വിജയം ഉറപ്പിച്ചവരും പ്രതീക്ഷിച്ചവരും ആശങ്കയില്‍

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചപ്പോള്‍ ജില്ലയിലെ മുന്നണി സ്ഥാനാര്‍ഥികളെല്ലാം ആശങ്കയില്‍. ജില്ലയിലെ എല്ലാ സിറ്റിങ് എം.എല്‍.എമാരും വിജയം ഉറപ്പിച്ചാണ് കളത്തിലേക്ക് ഇറങ്ങിയത്. പ്രചാരണം അവസാനിക്കുമ്പോള്‍ അഞ്ചുപേരും ആത്മവിശ്വാസമില്ലാത്ത അവസ്ഥയിലാണ്. സ്ഥാനാര്‍ഥികളില്‍ ചുരുക്കം ചിലര്‍ക്ക് തുടങ്ങിയ സമയത്തെക്കാള്‍ വലിയനേട്ടം കൈവരിക്കാനായെങ്കിലും വിജയം ഉറപ്പിക്കുന്നവര്‍ ആരുമില്ല. പ്രതീക്ഷിച്ചതിനെക്കാള്‍ നേട്ടം കൈവരിച്ചു എന്ന് കരുതുന്നത് തിരുവല്ലയില്‍ യു.ഡി.എഫിലെ ജോസഫ് എം. പുതുശേരി, കോന്നിയില്‍ എല്‍.ഡി.എഫിലെ ആര്‍. സനല്‍കുമാര്‍, റാന്നിയില്‍ ബി.ഡി.ജെ.എസിലെ കെ. പത്മകുമാര്‍ എന്നിവരാണ്. വിജയിക്കുമോ എന്നുചോദിച്ചാല്‍ എല്ലാവരുടെയും മറുപടി തീര്‍ച്ചയായും എന്നാണ്. യഥാര്‍ഥത്തില്‍ എല്ലാവരും വിജയകാര്യത്തില്‍ ഉള്ളില്‍ ആശങ്കപ്പെടുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞ വേളയില്‍ തിരുവല്ലയില്‍ കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍ ഇടങ്കോലിട്ടതുമുതല്‍ ജോസഫ് എം. പുതുശേരി ആശങ്കയിലായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നണിയില്‍ ഐക്യം സാധ്യമാക്കി പ്രചാരണത്തില്‍ സജീവമായതോടെ നാള്‍ക്കുനാള്‍ പുതുശേരിയുടെ ആത്മവിശ്വാസം ഏറുകയായിരുന്നു. പ്രചാരണം അവസാനിച്ചപ്പോള്‍ പ്രധാന എതിരാളി എല്‍.ഡി.എഫിലെ മാത്യു ടി. തോമസിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ പുതുശേരിക്കായി. ഇപ്പോള്‍ തിരുവല്ലയില്‍ ആര്‍ക്ക് മുന്‍തൂക്കം എന്നത് പ്രവചിക്കാനാവാത്ത സ്ഥിതിയാണ്. ജില്ലയില്‍ ഏറ്റവും കടുത്ത മത്സരം നടക്കുന്ന മണ്ഡലമായി തിരുവല്ല മാറിയിട്ടുണ്ട്. ആറന്മുളയില്‍ വലിയ ആത്മവിശ്വാസവുമായാണ് യു.ഡി.എഫിലെ കെ. ശിവദാസന്‍ നായര്‍ മത്സരത്തിന് ഇറങ്ങിയത്. എതിരാളി വീണ ജോര്‍ജിനെതിരെ സ്വന്തം പാര്‍ട്ടിക്കാര്‍ കലാപമുയര്‍ത്തിയതോടെ ശിവദാസന്‍ നായരുടെ പ്രതീക്ഷ വാനോളമുയര്‍ന്നിരുന്നു. പ്രചാരണം അവസാനിച്ചപ്പോള്‍ ജയം വീണക്കാകുമോ എന്ന കടുത്ത ആശങ്കയിലാണ് യു.ഡി.എഫ് ക്യാമ്പ്. റാന്നിയില്‍ വിജയമുറപ്പിച്ചാണ് രാജു എബ്രഹാം കളത്തിലിറങ്ങിയത്. മുഖ്യ എതിരാളി യു.ഡി.എഫിലെ മറിയാമ്മ ചെറിയാനും തനിക്ക് ദോഷം വരില്ളെന്ന വിചാരവുമായാണ് പത്രിക നല്‍കിയത്. ഇവര്‍ ഇരുവരെയും ഞെട്ടിച്ച പ്രകടനമാണ് ബി.ഡി.ജെ.എസിലെ കെ. പത്മകുമാര്‍ കാഴ്ചവെച്ചത്. ഇപ്പോള്‍ ഇവര്‍ മൂന്നു പേരും വിജയം അവകാശപ്പെടുന്നു. രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം പറയാന്‍ മൂവര്‍ക്കും കഴിയുന്നില്ല. സംസ്ഥാനത്താകെ ചര്‍ച്ചയായതാണ് കോന്നിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി അടൂര്‍ പ്രകാശിനെ നിശ്ചയിക്കുന്നതിനെ ചൊല്ലി ഉണ്ടായ വിവാദം. കളങ്കിതന്‍ എന്ന ആരോപണം സ്വന്തം പാര്‍ട്ടിക്കാരില്‍നിന്നുതന്നെ ഏറ്റുവാങ്ങിക്കൊണ്ടാണ് അടൂര്‍ പ്രകാശ് മത്സരത്തിലേക്കിറങ്ങിയത്. ഈ വിവാദം ഉയരും മുമ്പാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.എമ്മിലെ ആര്‍. സനല്‍കുമാറിനെ അവര്‍ തീരുമാനിച്ചത്. തുരുവല്ലക്കാരനായ സനല്‍കുമാറിനെ കോന്നിയില്‍ നിര്‍ത്തുന്നതിനെതിരെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കലാപം ഉയര്‍ത്തിയിരുന്നു. ശക്തനായ അടൂര്‍ പ്രകാശിനോട് പേരിനൊരു മത്സരം കാഴ്ചവെക്കാനെ സനല്‍കുമാറിന് കഴിയൂ എന്നാണ് അന്ന് എല്ലാവരും കരുതിയത്. സ്വന്തം പാര്‍ട്ടിക്കാര്‍ അഴിമതി ആരോപണം ഉന്നയിച്ചതിന്‍െറ കേടുപാടില്‍നിന്ന് പൂര്‍ണമായും കരകയറാന്‍ പ്രചാരണം അവസാനിക്കുമ്പോഴും അടൂര്‍ പ്രകാശിന് കഴിഞ്ഞിട്ടില്ല. സനല്‍കുമാറും അടൂര്‍ പ്രകാശും തമ്മില്‍ ആറും നൂറും എന്ന നിലയിലായിരിക്കും വോട്ടുനില എന്നാണ് പലരും കരുതിയിരുന്നതെങ്കിലും അവസാന ചിത്രം വിജയകാര്യത്തെ ചൊല്ലി കോന്നിയില്‍ യു.ഡി.എഫ് ക്യാമ്പ് കടുത്ത ആശങ്കപ്പെടുന്നതാണ്. അടൂരില്‍ എല്‍.ഡി.എഫിലെ ചിറ്റയം ഗോപകുമാറും യു.ഡി.എഫിലെ കെ.കെ. ഷാജുവും തമ്മില്‍ തുടക്കംമുതല്‍ കടുത്ത മത്സരമാണ് നടക്കുന്നത്. അതില്‍ മാറ്റംമറിച്ചിലുകള്‍ പ്രചാരണം അവസാനിക്കുമ്പോഴും ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.