റബര്‍ ഉത്തേജക പദ്ധതി തുടരണം– റബര്‍ ഉല്‍പാദക സംഘം

റാന്നി: റബറിന് കിലോക്ക് 150 രൂപ ഉറപ്പാക്കുന്ന റബര്‍ ഉത്തേജക പദ്ധതി തുടരണമെന്ന് റാന്നിയില്‍ ചേര്‍ന്ന റബര്‍ ഉല്‍പാദക സംഘം പ്രതിനിധി സമ്മേളനം അംഗീകരിച്ച പ്രമേയം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കിലോക്ക് 200 രൂപ എത്തുന്നതുവരെയെങ്കിലും തീരുവരഹിത ഇറക്കുമതി നിരോധം തുടരണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മന്ദമരുതി, കൊല്ലമുള തുടങ്ങിയ സ്ഥലങ്ങളിലെ റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫിസുകള്‍ അടച്ചുപൂട്ടാനുള്ള റബര്‍ ബോര്‍ഡ് നീക്കം ഉപേക്ഷിക്കുക, റബര്‍ റീ പ്ളാന്‍േറഷന്‍ സബ്സിഡി ഹെക്ടറിന് ഒരു ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കുക, റബര്‍ ബോര്‍ഡ് സബ്സിഡി നിരക്കില്‍ ആര്‍.പി.എസ് മുഖേന വിതരണം ചെയ്തിരുന്ന വളം, പ്ളാസ്റ്റിക്, ആസിഡ്, തുരിശ്, കീടനാശിനികള്‍ തുടങ്ങിയവയുടെ വിതരണം പുന$സ്ഥാപിക്കുക, ബില്‍ അപ്ലോഡിങ്ങിനും മറ്റും ഉല്‍പാദകസംഘങ്ങള്‍ക്ക് ന്യായമായ കൈകാര്യ ചെലവുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍കൊണ്ടുവരാനും യോഗം തീരുമാനിച്ചു. രാജു എബ്രഹാം എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. റബര്‍ ഉല്‍പാദക ഉത്തേജക പദ്ധതി വരും വര്‍ഷങ്ങളിലും തുടരുന്നതിന് ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റാന്നിക്ക് അനുവദിച്ച റബര്‍ പാര്‍ക്ക് എത്രയുംവേഗം യാഥാര്‍ഥ്യമാക്കാന്‍ വേണ്ട നടപടി കൈക്കൊള്ളും. റബര്‍ ഉല്‍പാദക സംഘങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കാളിത്തം നല്‍കും. ത്രിതല പഞ്ചായത്തുകള്‍ മുഖേന നടപ്പാക്കുന്ന കാര്‍ഷിക പദ്ധതിയില്‍ ചെറുകിട റബര്‍ കര്‍ഷകര്‍ക്കു കൂടി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തും. അസോസിയേഷന്‍ ചെയര്‍മാന്‍ തോമസ് കണ്ണങ്കര അധ്യക്ഷതവഹിച്ചു. അസോ. കണ്‍വീനര്‍ പി.എസ്. രാധാകൃഷ്ണന്‍ വിഷയാവതരണം നടത്തി. റബര്‍ ഉല്‍പാദക സംഘം പ്രതിനിധികളായ സ്കറിയ ജോണ്‍ (വെച്ചൂച്ചിറ), എം.ജി. ശമുവേല്‍ (അയിരൂര്‍), പി.കെ.ജി. പണിക്കര്‍ (അങ്ങാടി), ടി.എന്‍. ജോസഫ് (പെരുന്തേനരുവി), എ.വി. ആനന്ദന്‍ (വടശ്ശേരിക്കര), പി.എസ്. രമേശ് (മുക്കാലുമണ്‍), പി.വി. എബ്രഹാം (നെല്ലിക്കമണ്‍), ജയിംസ് എബ്രഹാം (ഈട്ടിച്ചുവട്), കെ.എസ്. ചാക്കോ (വാകത്താനം) എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.