനക്കാര്‍ നിലവിലുണ്ട്. സ്കൂള്‍ തുറക്കുന്ന സമയത്ത് നടത്തുന്ന റെയ്ഡ് ഒഴിച്ചാല്‍ പിന്നീട് ഒരു നടപടിയും ഇക്കാര്യത്തില്‍ ഉണ്ടാവാറില്ല. ഇലന്തൂര്‍ പട്ടികജാതി കോളനിക്ക് സമീപം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റോഡിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഏത് സമയത്തും കഞ്ചാവ് ലഭ്യമാകും. മൊത്ത-ചില്ലറ വില്‍പനക്കാര്‍ ഇവിടെ സജീവമാണ്. നെല്ലിക്കാല ജങ്ഷന്‍, കാരംവേലി സ്കൂള്‍ പരിസരം, തുണ്ടഴം എന്നിവിടങ്ങളിലും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളും പുകയില ഉല്‍പന്നങ്ങളും ലഭ്യമാണ്. സ്കൂള്‍ പരിസരങ്ങള്‍ ലഹരിമുക്തമാക്കണമെന്ന് ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ല. പുതിയ അധ്യയനവര്‍ഷത്തിലും ഇതുതന്നെയായിരിക്കും സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.