കൊടുംചൂടില്‍ നിയമസംരക്ഷണമില്ലാതെ തൊഴിലാളികളുടെ പണി

തിരുവല്ല: സംസ്ഥാനത്ത് വേനല്‍കടുത്തതോടെ കത്തുന്ന ചൂടില്‍ പണിയെടുക്കേണ്ട നിസ്സഹായാവസ്ഥയിലാണ് സര്‍ക്കാര്‍ വകുപ്പുകളുടെ നിര്‍മാണ മേഖലകളിലെ തൊഴിലാളികള്‍. കരാര്‍ തൊഴിലാളികള്‍ ആയതുകൊണ്ടുതന്നെ ഇവര്‍ക്കുവേണ്ടി സംസാരിക്കാന്‍ മുഖ്യധാര തൊഴില്‍ സംഘടനകളോ ബന്ധപ്പെട്ട വകുപ്പുകളോ ഇല്ല. ഉച്ചക്ക്12 മുതല്‍ വൈകുന്നേരം മൂന്നുവരെയുള്ള സമയത്ത് ശരീരത്തില്‍ സൂര്യാതപം ഏല്‍ക്കുന്ന തരത്തിലുള്ള പണികള്‍ വിലക്കി സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് കരാറുകാരുടെ ഈ തൊഴിലാളി ചൂഷണം. കനത്തചൂടില്‍ തൊഴിലാളികള്‍ തളര്‍ന്നു വീഴുന്നത് പതിവായി മാറുമ്പോഴും സൂര്യാതപമേറ്റ് നിരവധി ആളുകള്‍ കഷ്ടപ്പെടുമ്പോഴും ഒരുനടപടിയും സ്വീകരിക്കാതെ നിസ്സംഗത തുടരുകയാണ് ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍. ജില്ലയുടെ വിവിധ ഇടങ്ങളില്‍ പൊതുമരാമത്തിന്‍െറ ജോലികള്‍ നടക്കുന്നിടത്താണ് നഗ്നമായ നിയമ ലംഘനം. ചെങ്ങന്നൂര്‍-തിരുവല്ല റോഡില്‍ രണ്ടിടത്ത് നടക്കുന്ന പാലം പണികള്‍ 24 മണിക്കൂറും തുടരുകയാണ്. തൊഴില്‍ വകുപ്പിന്‍െറ കൃത്യമായ പരിശോധനകളില്ലാത്തതാണ് പ്രധാനമായും തൊഴിലാളികളുടെ നരകജീവിതത്തിന് കാരണം. കല്ലിശ്ശേരിയിലും കുറ്റൂരും നടക്കുന്ന പാലംപണിക്കും തിരുവല്ല ബൈപാസ് നിര്‍മാണത്തിനും എത്തിയിരിക്കുന്ന നിരവധി തൊഴിലാളികള്‍ കനത്ത ചൂടില്‍ അസുഖം ബാധിച്ച് ചികിത്സതേടി. ഇവരില്‍ സൂര്യതാപം ഏറ്റവരും നിരവധിയാണ്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കരാറുകാരന്‍െറ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ സ്വീകരിക്കാന്‍ അഡീഷനല്‍ ലേബര്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കത്തുന്ന ചൂടിലും ഒരു ചെറുതണലുപോലുമില്ലാതെ പണിയെടുക്കേണ്ടി വരുന്നത് ഇല്ലായ്മകൊണ്ടാണെന്ന് തൊഴിലാളികള്‍ പറയുന്നു. മലയാളികളും ഇതര സംസ്ഥാനക്കാരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് നിര്‍മാണമേഖലയില്‍ പണിയെടുക്കുന്നത്. ഇവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാറോ തൊഴിലാളി സംഘടനകളോ തയാറാകാത്തതില്‍ ദു$ഖിതരാണ് തൊഴിലാളികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.