മതനിരപേക്ഷ കേരളമാണ് എല്‍.ഡി.എഫ് പ്രതീക്ഷ – കോടിയേരി

കോഴഞ്ചേരി: മതനിരപേക്ഷ കേരളമാണ് എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആറന്മുള നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കോഴഞ്ചേരി ടൗണില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. പട്ടികജാതിക്കാരെയും ദലിതരെയും ക്രൈസ്തവ സമൂഹത്തില്‍പെട്ട സഹോദരങ്ങളെയും ചുട്ടെരിക്കുകയും അടിച്ചമര്‍ത്തുകയുമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ക്രൈസ്ത സമൂഹത്തില്‍പെട്ടവര്‍ കൂടുതലുണ്ടെങ്കിലും ദേശീയതലത്തില്‍ രണ്ടു ശതമാനം മാത്രമാണുള്ളത്. ഇവരെ ഇല്ലാതാക്കാനാണ് മോദി സര്‍ക്കാറും ബി.ജെ.പിയും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. അധികാരത്തിലത്തെിയാല്‍ ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ അരി നല്‍കുമെന്നും എ.പി.എല്‍, ബി.പി.എല്‍ തരംതിരിവ് നടന്നപ്പോള്‍ പിശക് പറ്റിയിട്ടുണ്ടെന്നും അതു പരിഹരിച്ച് എല്ലാ പാവങ്ങള്‍ക്കും അരി നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പുമാരുടെ കാലില്‍ കമഴ്ന്നുവീണ് നമസ്കരിക്കുന്ന ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കന്മാരെ തിരിച്ചറിയണം. ഗാന്ധിജിയെ വെടിവെച്ചു കൊല്ലുന്നതിനുമുമ്പ് ഗോദ്സെയും അദ്ദേഹത്തിന്‍െറ കാലുതൊട്ട് വണങ്ങിയിരുന്നെന്നും കോടിയേരി ഓര്‍മപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സമൂഹത്തിന്‍െറ പുരോഹിതനും രാഷ്ട്രത്തലവനുമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് മോദി സര്‍ക്കാര്‍ ഇതുവരെയും അനുമതി നല്‍കിയിട്ടില്ല. മാര്‍പാപ്പക്ക് ഇന്ത്യ സന്ദര്‍ശിക്കണമെങ്കില്‍ അദ്ദേഹത്തെ ക്ഷണിക്കണം. അതിനുള്ള മര്യാദപോലും കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നില്ല. കേരള സംസ്ഥാനത്ത് വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ ശക്തിപ്പെടാതിരിക്കുന്നത് കോണ്‍ഗ്രസിന്‍െറയോ യു.ഡി.എഫിന്‍െറയോ പ്രവര്‍ത്തനം കൊണ്ടല്ല, മറിച്ച് ഇടതു പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വേരോട്ടം ഉള്ളതുകൊണ്ടാണ്. 235 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ റബറിന് ഇപ്പോള്‍ 135 രൂപ വിലയേയുള്ളൂ. ഇതിനു കാരണം കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ ആസിയാന്‍ കരാറാണ്. റബര്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങള്‍ കയറ്റുമതി കുറച്ചതുകൊണ്ടാണ് തല്‍ക്കാലത്തേക്കെങ്കിലും അല്‍പം വില കൂടുതലായി കര്‍ഷകര്‍ക്ക് ലഭിച്ചത്. എല്‍.ഡി.എഫ് അധികാരത്തില്‍വന്നാല്‍ അടുത്ത അഞ്ചു വര്‍ഷം മാവേലി സ്റ്റോറില്‍ ഒരു സാധനങ്ങള്‍ക്കും വില വര്‍ധിപ്പിക്കുകയില്ല. യു.ഡി.എഫ് സര്‍ക്കാര്‍ മാവേലി സ്റ്റോറുകളില്‍ നൂറുശതമാനമാണ് വില വര്‍ധിപ്പിച്ചത്. പൊതുമേഖല സ്ഥാപനങ്ങളും പരമ്പരാഗത വ്യവസായങ്ങളും തകര്‍ന്നതാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നേട്ടമെന്നും കോടിയേരി പറഞ്ഞു. ബാബു കോയിക്കലത്തേ് അധ്യക്ഷതവഹിച്ചു. യോഗത്തില്‍ സ്ഥാനാര്‍ഥി വീണ ജോര്‍ജ്, അഡ്വ. പീലിപ്പോസ് തോമസ്, മുന്‍ എം.എല്‍.എ എ. പത്മകുമാര്‍, കെ. അനന്തഗോപന്‍, ജോര്‍ജ് കുന്നപ്പുഴ, ചെങ്ങറ സുരേന്ദ്രന്‍, കെ.പി. ഉദയഭാനു, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ്, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനന്തഗോപന്‍, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ മാത്യു തോമസ്, രാജു കടക്കരപ്പള്ളി, ജിജി ജോര്‍ജ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ടി.കെ.ജി. നായര്‍, അമൃതം ഗോകുലം, കെ.എം. ഗോപി, എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതി അംഗം ജോര്‍ജ് ചെറിയാന്‍ തമ്പു, മാത്യൂസ് ജോര്‍ജ്, കെ.ഐ. ജോസഫ്, ആര്‍. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. താന്‍ ജനപ്രതിനിധിയാകുകയാണെങ്കില്‍ രണ്ടു മാസംകൊണ്ട് ആറന്മുള നിയോജക മണ്ഡലത്തിലെ വികസന പ്രശ്നവുമായി ബന്ധപ്പെട്ട് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുമെന്നും കോഴഞ്ചേരിയിലെ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായിരിക്കും മുന്തിയ പരിഗണന നല്‍കുന്നതെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.