കുണ്ടോംവെട്ടത്ത് മലനട ഡി.എല്‍.സി എക്സ്ചേഞ്ച് നാട്ടുകാര്‍ക്ക് വിനയാകുന്നു

അടൂര്‍: യഥാസമയം ബില്‍ അടക്കണം, ഇല്ളെങ്കില്‍ ടെലിഫോണ്‍ ബന്ധം വിച്ഛേദിക്കും. പക്ഷേ, അത്യാവശ്യത്തിന് ഒരാളെ വിളിക്കാന്‍ റിസീവര്‍ എടുത്താല്‍ ‘നോ രക്ഷ’. ഇന്‍റര്‍നെറ്റില്‍ അല്‍പം ബ്രൗസ് ചെയ്യാമെന്ന് വിചാരിച്ചാലും നടക്കില്ല. ഇതാണ് കുണ്ടോംവെട്ടത്ത് മലനട ടെലിഫോണ്‍ എക്സ്ചേഞ്ച്. കടമ്പനാട് ടെലിഫോണ്‍ എക്സ്ചേഞ്ച് പരിധിയിലെ മറ്റു ഡി.എല്‍.സി (ഡിജിറ്റല്‍ ലൂപ് കാരിയര്‍) എക്സ്ചേഞ്ചുകള്‍ക്ക് ശാപമോക്ഷമായിട്ടും കുണ്ടോംവെട്ടത്ത് മലനടയില്‍ പണ്ടത്തേതിന്‍െറ പിന്നത്തേതാണ് അവസ്ഥ. കിളിവയല്‍, തൂവയൂര്‍ തെക്ക്, മണ്ണടി മുടിപ്പുര എന്നിവിടങ്ങളിലായിരുന്നു ഡി.എല്‍.സി ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ ഇതോടൊപ്പം ഉണ്ടായിരുന്നത്. ഇവിടങ്ങളിലും ടെലിഫോണുകള്‍ പ്രവര്‍ത്തിക്കുന്നത് അപൂര്‍വദിനങ്ങളില്‍ മാത്രമായിരുന്നു. നാട്ടുകാരുടെ നിരന്തരപരാതിയെ തുടര്‍ന്ന് ഈ എക്സ്ചേഞ്ചുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് സൗകര്യമൊരുക്കി. കുണ്ടോംവെട്ടത്തുമലനട എക്സ്ചേഞ്ച് പരിധിയില്‍ കടമ്പനാട് വടക്ക്, ചക്കൂര്‍, മുള്ളങ്കോണം, തോപ്പില്‍ കിഴക്കേക്കര എന്നിവിടങ്ങളിലെ ടെലിഫോണുകള്‍ മിക്കപ്പോഴും തകരാറിലാണ്. അടൂരിലും മറ്റു സ്ഥലങ്ങളിലും നടക്കുന്ന ബി.എസ്.എല്‍.എല്‍ മേളയില്‍ ഏറ്റവും കൂടുതല്‍ പരാതി കുണ്ടോംവെട്ടത്ത് മലനട ഡി.എല്‍.സി എക്സ്ചേഞ്ചിനെ പറ്റിയാണ്. ഡി.എല്‍.സിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാമെന്ന ബി.എസ്.എന്‍.എല്‍ അധികൃതരുടെ മറുപടി പ്രാവര്‍ത്തികമാകാറില്ളെന്നു മാത്രം. 315 കണക്ഷനുണ്ടായിരുന്ന ഈ എക്സ്ചേഞ്ച് പരിധിയിലെ നൂറിലേറെ ഉപഭോക്താക്കള്‍ ഫോണുകള്‍ ബി.എസ്.എന്‍.എല്‍ അധികൃതര്‍ക്ക് തിരികെ നല്‍കി മറ്റു സ്വകാര്യ കമ്പനികളുടെ കണക്ഷന്‍ എടുത്തു. 10 വര്‍ഷം മുമ്പാണ് ഇവിടെ ഡി.എല്‍.സി എക്സ്ചേഞ്ച് ആരംഭിച്ചത്. അന്നുമുതല്‍ ഇവിടുത്തെ ഉപഭോക്താക്കളുടെ കഷ്ടകാലവും തുടങ്ങി. മുമ്പ് ഒരു ലൈന്‍മാനും സെക്യൂരിറ്റി ജീവനക്കാരനും ഉണ്ടായിരുന്നു. ലൈന്‍മാന്‍ ഉണ്ടെങ്കിലും താല്‍ക്കാലിക ജീവനക്കാരനാണ് അറ്റകുറ്റപ്പണി നടത്തുന്നത്. എക്സ്ചേഞ്ച് മിക്കപ്പോഴും അടഞ്ഞുകിടക്കുകയാണ്. പരാതികള്‍ പറഞ്ഞാല്‍ ആഴ്ചകള്‍ കഴിഞ്ഞാണ് ശരിയാക്കുന്നത്. മഴയിലും മിന്നലുണ്ടായാലും ടെലിഫോണുകളും ബ്രോഡ്ബാന്‍ഡും പ്രവര്‍ത്തിക്കില്ളെന്ന അവസ്ഥയാണ് ഇവിടെയുള്ളത്. ബാറ്ററിയുണ്ടെങ്കിലും അരമണിക്കൂര്‍പോലും പ്രവര്‍ത്തിക്കില്ല. ഇവിടെ നേരത്തേ ഉണ്ടായിരുന്ന ഉപകരണങ്ങള്‍ മാറ്റി പഴയതു സ്ഥാപിച്ചതായും ആരോപണമുണ്ട്. ഡി.എല്‍.സി എക്സ്ചേഞ്ചിന്‍െറ വികസനകാര്യത്തില്‍ അധികൃതര്‍ താല്‍പര്യം കാട്ടാത്തത് സ്വകാര്യ ഫോണ്‍ കമ്പനികള്‍ക്ക് സഹായകമാകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.