വാഹനങ്ങള്‍ വെയ്റ്റിങ് ഷെഡില്‍; യാത്രക്കാര്‍ പൊരിവെയിലത്ത്

ചാലക്കുടി: ചാലക്കുടി സൗത്തിലെ ബസ് കാത്തിരിപ്പ് ഷെഡ് വാഹനങ്ങള്‍ കൈയേറിയതിനാല്‍ യാത്രക്കാര്‍ പുറത്തായി. കെ.എസ്.ആര്‍.ടി.സി റോഡ് നവീകരണത്തിന്‍െറ പണികള്‍ നടക്കുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പോകാത്തതിനാല്‍ സൗത്തില്‍ സുരാഗ് സില്‍ക്സിന് മുന്നില്‍ ഈയിടെയാണ് വെയ്റ്റിങ് ഷെഡ് നിര്‍മിച്ചത്. എന്നാല്‍ ഇത് തങ്ങളുടെ പാര്‍ക്കിങ് ഏരിയ ആയതിനാല്‍ വാഹനം മാറ്റാന്‍ പറ്റില്ളെന്ന ശാഠ്യത്തിലാണ് ചില വാഹന ഉടമകള്‍. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റോപ് എന്ന ബോര്‍ഡ് ഉണ്ടെങ്കിലും വെയ്റ്റിങ് ഷെഡിനുള്ളില്‍ ബൈക്കുകള്‍ കയറ്റി വെക്കുകയും അതിന് മുന്നില്‍ കാറുകള്‍ പാര്‍ക്ക് ചെയ്യുകയുമാണ്. അതിനാല്‍ കൈക്കുഞ്ഞിനെ എടുത്തുനില്‍ക്കുന്ന സ്ത്രീകളടക്കം നിരവധിപേര്‍ പൊരിവെയിലത്ത് ബസ് കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. ട്രാഫിക് പൊലീസാകട്ടെ ഇതിനെതിരെ ഒരു നടപടിയും എടുക്കുന്നില്ല. രണ്ടാഴ്ചയോളമായി കെ.എസ്.ആര്‍.ടി.സി റോഡില്‍ ടൈല്‍സ് ഇടാനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സ്റ്റാന്‍ഡിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി തൃശൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ സ്റ്റാന്‍ഡില്‍ പോകാതെ സൗത്തില്‍ നിര്‍ത്തി ആളെ ഇറക്കുകയും കയറ്റുകയുമാണ്. എതിര്‍വശത്ത് നിര്‍മലയുടെ ഭാഗത്ത് എറണാകുളം ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് അവിടെ നേരത്തെയുള്ള വെയ്റ്റിങ് ഷെഡ് ഉണ്ട്. താല്‍ക്കാലികമായി നിര്‍മിച്ച വെയ്റ്റിങ് ഷെഡില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനാല്‍ നില്‍ക്കാന്‍ കഴിയുന്നില്ല. മാത്രമല്ല ബസുകള്‍ അവിടെ വരാതെ സുരഭി ഭാഗത്ത് നിര്‍ത്തുന്നതും യാത്രക്കാര്‍ക്ക് പ്രയാസമാണ്. പൊരിവെയിലത്ത് ബസ് കാത്തുനില്‍ക്കേണ്ടി വരുന്ന തൃശൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാരുടെ ദുരിതം ഇല്ലാതാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.