സുരക്ഷ: 112 ബൂത്തുകളില്‍ വെബ്കാസ്റ്റിങ്

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ കൂടുതല്‍ പ്രശ്നസാധ്യതയുള്ള 91 ബൂത്തുകളും 21 പ്രശ്നസാധ്യതാ ബൂത്തുകളും ഉള്‍പ്പെടെ 112 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് നടത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറും കലക്ടറുമായ എസ്. ഹരികിഷോര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സുരക്ഷാ നടപടിക്രമങ്ങള്‍ വിലയിരുത്തുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്‍ നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആകെ 106 സെന്‍സിറ്റിവ് ബൂത്തുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 15 ഇടത്ത് ബി.എസ്.എന്‍.എല്‍ കണക്ടിവിറ്റി ഇല്ലാത്തതിനാല്‍ നിരീക്ഷണത്തിനായി ഒരു മൈക്രോ ഒബ്സര്‍വറെയും വിഡിയോഗ്രാഫറെയും നിയോഗിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളെയും അടൂര്‍, പത്തനംതിട്ട, തിരുവല്ല എന്നിങ്ങനെ മൂന്നു പൊലീസ് സബ് ഡിവിഷനുകളായി തിരിച്ച് സുരക്ഷ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചതായി ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ പറഞ്ഞു. പ്രശ്നസാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണവും പട്രോളിങ്ങും നടത്തിവരുകയാണ്. പട്രോളിങ്ങിനായി പ്രത്യേക ടീം രൂപവത്കരിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ ലഘുലേഖ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കും. സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലയില്‍ എത്തിയ കേന്ദ്ര സേനയുടെ സേവനം വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്‍െറ സുരക്ഷാ പദ്ധതി ജില്ലാ പൊലീസ് മേധാവി വിശദീകരിച്ചു. സുരക്ഷ സംബന്ധിച്ച് അലംഭാവവും മുന്‍വിധിയും പാടില്ളെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍െറ പൊലീസ് നിരീക്ഷകന്‍ പി.കെ. മിശ്ര നിര്‍ദേശിച്ചു. സമാധാനപൂര്‍ണ ജില്ലയെന്ന പത്തനംതിട്ടയുടെ പാരമ്പര്യം സംരക്ഷിക്കപ്പെടണം. മുമ്പ് തെരഞ്ഞെടുപ്പ് അതിക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെ മുന്‍കരുതല്‍ നടപടി കൈക്കൊള്ളണം. കൂടുതല്‍ സേന ആവശ്യമുണ്ടെങ്കില്‍ അറിയിക്കണം. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ഉണ്ടായാല്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ക്കൊണ്ടുവരണമെന്നും പൊലീസ് നിരീക്ഷകന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്‍െറ പൊതുനിരീക്ഷകരായ ഡോ. എന്‍. വിജയലക്ഷ്മി, റാം കെവാല്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഐ. അബ്ദുല്‍ സലാം, കേന്ദ്ര സേനയുടെ പ്രതിനിധി പരസ്, റിട്ടേണിങ് ഓഫിസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.