ഭക്തിനിറവില്‍ നാടെങ്ങും ശിവരാത്രി ആഘോഷം

പത്തനംതിട്ട: ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ഹൈന്ദവ വിശ്വാസികള്‍ ഭക്തിനിര്‍ഭര ചടങ്ങുകളോടെ തിങ്കളാഴ്ച ശിവരാത്രി ആഘോഷിച്ചു. ഇളകൊള്ളൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് വൈകുന്നേരം 3.30ന് ഘോഷയാത്ര ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട് വടക്കേകാണിക്ക മണ്ഡപം വഴി കാഴ്ചക്കണ്ടത്തിലേക്ക് എത്തി. തുടര്‍ന്ന് കെട്ടുകാഴ്ച നടന്നു. രാത്രിയില്‍ കഥാപ്രസംഗവും നാടകവും ഉണ്ടായിരുന്നു. വള്ളിക്കോട് തൃപ്പാറ മഹാദേവര്‍ക്ഷേത്രത്തില്‍ ശിവരാത്രിയോടനുബന്ധിച്ച് ശിവപഞ്ചാക്ഷരിമന്ത്രജപം, ഗാനമേള എന്നിവ നടന്നു. കോന്നി മുരിങ്ങമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ ഗണപതിഹോമം, ശിവപുരാണ പാരായണം, ഘോഷയാത്ര, രാത്രിയില്‍ കലാപരിപടികള്‍ എന്നിവയും നടന്നു. പന്തളം മഹാദേവര്‍ ക്ഷേത്രത്തില്‍ അന്നദാനം, കഥകളി, ശിവരാത്രി പൂജ എന്നിവ ഉണ്ടായിരുന്നു. പന്തളം നന്ദനാര്‍ ക്ഷേത്രത്തില്‍ ഗണപതിഹോമം, മത-സാംസ്കാരിക സമ്മേളനം, എതിരേല്‍പ്, സേവ, ഭക്തിഗാനസുധ, നാടകം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. ചുട്ടിപ്പാറ മഹാദേവക്ഷേത്രത്തില്‍ മതപ്രഭാഷണം, കുട്ടികളുടെ ഡാന്‍സ്, ഭക്തിഗാനസുധ എന്നിവയും ഉണ്ടായിരുന്നു. തിരുവല്ല മാതാ അമൃതാനന്ദമയി മഠത്തില്‍ പുലര്‍ച്ചെ മുതല്‍ ആഘോഷ പരിപാടികള്‍ ആരംഭിച്ചു. വിശേഷാല്‍ പൂജകളും ആധ്യാത്മിക പ്രഭാഷണവും കലാപരിപാടികളും നടന്നു. പ്രമാടം മഹാദേവര്‍ ക്ഷേത്രത്തില്‍ വൈകുന്നേരം കെട്ടുകാഴ്ചയും കെട്ടുരുപ്പടികളുടെ ഘോഷയാത്ര, ഓട്ടന്‍ തുള്ളല്‍ എന്നിവയും രാത്രി നൃത്തനൃത്യങ്ങള്‍, സംഗീതസദസ്സ്, നൃത്തനാടകം എന്നിവയും ഉണ്ടായിരുന്നു. തട്ടയില്‍ തിരുമംഗലത്ത് മഹാദേവര്‍ ക്ഷേത്രത്തില്‍ മഹാശിവരാത്രി സമ്മേളനം, ഗാനമേള, എഴുന്നള്ളിപ്പ്, അഷ്ടാഭിഷേകം, യാമപൂജ എന്നിവയും നടന്നു. തുകലശ്ശേരി മഹാദേവക്ഷേത്രത്തില്‍ രാകേഷ് നാരായണന്‍ ഭട്ടതിരി പരമ്പൂരില്ലത്തിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ വിവിധ വിശേഷാല്‍ പൂജകള്‍ നടത്തി. സംഗീത സദസ്സ്, കലാശാഭിഷേകം, ശ്രുതിലയ സംഗമം, നൃത്തനൃത്യങ്ങള്‍, ഓട്ടന്‍ തുള്ളല്‍, ഭക്തിഗാനസുധ, തായമ്പക എന്നിവയും അരങ്ങേറി. പടിഞ്ഞാറ്റോതറ തൈമറവുംകര മുള്ളിപ്പാറ മലനടയില്‍ മഹാമൃത്യുഞ്ജയഹോമവും ഭജനയും നടന്നു. മണപ്പുറം ശിവക്ഷേത്രത്തില്‍ ഭസ്മാഭിഷേകം, പ്രദോഷപൂജ, അഷ്ടദ്രവ്യ ഗണപതി ഹോമം, പഞ്ചയാമ ശിവരാത്രിപൂജ എന്നിവയും കലാപരിപാടികളും നടന്നു. ചുമത്ര മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ശിവങ്കല്‍ പ്രത്യേക പൂജ നടന്നു. കാവടിവിളക്ക് നൃത്തനൃത്യങ്ങള്‍, കഥാപ്രസംഗം, കാവടിയാട്ടം, വീണക്കച്ചേരി എന്നിവയും അരങ്ങേറി. മുത്തൂര്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ഹരിനാരായണ ശര്‍മയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. ഹോമവും ശിവപുരാണ പാരായണവും തുടര്‍ന്ന് രാത്രി ശിവഭജനയും നടന്നു. ആലംതുരുത്തി വല്ലഭശ്ശേരി ശിവക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ കൂടാതെ മേളപ്പെരുക്കം, സംഗീത സന്ധ്യ, ഗാനമേള എന്നിവയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.