വലിയതോടിനു കുറുകെ പുതിയ പാലം; പഴയത് അടുത്തമാസം പൊളിക്കും

പത്തനംതിട്ട: എം.സി റോഡില്‍ പന്തളം ജങ്ഷന് സമീപം വലിയ തോടിന് കുറുകെ പുതിയ പാലം നിര്‍മിക്കാനായി പഴയ പാലം പൊളിച്ചു നീക്കും. കാലപ്പഴക്കംചെന്ന പഴയപാലം പൊളിച്ചുനീക്കി പുതിയ പാലം പണിയാന്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കലക്ടര്‍ എസ്.ഹരികിഷോറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജൂലൈ 11ന് നിലവിലുള്ള പാലം പൊളിച്ചുനീക്കാനും ആറു മാസത്തിനുള്ളില്‍ പുതിയ പാലം പണിത് സഞ്ചാരയോഗ്യമാക്കുന്നതിനും തീരുമാനിച്ചു. പാലം പൊളിച്ചുനീക്കുന്ന സമയം ചെറിയ വാഹനങ്ങള്‍ മണികണ്ഠനാല്‍ത്തറ-മുട്ടാര്‍വഴിയും വലിയ വാഹനങ്ങള്‍ തുമ്പമണ്‍-അമ്പലക്കടവ്-കുളനട വഴിയും തിരിച്ചുവിടാമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇക്കാര്യം വിശദമായി പഠിച്ച് അനുയോജ്യമാര്‍ഗം ജില്ലാ പൊലീസ് മേധാവി മുഖേന ശിപാര്‍ശ ചെയ്യാന്‍ എസ്.ഐക്ക് നിര്‍ദേശം നല്‍കി. പാലം പണിക്ക് തടസ്സമാകുന്ന ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബിയും ടെലിഫോണ്‍ കേബ്ള്‍ മാറ്റി സ്ഥാപിക്കുന്നതിന് ബി.എസ്.എന്‍.എല്ലും ജലവിതരണം തടസ്സപ്പെടാതെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയും എസ്റ്റിമേറ്റ് തയാറാക്കി തുടര്‍നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.കെ. സതി, കൗണ്‍സിലര്‍ കെ.ആര്‍. രവി, പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സി. എന്‍ജിനീയര്‍ ജെ. അനില്‍കുമാര്‍, വാട്ടര്‍ അതോറിറ്റി എക്സി. എന്‍ജിനീയര്‍ ഡി. ജയിംസ്, കെ.എസ്.ടി.പി അസി. എക്സി. എന്‍ജിനീയര്‍ വി.ഐ. നസീം, കെ.എസ്.ഇ.ബി അസി. എന്‍ജിനിയര്‍ ടി. രമ, പന്തളം എസ്.ഐ ടി.എം. സൂഫി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.