പത്തനംതിട്ട: നാരങ്ങാനത്ത് കുന്നിടിച്ചുള്ള മണ്ണെടുപ്പിനെതിരെ നാട്ടുകാരുടെ സമരം ശക്തമാകുന്നു. ഒരു ഗ്രാമത്തെയാകെ കടുത്ത ജലക്ഷാമത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ് ഇവിടത്തെ മണ്ണെടുപ്പ്. നിരവധി മലകള്‍ ഉള്‍പ്പെടുന്ന ഭൂപ്രദേശമാണിത്. അനധികൃത മണ്ണെടുപ്പിനെ തുടര്‍ന്ന് മലകള്‍ ഓരോന്നായി ഇല്ലാതായി കൊണ്ടിരിക്കുകയാണിപ്പോള്‍. രാഷ്ട്രീയ പാര്‍ട്ടികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ പിന്‍ബലത്തോടെയാണ് ഇവിടെ കുന്നിടിക്കല്‍ തകൃതിയായി നടക്കുന്നത്. നാരങ്ങാനത്തെ പല മലകളും ഇതിനകം അപ്രത്യക്ഷമായി കഴിഞ്ഞു. ഭൂമിയുടെ ആവാസവ്യവസ്ഥക്കും പരിസ്ഥിതിഘടനക്കും ആഘാതമേല്‍പിച്ചുള്ള മണ്ണെടുപ്പിനെതിരെ ഒരക്ഷരവും മിണ്ടാന്‍ ഇവിടത്തെ ജനപ്രതിനിധികള്‍ തയാറാകാത്തത് നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. കടമ്മനിട്ട അന്ത്യാളന്‍കാവ്, ആലുങ്കല്‍, കല്ളേലിമുക്ക്, ഇളപ്പുങ്കല്‍, തോന്ന്യാമല മേഖലകളിലാണ് മണ്ണെടുപ്പ് രൂക്ഷമായിട്ടുള്ളത്. കടമ്മനിട്ട ഇളപ്പുങ്കല്‍ ജങ്ഷന് സമീപവും അന്ത്യാളന്‍കാവ്-കല്ളേലിമുക്ക് റോഡിലുമാണ് ഏക്കറുകളോളം മലകള്‍ കെട്ടിട നിര്‍മാണത്തിന്‍െറയും വികസനപ്രവര്‍ത്തനങ്ങളുടെയും മറവില്‍ ഇടിച്ചുനിരത്തിക്കൊണ്ടിരിക്കുന്നത്. മറ്റ് ജില്ലകളിലേക്ക് ഇവിടെ നിന്നുള്ള മണ്ണ് എത്തിച്ചാല്‍ ലോഡിന് 4000 രൂപ വരെയാണ് ലഭിക്കുന്നത്. എന്നാല്‍, ഉടമക്ക് ലഭിക്കുന്നത് വെറും തുച്ഛമായ തുകയുമായിരിക്കും. നാരങ്ങാനം പഞ്ചായത്തില്‍നിന്ന് വീട് നിര്‍മാണത്തിന് നിയമപരമായും അനുവദനീയവുമായ നാമമാത്ര അളവ് മണ്ണ് നീക്കം ചെയ്യുന്നതിന് സമ്പാദിച്ച അനുമതിയുടെ മറവിലാണ് ഈ കൊള്ള നടക്കുന്നത്. മണ്ണെടുപ്പിന് അധികാരികളുടെ അനുവാദമുണ്ടെന്ന് മണ്ണുമാഫിയ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഒരു പഠനത്തിനും ശേഷമല്ല മണ്ണെടുപ്പ് നടത്തുന്നത്. അന്ത്യാളന്‍കാവ് മേഖല പൊതുവെ ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇപ്പോള്‍ തന്നെ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. പൊടിപടലങ്ങള്‍ മൂലം രോഗങ്ങള്‍ വര്‍ധിക്കുന്നു. ഇതിന്‍െറ ദൂരവ്യാപക ഫലങ്ങള്‍ നാട്ടുകാരിലും ആശങ്ക പടര്‍ത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണം പാലിക്കാതെ നിര്‍ബാധം ചീറിപ്പായുന്ന ടിപ്പര്‍ ലോറികളുടെ ഓട്ടം ജനങ്ങളുടെ ജീവനു ഭീഷണിയായിരിക്കുന്നു. ഇവിടുത്തെ റോഡുകളും തകര്‍ന്നുകൊണ്ടിരിക്കുന്നു. മണ്ണ് മാഫിയ നാട്ടുകാരെ ഭീഷണിപ്പെടുത്തിയും ഗുണ്ടകളുടെ സഹായത്തോടെയുമാണ് പകലും രാത്രിയും മണ്ണെടുപ്പ് നടക്കുന്നത്. ഗ്രാമപഞ്ചായത്തിലെ മിക്ക മെംബര്‍മാരും മണ്ണ് മാഫിയയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് നാരങ്ങാനം പൈതൃക ഗ്രാമകര്‍മസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണ്ണെടുപ്പ് തടയാന്‍ ഒരു നടപടിയും അവര്‍ സ്വീകരിക്കുന്നില്ല. കുന്നിടിക്കലിനെതിരെ ബുധനാഴ്ച വൈകുന്നേരം നാലിന് കല്ളേലി മുക്കില്‍ നടക്കുന്ന യോഗം പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. ഫാ. മാത്യൂസ് വാഴക്കുന്നം മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ ഡി. സുരേഷ്, സി .ആര്‍. രാജേഷ്, മഹേഷ് കടമ്മനിട്ട, ഡേവിഡ് തോമസ്, കാശിനാഥ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.