മലമക്കള്‍ തേന്‍ സംഭരണത്തിന്‍െറ തിരക്കില്‍

കൊടകര: വനവിഭവങ്ങള്‍ ശേഖരിച്ചുവില്‍ക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് വേനല്‍മഴയുടെ ഒളിച്ചുകളി അനുഗ്രഹമാകുന്നു. വേനല്‍മഴ കനത്തുപെയ്യാത്തത് കാട്ടില്‍ നിന്നുള്ള തേന്‍ ശേഖരണത്തിന് സൗകര്യമാണ്. കഴിഞ്ഞ വേനലില്‍ അഞ്ചുടണ്ണിലേറെ കാട്ടുതേനാണ് ശാസ്താംപൂവത്തെ ആനപ്പാന്തം കോളനിയിലുള്ള ആദിവാസി കുടുംബങ്ങള്‍ ശേഖരിച്ചത്. ഈ വര്‍ഷം അതില്‍ കൂടുതല്‍ തേന്‍ സംഭരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. തേനിന്‍െറ വില 300 രൂപയില്‍ നിന്ന് 350 രൂപയായി വര്‍ധിച്ചതും ഇവര്‍ക്ക് ആശ്വാസമാണ്. ശാസ്താംപൂവത്തെ ആനപ്പാന്തം കോളനയിലുള്ള കാടര്‍ വിഭാഗക്കാരായ ആദിവാസി കുടുംബങ്ങള്‍ ഉപജീവനം നടത്തുന്നത് വനവിഭവങ്ങള്‍ ശേഖരിച്ചുവിറ്റാണ്. ജനുവരി അവസാനം മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് വനവിഭവങ്ങളുടെ ശേഖരണം പ്രധാനമായും നടക്കുന്നത്. തേന്‍, കല്ലൂര്‍വഞ്ചി, തെള്ളി, ഇഞ്ച, കാട്ടുമഞ്ഞള്‍, ശതാവരി, മഞ്ഞക്കൂവ, കരിങ്കുറിഞ്ഞി, നെല്ലിക്ക, പത്തിരിപ്പൂവ്, മെഴുക്, നായ്കുരണം, കടുമാങ്ങ, പുളിഞ്ചിക്കായ തുടങ്ങിയവയാണ് ആദിവാസികള്‍ വേനല്‍കാലത്ത് കാട്ടില്‍ നിന്ന് ശേഖരിക്കുന്ന വിഭവങ്ങള്‍. ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്നത് തേനാണ്. വന്‍തേന്‍, ചെറുതേന്‍, കുറുന്തേന്‍ എന്നിങ്ങനെ പല തരത്തിലുള്ള തേന്‍ കാട്ടിലുണ്ട്. വന്‍തേനാണ് കൂടുതലായി ശേഖരിക്കുന്നത്. ഒൗഷധഗുണം കൂടിയ ചെറുതേനിന് നല്ല വില കിട്ടുമെങ്കിലും വളരെ കുറച്ചുമാത്രമെ ലഭിക്കാറുള്ളൂ. ഉയരമുള്ള വലിയ മരക്കൊമ്പുകളിലെ തേനീച്ചക്കൂട് അടര്‍ത്തിയെടുത്താണ് തേന്‍ ശേഖരിക്കുന്നത്. ഒരുമരത്തില്‍തന്നെ നിരവധി തേനീച്ചക്കൂടുകള്‍ ഉണ്ടാകാറുണ്ട്. രാത്രിയിലാണ് തേനെടുക്കുന്നത്. തേനീച്ചകളെ അകറ്റാന്‍ തീപ്പന്തവുമായാണ് മരത്തില്‍ കയറുക. രണ്ടോ മൂന്നോ പേര്‍ ഒരുമിച്ചാണ് ഇതിനായി മരത്തില്‍ കയറുക. അടര്‍ത്തിയെടുക്കുന്ന തേന്‍കൂട് കാട്ടിനുള്ളില്‍ തന്നെ അടരുകള്‍ വേര്‍തിരിച്ച് പിഴിഞ്ഞെടുക്കും. കൂടുണ്ടായിരുന്ന മരത്തിന്‍െറയും സമീപത്തെ മരങ്ങളുടെയും പ്രത്യേകതയനുസരിച്ച് തേനിന് നിറവും ഗുണവും മാറുമെന്ന് ആദിവാസികള്‍ പറയുന്നു. വലിയ കാനുകളില്‍ കോളനിയിലത്തെിക്കുന്ന തേന്‍ വനവികസന സമിതികള്‍ മുഖേനയാണ് വിപണനം നടത്തുന്നത്. കാട്ടിനുള്ളില്‍ പലയിടത്തായി ചെറുകൂരകള്‍ വെച്ചു കെട്ടി ആഴ്ചകളോളം താമസിച്ചാണ് വന വിഭവങ്ങള്‍ ശേഖരിക്കുന്നത്. കുടുംബസമേതമാണ് ആദിവാസികള്‍ കാട്ടില്‍ കയറുന്നത്. ഉള്‍ക്കാട്ടിലെ നീരുറവകള്‍ക്കു സമീപത്തോ മരക്കൊമ്പിലോ കെട്ടിയുണ്ടാക്കുന്ന താല്‍ക്കാലിക കുടിലുകളില്‍ താമസിച്ചാണ് ഇവര്‍ വനവിഭവങ്ങള്‍ സംഭരിക്കുന്നത്. ആദിവാസികള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ കാട്ടില്‍ നിന്ന് കൊണ്ടുവരുന്നതിനായി വനസംരക്ഷണ സമിതി, വനവികസന ഏജന്‍സി എന്നിവ മുഖേന കോളനിയിലേക്ക് പുതിയ ജീപ്പ് ലഭ്യമാക്കിയിട്ടുണ്ട്. വനംവകുപ്പിനു കീഴില്‍ ചാലക്കുടിയടക്കമുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വനശ്രീ വിപണനകേന്ദ്രങ്ങള്‍ വഴി തേനും മറ്റ ്ഉല്‍പന്നങ്ങളും വിറ്റഴിക്കുന്നുണ്ട്. കോടശേരി പഞ്ചായത്തിലെ രണ്ടുകൈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വനവിഭവ സംസ്കരണ കേന്ദ്രത്തിലാണ് വനശ്രീ വിപണന കേന്ദ്രങ്ങളിലേക്കാവശ്യമായ തേനും വിവിധ തരം അച്ചാറുകളും മറ്റും ടിന്നുകളിലാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.