എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ചു

കോഴഞ്ചേരി: ആറന്മുള നിയോജക മണ്ഡലത്തില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ഗൂഢശ്രമം. മണ്ഡലത്തില്‍ പത്തനംതിട്ട മുതല്‍ ഇരവിപേരൂര്‍ പഞ്ചായത്തിലെ ഓതറ വരെയുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ മുഴുവന്‍ പ്രചാരണ സാമഗ്രികളും വ്യാപകമായി നശിപ്പിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷമായിരുന്നു സംഭവം. സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഓഫിസുകളിലും പ്രധാന നിരത്തുകളോട് ചേര്‍ന്നും സ്ഥാപിച്ചിരുന്ന വലിയ ബോര്‍ഡുകളാണ് ഒന്നൊഴിയാതെ നശിപ്പിച്ചത്. കോയിപ്രം, ആറന്മുള, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളും ജില്ലാ പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതുമുതല്‍ മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും നഗരസഭയിലും ചിലയിടങ്ങളില്‍ വീണാ ജോര്‍ജിന്‍െറ ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചിരുന്നു. എന്നാല്‍, ഇത്രയും വ്യാപകമായ നാശം വരുത്തിയത് ഇക്കഴിഞ്ഞ ഒറ്റരാത്രികൊണ്ടാണ്. ഇരവിപേരൂരിലെയും തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ നെടുംപ്രയാറിലെയുമാണ് ഇലക്ഷന്‍ ഓഫിസുകളുടെ മുന്നില്‍ സ്ഥാപിച്ച ഫ്ളക്സുകള്‍ നശിപ്പിച്ചത്. കല്ലുമാലി, പൊയ്കയില്‍പ്പടി, കുമ്പനാട്, പുല്ലാട്, കാഞ്ഞിരപ്പാറ, തടത്തില്‍ കോളനി, ആലുംതറ, പുരയിടത്തുംകാവ്, വള്ളിക്കാലാ, ആന്താലിമണ്‍, കുറവന്‍കുഴി, ആല്‍മാവ് കവല, മലമ്പാറ, പുല്ലാട് വടക്കേ കവല, തെറ്റുപാറ, പുല്ലാട് കുന്നന്താനം, മോസ്കോ, ചെട്ടിമുക്ക്, കോഴഞ്ചേരി, കോഴഞ്ചേരി ടി.ബി. ജങ്ഷന്‍, തെക്കമേല, തുണ്ടഴം, കാരംവേലി, നെല്ലിക്കാലാ തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളാണ് മുറിച്ചു മാറ്റിയത്. വീണാ ജോര്‍ജ് മുമ്പ് അധ്യാപികയായി ജോലി ചെയ്തിരുന്ന പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും സ്ഥാപിച്ച 20 അടി വീതിയുള്ള കൂറ്റന്‍ ഫ്ളക്സുകളും നശിപ്പിച്ചവയില്‍പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.