തിരുവല്ല: റവന്യൂ ഡിവിഷന്‍ പരിധിയില്‍ അനധികൃതമായി നിലം നികത്തുന്നതും മണ്ണ് കടത്തിക്കൊണ്ടു പോകുന്നതും തടയുന്നതിന് സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടപടി സ്വീകരിച്ചു. കുറ്റൂര്‍ വില്ളേജില്‍ സര്‍വേ നമ്പര്‍ 71/1ല്‍പെട്ട പുറമ്പോക്ക് തോട്ടിലും റോഡ് പുറമ്പോക്കിലുമായി അനധികൃതമായി നിക്ഷേപിച്ച മണ്ണ് സബ് കലക്ടറുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. നീക്കം ചെയ്ത മണ്ണ് റോയല്‍റ്റി ഒടുക്കി കെ.എസ്.ടി.പിയുമായി ബന്ധപ്പെട്ട റോഡ് പണികള്‍ക്കായി കൊണ്ടുപോയി. കഴിഞ്ഞദിവസം തിരുവല്ല മുത്തൂരിലെ സ്വകാര്യ സ്കൂളിനോടു ചേര്‍ന്ന് അനധികൃത നിലം നികത്തലിന് ഉപയോഗിച്ചിരുന്ന ഒരു മണ്ണുമാന്തിയന്ത്രവും ടിപ്പര്‍ ലോറിയും റവന്യൂ ഡിവിഷനല്‍ ഓഫിസിലെ സ്ക്വാഡ് പൊലീസിന് കൈമാറിയിരുന്നു. അനധികൃതമായി നിക്ഷേപിച്ച മണ്ണ് സ്കൂള്‍ അധികൃതര്‍ സബ് കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്വന്തം ചെലവില്‍ നീക്കം ചെയ്യുകയായിരുന്നു. കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിന്‍െറ മറവില്‍ മാവേലിക്കര സ്വദേശിയുടെ പേരിലുള്ള സ്ഥലത്ത് അനധികൃത നിലം നികത്തലില്‍ ഏര്‍പ്പെട്ടിരുന്ന ടിപ്പര്‍ ലോറി തിരുവല്ല സബ് കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് വില്ളേജ് ഓഫിസര്‍ കസ്റ്റഡിയിലെടുക്കുകയും പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. സബ് കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ സ്ഥലത്ത് നിക്ഷേപിച്ച എണ്ണയും ടാറും കലര്‍ന്ന മണ്ണ് നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ടവര്‍ സ്വമേധയാ നടപടി തുടങ്ങി. നിലം നികത്തുന്ന സ്ഥലം ഉടമകള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളും നിലം പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് സബ് കലക്ടര്‍ അറിയിച്ചു. അനധികൃത നിലം നികത്തലില്‍ ഏര്‍പ്പെടുന്ന വാഹനങ്ങള്‍ കണ്ടുകെട്ടും. അനുമതിയില്ലാതെ പച്ചമണ്ണ് നീക്കുന്ന വസ്തു ഉടമകള്‍ക്കും വാഹനങ്ങള്‍ക്കും എതിരെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് ആക്ട്, കെ.എം.എം.സി റൂള്‍സ് പ്രകാരം നടപടിയെടുക്കും. തെരഞ്ഞെടുപ്പ് കാലത്ത് അനധികൃത നിലം നികത്ത്, മണ്ണ് കടത്ത് തടയുന്നതിന് കര്‍ശന നിരീക്ഷണം നടത്തണമെന്ന് എല്ലാ തഹസില്‍ദാര്‍മാര്‍ക്കും വില്ളേജ് ഓഫിസര്‍മാര്‍ക്കും സബ് കലക്ടര്‍ നിര്‍ദേശം നല്‍കി. അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് റവന്യൂ ഡിവിഷനല്‍ ഓഫിസില്‍ സൂപ്രണ്ട് ജി. ഉഷാകുമാരി, ജൂനിയര്‍ സൂപ്രണ്ട് കെ.എം. മുരളീധരന്‍ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.