വോട്ടര്‍ സ്ളിപ് ഉപയോഗിച്ച് വോട്ടുചെയ്യാം –കലക്ടര്‍

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബി.എല്‍.ഒ) മുഖേന വിതരണം ചെയ്യുന്ന വോട്ടര്‍ സ്ളിപ് ഉപയോഗിച്ച് വോട്ടുചെയ്യാമെന്ന് കലക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറുമായ എസ്. ഹരികിഷോര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്‍ നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചിട്ടുള്ള മറ്റ് തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ളെങ്കിലും വോട്ടര്‍ സ്ളിപ്പുണ്ടെങ്കില്‍ വോട്ടുചെയ്യാം. ഈമാസം ആറുമുതല്‍ 11വരെ ബി.എല്‍.ഒമാര്‍ മുഖേന എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍ സ്ളിപ് വിതരണം ചെയ്യും. 11ന് ശേഷം വോട്ടര്‍ സ്ളിപ് വിതരണമുണ്ടാകില്ല. വോട്ടര്‍ സ്ളിപ് ലഭിക്കാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചിട്ടുള്ള മറ്റ് തിരിച്ചറിയല്‍ രേഖയുമായത്തെി വോട്ടുചെയ്യാം. വോട്ടര്‍ക്ക് നേരിട്ടോ, കുടുംബാംഗത്തിനോ ബി.എല്‍.ഒ വോട്ടര്‍ സ്ളിപ് നല്‍കുകയും ഒപ്പ് രേഖപ്പെടുത്തുകയും ചെയ്യും. മരണപ്പെട്ടു, സ്ഥലത്തില്ല, സ്ഥലംമാറി പോയി എന്നീ സാഹചര്യങ്ങള്‍ മൂലം വോട്ടര്‍ സ്ളിപ് വിതരണം ചെയ്യാന്‍ കഴിയുന്നില്ളെങ്കില്‍ ബി.എല്‍.ഒ പ്രത്യേക പട്ടിക തയാറാക്കി ഇ.ആര്‍.ഒക്ക് സമര്‍പ്പിക്കണം. രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്‍റുമാര്‍ സ്ളിപ് വിതരണത്തില്‍ പങ്കാളികളാകുന്നുണ്ടെങ്കില്‍ ഇവരുടെ ഒപ്പ് ബി.എല്‍.ഒ രേഖപ്പെടുത്തണം. തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ എല്ലാ ദിവസവും രാവിലെ 10ന് പത്തനംതിട്ട അഴൂര്‍ ഗവ. ഗെസ്റ്റ് ഹൗസില്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ പൊതുനിരീക്ഷകരെ നേരില്‍ക്കണ്ട് അറിയിക്കാം. അല്ലാത്ത സമയങ്ങളില്‍ ലെയ്സണ്‍ ഓഫിസര്‍മാരില്‍നിന്ന് മുന്‍കൂട്ടി സമയം നിശ്ചയിച്ചശേഷം കാണാം. ഇതിനുപുറമേ പരാതികള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടറെയും കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലും അറിയിക്കാം (ഫോണ്‍: 04682229444). തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനുള്ള വോട്ടുയന്ത്രങ്ങള്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് മണ്ഡലാടിസ്ഥാനത്തില്‍ തരംതിരിച്ച ശേഷം ബന്ധപ്പെട്ട നിയോജക മണ്ഡലങ്ങളിലേക്ക് കൊണ്ടുപോയി. മേയ് അഞ്ചിന് എല്ലാ മണ്ഡലങ്ങളിലും എത് ബൂത്തിലേക്ക് എത് വോട്ടുയന്ത്രം എന്ന് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നിശ്ചയിക്കുന്നതിന് രണ്ടാംഘട്ട തരംതിരിക്കല്‍ നടത്തും. മേയ് 12ന് രാവിലെ എട്ടിന് എല്ലാ മണ്ഡലങ്ങളിലും ബാലറ്റ് യൂനിറ്റുകളില്‍ ബാലറ്റ് പതിക്കും. 15ന് രാവിലെ 10.30 മുതല്‍ വോട്ടുയന്ത്രങ്ങള്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിതരണംചെയ്യും. മേയ് അഞ്ചിനുള്ളില്‍ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഉത്തരവ് ലഭിക്കും. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് ആവശ്യമുള്ളവര്‍ക്ക് പരിശീലന ദിവസം വിതരണം ചെയ്യും. ജില്ലയിലെ 6506 സര്‍വിസ് ബാലറ്റുകള്‍ അയക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായി. റോഡിലും വൈദ്യുതി പോസ്റ്റുകളിലും തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എസ്.എം.എസ്, വിഡിയോ, പത്രപരസ്യങ്ങള്‍ നല്‍കുന്നതിനു മുമ്പ് എം.സി.എം.സി കമ്മിറ്റിയുടെ അനുമതി വാങ്ങണം. പത്രങ്ങളിലും ചാനലുകളിലും പണംനല്‍കി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് എം.സി.എം.സി കമ്മിറ്റി നിരീക്ഷിക്കും. ബുധനാഴ്ച മുതല്‍ 15വരെ തെരഞ്ഞെടുപ്പ് ചെലവ് പരിശോധിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ ചെലവ് നിരീക്ഷകന്‍ എം. സതീഷ് കുമാര്‍ മൂന്ന് സിറ്റിങ് നടത്തും. ഇത്തവണ എല്ലാ നിയോജക മണ്ഡലങ്ങളിലും കൗണ്ടിങ്ങിനായി തപാല്‍ വോട്ടുകള്‍ക്കുള്ള രണ്ട് ടേബ്ളുകള്‍ ഉള്‍പ്പെടെ 16 കൗണ്ടിങ് ടേബ്ളുകള്‍ സജ്ജമാക്കും. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ എല്ലാ ബൂത്തുകളിലും വെള്ളം, വൈദ്യുതി, റാമ്പ്, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യം ഒരുക്കി. റാമ്പ് സാധ്യമല്ലാത്തിടത്ത് ഡോളി സൗകര്യം ഏര്‍പ്പെടുത്തും. 1700 വോട്ടര്‍മാരില്‍ കൂടുതലുള്ള ബൂത്തില്‍ ഒരു ബൂത്ത്കൂടി സജ്ജമാക്കും. ഇതുപ്രകാരം കോഴഞ്ചേരി നിയോജക മണ്ഡലത്തിലെ ഓതറ എന്‍.എസ്.എസ് കരയോഗം കെട്ടിടത്തിലെ ബൂത്തില്‍ 1755 വോട്ടര്‍മാര്‍ ഉള്ളതിനാല്‍ അധികമായി ഒരു ബൂത്ത് കൂടി സജ്ജമാക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി തേടിയിട്ടുണ്ട്. ജില്ലയില്‍ ആകെ 45 മാതൃകാ പോളിങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമേ വനിതാ ജീവനക്കാരെ മാത്രം നിയോഗിച്ചിട്ടുള്ള 20 വനിതാ ബൂത്തുകളും പ്രവര്‍ത്തിക്കും. ഒരു നിയോജക മണ്ഡലത്തില്‍ നാല് വനിതാ ബൂത്തുകള്‍ വീതമാണ് സജ്ജീകരിക്കുക. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പ് കമീഷന്‍െറ റാന്നി, കോന്നി നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള പൊതുനിരീക്ഷക ഡോ.എന്‍. വിജയലക്ഷ്മി, ആറന്മുള, തിരുവല്ല, അടൂര്‍ നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള പൊതു നിരീക്ഷകന്‍ റാം കെവാല്‍, പൊലീസ് നിരീക്ഷകന്‍ പി.കെ. മിശ്ര, ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഐ. അബ്ദുസ്സലാം, റിട്ടേണിങ് ഓഫിസര്‍മാരായ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, കെ.സി. മോഹനന്‍, എം.എ. റഹീം, എം.കെ. കബീര്‍, അനു എസ്. നായര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.