ആഫ്രിക്കന്‍ ഒച്ച് വ്യാപിക്കുന്നു

പത്തനംതിട്ട: ആഫ്രിക്കന്‍ ഒച്ച് നഗരത്തിലേക്കും വ്യാപിക്കുന്നു. വലഞ്ചുഴി, കല്ലറക്കടവ്, ചുട്ടിപ്പാറ, പാറക്കടവ്, അഴൂര്‍ മേഖലകളിലാണ് ഒച്ചിനെ കണ്ടുതുടങ്ങിയത്. അച്ചന്‍കോവിലാറിന്‍െറ തീരങ്ങളോട് ചേര്‍ന്ന സ്ഥലങ്ങളിലാണ് ഒച്ച് ശല്യം കൂടുതല്‍. നദിയിലൂടെയാണ് ഇവ എത്തിയതെന്ന് കരുതുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഒച്ചുശല്യം കോന്നി മേഖലയിലാണ്. പത്തനംതിട്ട നഗരത്തില്‍ അച്ചന്‍കോവിലാറിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പൂര്‍ണവളര്‍ച്ചയത്തെിയ വലിയ ഇനം ഒച്ചുകളെയാണ് കാണുന്നത്. നാട്ടുകാര്‍ ഉപ്പിട്ട് ഒച്ചിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. വെയില്‍ അടിക്കുമ്പോള്‍ ഇവ മണ്ണിലേക്ക് ഉള്‍വലിയും. ഇലകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഇവ മഴയത്ത് പുറത്തേക്ക് ഇറങ്ങും. തണുപ്പുള്ള സ്ഥലങ്ങളില്‍ കൂട്ടത്തോടെയാണ് പ്രത്യക്ഷപ്പെടുന്നത്. വാഴ, പച്ചക്കറി തുടങ്ങിയ കൃഷികള്‍ നശിപ്പിക്കുന്നതോടെ നാട്ടുകാര്‍ ദുരിതത്തിലായി. കട്ടിയുള്ള തോട്ടിനുള്ളില്‍ കഴിയുന്നതിനാല്‍ പെട്ടെന്ന് നശിപ്പിക്കാന്‍ കഴിയില്ല. കോന്നിയില്‍ ഏറെ നാശം വിതച്ച ഒച്ച് പിന്നീട് ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. അടൂര്‍, ഓമല്ലൂര്‍, ചെന്നീര്‍ക്കര, വള്ളിക്കോട്, തുമ്പമണ്‍, അമ്പലക്കടവ്, റാന്നി, അങ്ങാടി പ്രദേശങ്ങളിലും വ്യാപകമാണ്. ചില പഞ്ചായത്ത് പ്രദേശങ്ങളില്‍ ഒച്ച് നശീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഫലപ്രദമല്ല. ബ്ളീച്ചിങ് പൗഡര്‍ വിതറല്‍, പുകയില കഷായം, തുരിശുലായിനി ഇവയൊക്കെയാണ് ആഫ്രിക്കന്‍ ഒച്ചിനെ നശിപ്പിക്കാനായി ഉപയോഗിക്കുന്നത്. ഒച്ച് നശീകരണത്തില്‍ പഞ്ചായത്തുകള്‍ അനാസ്ഥയാണ് കാട്ടുന്നത്. നഗരസഭാ നേതൃത്വത്തില്‍ കൂട്ടായ പരിശ്രമത്തില്‍ നഗരപ്രദേശത്ത് പ്രത്യക്ഷപ്പെട്ട ഒച്ചുകളെ പൂര്‍ണമായും നശിപ്പിക്കാനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.