നികുതിയടക്കാതെ മൊബൈല്‍ കമ്പനികളുടെ വെട്ടിപ്പ്

അടൂര്‍: സ്വകാര്യ മൊബൈല്‍ കമ്പനികളുടെ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പിനെതിരെ കര്‍ശന നടപടിയുമായി ഏഴംകുളം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുള്ള മൊബൈല്‍ ടവറുകളുടെ നികുതി വെട്ടിപ്പിനെതിരെ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്തിന്‍െറ രേഖയില്‍ എട്ട് മൊബൈല്‍ ടവറുകളാണ് സ്വകാര്യ കമ്പനിയുടേതായിയുള്ളത്. ഇതില്‍ ഏഴ് ടവറുകള്‍ നികുതി അടക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. 5.73 ലക്ഷം രൂപയാണ് നികുതിയിനത്തില്‍ പഞ്ചായത്തിന് ഇവര്‍ നല്‍കാനുള്ളത്. ഭാരതി എയര്‍ടെല്‍, എസ്.ആര്‍. ടെലികോം, എം.എസ്.റിലയന്‍സ് ഇന്‍ഫോകോ, ഭാരതി ഇന്‍ഫോടെല്‍ എന്നിവയുടെ പേരില്‍ പഞ്ചായത്തില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുള്ളവരാണ് നികുതി വെട്ടിപ്പ് നടത്തിവരുന്നത്. എം.എസ് റിലയന്‍സ് ഇന്‍ഫോകോ എന്ന കമ്പനിയാണ് ഏറ്റവും കൂടുതല്‍ നികുതി അടക്കാനുള്ളത്. ഇവര്‍ 1,10,520 രൂപയും ബാക്കിയുള്ളവര്‍ 67,000 മുതല്‍ 84,000 രൂപവരെയുമാണ് നികുതിയിനത്തില്‍ അടക്കാനുള്ളത്. മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റി പരിശോധന നടത്തിയപ്പോഴാണ് വെട്ടിപ്പ് തിരിച്ചറിഞ്ഞത്. പഞ്ചായത്തിന് ലഭിക്കാനുള്ള നികുതി അടക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചെങ്കിലും കമ്പനികള്‍ പ്രതികരിച്ചില്ല. തുടര്‍ന്ന് ഇവര്‍ക്ക് ജൂണ്‍ 21, 22 തീയതികളിലായി റവന്യൂ റിക്കവറി നോട്ടീസും അയച്ചിരിക്കുകയാണ്. ജൂണ്‍ 23ന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അജണ്ട ചര്‍ച്ചചെയ്യുകയും നികുതി വെട്ടിപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു. പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുള്ള മൊബൈല്‍ ടവറുകള്‍ സംബന്ധിച്ച് പരിശോധന നടത്തുകയും നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ സ്വീകരിക്കാവുന്ന നിയമവശങ്ങളെ സംബന്ധിച്ചുമുള്ള റിപ്പോര്‍ട്ട് അടുത്ത പഞ്ചായത്ത് യോഗത്തില്‍ വെക്കണമെന്ന് വികസനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.