ഉദ്ഘാടനം കഴിഞ്ഞിട്ട് 10 മാസം: അവഗണനയില്‍ ഏനാത്ത് ബസ്ബേ

അടൂര്‍: പണിതീരാതെ ഒന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ ഉദ്ഘാടനം കഴിഞ്ഞ ഏനാത്ത് ബസ്ബേ അവഗണനയില്‍. ജില്ലാ പഞ്ചായത്തിന്‍െറയും ഏഴംകുളം ഗ്രാമപഞ്ചായത്തിന്‍െറയും ചുമതലയിലാണ് ബസ്ബേ നിര്‍മിച്ചത്. 100 പേര്‍ക്ക് ഇരിക്കാവുന്ന മിനി കോണ്‍ഫറന്‍സ് ഹാള്‍, ശബരിമല അയ്യപ്പഭക്തര്‍ക്ക് ഇടത്താവളം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ശൗചാലയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ ബസ്ബേയുടെ ഉദ്ഘാടനം 2015 ആഗസ്റ്റിലാണ് നടന്നത്. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുമ്പ് ഒരുനില മാത്രം പൂര്‍ത്തീകരിച്ച് ശൗചാലയങ്ങളും ഇരിപ്പിടങ്ങളും തീര്‍ത്ത് തിടുക്കത്തില്‍ ഉദ്ഘാടനം നടത്തി. ഏഴംകുളം ഗ്രാമപഞ്ചായത്ത് പുതിയ ഭരണസമിതി ജല-വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് മൂന്നേകാല്‍ ലക്ഷം അടച്ചിട്ടും നടപടിയില്ല. അടൂര്‍, പത്തനാപുരം, കൊട്ടാരക്കര, കരുനാഗപ്പള്ളി, ചവറ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഏനാത്ത് വന്നുപോകുന്ന കെ.എസ്.ആര്‍ടി.സി ഓര്‍ഡിനറി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും വേണ്ടിയാണ് ബസ്ബേ നിര്‍മിച്ചത്. ഏനാത്ത്-പട്ടാഴി-പത്തനാപുരം പാതയിലും കടമ്പനാട് പാതയിലും പാര്‍ക്ക് ചെയ്യുന്ന ബസുകള്‍ ഗതാഗതതടസ്സമുണ്ടാക്കുന്നതിന് ബസ്ബേ പരിഹാരമാകുമെന്നായിരുന്നു പ്രതീക്ഷ. ജില്ലാ പഞ്ചായത്ത് നാലു ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഒരുലക്ഷവും ആദ്യഘട്ടമായി വകയിരുത്തി. നെല്‍വയല്‍ നികത്തി ബസ്ബേ നിര്‍മിക്കാനുള്ള പഞ്ചായത്ത് അധികൃതരുടെ ശ്രമവും നിര്‍മാണം അനിശ്ചിതത്വത്തിലാക്കി. ഫെഡറല്‍ ബാങ്ക് ഏനാത്ത് ശാഖക്ക് എതിര്‍വശം എം.സി റോഡരികില്‍ 10 സെന്‍റ് സ്ഥലമാണ് 2009ല്‍ ബസ്ബേക്കായി ഏറ്റെടുത്തത്. വയല്‍ സൗജന്യമായി നല്‍കിയ സ്വകാര്യവ്യക്തിക്ക് ബാക്കിയുള്ള ഒരേക്കറോളം വയല്‍ നികത്താന്‍ മൗനാനുവാദം നല്‍കിയെന്നാരോപിച്ച് സി.പി.ഐയും ഒരുവിഭാഗം സി.പി.എം നേതാക്കളും കോണ്‍ഗ്രസും രംഗത്തുവന്നു. വയലിന് എതിര്‍വശത്ത് ഏനാത്ത് ചന്തക്കായി വയല്‍ നികത്തിയപ്പോള്‍ സ്വകാര്യ വ്യക്തികള്‍ക്കും നികത്താന്‍ സി.പി.എം നേതൃത്വം നല്‍കിയിരുന്ന മുന്‍ പഞ്ചായത്ത് അധികൃതര്‍ ഒത്താശ ചെയ്തത്രേ. മുന്‍ ആര്‍.ഡി.ഒ എന്‍.കെ. സുന്ദരേശന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതി യോഗം പഞ്ചായത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. സര്‍ക്കാര്‍ അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് ബസ്ബേ നിര്‍മിക്കുന്നതിന് 2010 ഡിസംബറിലാണ് തുടക്കമിട്ടത്. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് അപ്പിനഴികത്ത് ശാന്തകുമാരിയാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. സര്‍ക്കാര്‍ അനുമതിയില്ലാതെ നിര്‍ദിഷ്ട സ്ഥലത്ത് മണ്ണിട്ടുനികത്താന്‍ തുടങ്ങിയപ്പോള്‍ ആര്‍.ഡി.ഒ ഇടപെട്ട് തടഞ്ഞു. ബസ്ബേ നിര്‍മാണത്തിന്‍െറ മറവില്‍ ഭൂമാഫിയയെ സഹായിക്കാനാണ് പഞ്ചായത്ത് ശ്രമിക്കുന്നതെന്ന് വ്യാപക ആരോപണമുയര്‍ന്നു. ബസ്ബേ നിര്‍മാണം തടസ്സപ്പെടുത്തിയ റവന്യൂ അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഏനാത്ത് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ സമരവും ഏഴംകുളം ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് ഹര്‍ത്താലും നടത്തി. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതിയുടെ കര്‍ശന നിലപാടിനൊടുവില്‍ ബസ്ബേക്ക് മാത്രമായി വയല്‍ നികത്താന്‍ അനുവാദം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.