അടൂര്‍: ആവേശം ആകാശത്തോളമുയര്‍ന്ന കൊട്ടിക്കലാശത്തിനിടെ അടൂരില്‍ സംഘര്‍ഷം; രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം എസ്.എ.പിയിലെ വിനോദ്(28), രതീഷ്(32)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ ബി.ജെ.പി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍െറ കിഴക്കുഭാഗം കൈയടക്കി. എല്‍.ഐ.സി ഓഫിസിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മണ്ണുമാന്തിയന്ത്രം ആദ്യമേ എത്തിച്ചു. കിഴക്കുഭാഗത്ത് സിഗ്നല്‍ലൈറ്റിന് മുന്നില്‍ റോഡിലായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും മണ്ണുമാന്തിയന്ത്രം കൊണ്ടിട്ടു. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പടിഞ്ഞാറ് ഭാഗത്ത് നിലയുറപ്പിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥികളുടെ കട്ടൗട്ടറുകളും കൊടികളും ആകാശത്തേക്കുയര്‍ത്തി മുദ്രാവാക്യംവിളിച്ചു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചായം വാരിവിതറി. ഇതിനിടെ യു.ഡി.എഫ് പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരുമായി ഉന്തുംതള്ളും ഉണ്ടായി. പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് മര്‍ദനമേറ്റു. തുടര്‍ന്ന് അടൂര്‍ ഡിവൈ.എസ്.പി റഫീക്കിന്‍െറ നേതൃത്വത്തിലുള്ള പൊലീസും പാര്‍ട്ടിനേതാക്കളും ഇടപെട്ട് രംഗം ശാന്തമാക്കി. എന്‍.ഡി.എ സ്ഥാനാര്‍ഥി പി. സുധീറും യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ഷാജുവും മണ്ണുമാന്തിയന്ത്രത്തിന്‍െറ ബക്കറ്റില്‍ കയറിനിന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തപ്പോള്‍ ചിറ്റയം ഗോപകുമാര്‍ തുറന്ന ജീപ്പിലും നിന്നാണ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്. രണ്ടുതവണ ബി.ജെ.പി പ്രവര്‍ത്തകരും എല്‍.ഡി.എഫ് പ്രവര്‍ത്തകരും തമ്മില്‍ പരസ്പരം കൊടിക്കമ്പും ചെരിപ്പുമെറിഞ്ഞു. ഇതോടെ പൊലീസ് ഇരുവര്‍ക്കുമിടയില്‍ കൈകോര്‍ത്തുപിടിച്ചുനിന്നു. നേതാക്കളും പ്രവര്‍ത്തകരെ അനുനയിപ്പിച്ചെങ്കിലും അരമണിക്കൂറോളം പരസ്പരം ഏറ് നടന്നു. കൊട്ടിക്കലാശത്തിനിടെ വിവിധ ഏറ്റുമുട്ടലുകളിലായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും, എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കോന്നി: തെരഞ്ഞെടുപ്പിന്‍െറ കൊട്ടിക്കലാശം കോന്നിയില്‍ കനത്ത മഴയത്തും ആവേശമായി. വൈകുന്നേരം മൂന്നോടെ എല്‍.ഡി.എഫിന്‍െറയും എന്‍.ഡി.എയുടെയും പ്രചാരണ വാഹനങ്ങള്‍ കോന്നി സെന്‍ട്രല്‍ ജങ്ഷനില്‍ ഒന്നിനുപുറകെ ഒന്നൊന്നായി നിലയുറപ്പിച്ചു. ഇതോടെ അണികള്‍ക്കിടയില്‍ ആവേശം അലതല്ലി. ഈ സമയം യു.ഡി.എഫിന്‍െറ ഒന്നോ രണ്ടോ വാഹനങ്ങള്‍ക്ക് മാത്രമാണ് സെന്‍ട്രല്‍ ജങ്ഷനില്‍ എത്താന്‍ കഴിഞ്ഞത്. കനത്ത മഴയത്തും മഴനനഞ്ഞാണ് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കലാശക്കൊട്ടില്‍ അണിചേര്‍ന്നത്. കലാശക്കൊട്ടിനിടയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. സനല്‍കുമാറിന്‍െറ തുറന്നവാഹനവും പൈലറ്റ് ജീപ്പും കടത്തിവിടാതെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പിന്നീട് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.