പത്തനംതിട്ട: വിലക്കയറ്റത്തിനെതിരെ സമരം നടത്തുന്നതിനെപ്പറ്റി ആലോചിക്കുന്നതിന് വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഭാരവാഹികള്‍ ചേരിതിരിഞ്ഞ് കൈയാങ്കളിയുടെ വക്കിലത്തെിയതോടെ യോഗം പിരിച്ചുവിട്ടു. ആറന്മുളയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. ശിവദാസന്‍ നായരുടെ പരാജയത്തിന് കാരണക്കാരനായ ഡി.സി.സി വൈസ് പ്രസിഡന്‍റ് അനില്‍ തോമസിനെ യോഗത്തില്‍നിന്ന് പുറത്താക്കണമെന്ന് ശിവദാസന്‍ നായര്‍ അനുകൂലികള്‍ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഇരുകൂട്ടരും തമ്മിലെ വാഗ്വാദം കൈയാങ്കളിയില്‍ എത്തുന്ന അവസ്ഥ വന്നതോടെയാണ് യോഗം പിരിച്ചുവിട്ടത്. ശനിയാഴ്ച വൈകുന്നേരം നാലിന് ഡി.സി.സി ഓഫിസില്‍ ആറന്മുള ബ്ളോക് പ്രസിഡന്‍റ് ഉണ്ണികൃഷ്ണന്‍ നായരുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കെ.പി.സി.സി 20ന് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം തലത്തില്‍ നടത്തുന്ന വിലക്കയറ്റ വിരുദ്ധ സമരത്തെക്കുറിച്ച് ആലോചിക്കുന്നതിനായിരുന്നു യോഗം. ഡി.സി.സി, ബ്ളോക്, മണ്ഡലം കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളുമാണ് യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ഡി.സി.സിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ ശിവദാസന്‍ നായരെ അനുകൂലിക്കുന്ന ആരും പങ്കെടുത്തിരുന്നില്ല. ശനിയാഴ്ച ശിവദാസന്‍ നായര്‍ അനുകൂലികള്‍ സംഘടിച്ചാണ് യോഗത്തിന് വന്നത്. ഉണ്ണികൃഷ്ണന്‍ നായര്‍ അധ്യക്ഷ പ്രസംഗം നടത്തിയതിനുശേഷം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നേതാക്കളെ ക്ഷണിച്ചതോടെ ബഹളം തുടങ്ങി. ശിവദാസന്‍ നായരുടെ തോല്‍വിക്ക് കാരണക്കാരനായ അനില്‍ തോമസ് യോഗത്തില്‍നിന്ന് പുറത്തുപോകണമെന്ന ആവശ്യമാണ് ആദ്യം ഉയര്‍ന്നത്. ശിവദാസന്‍ നായരെ കാലുവാരിയതിന് കെ.പി.സി.സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ള അനില്‍ തോമസ് ഒരു കാരണവശാലും യോഗത്തിലുണ്ടാകാന്‍ പാടില്ളെന്ന് ആറന്മുള ബ്ളോക് കമ്മിറ്റിയില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ 23ന് യോഗം വിളിച്ചിട്ടുണ്ടെന്നും ഇന്നത്തേത് വിലക്കയറ്റ വിരുദ്ധ സമരത്തെപ്പറ്റി ചര്‍ച്ച ചെയ്യാനാണ് ചേര്‍ന്നിരിക്കുന്നതെന്നും വൈസ് പ്രസിഡന്‍റ് ആര്‍. ഇന്ദുചൂഡന്‍ പറഞ്ഞെങ്കിലും ശിവദാസന്‍ നായര്‍ അനുകൂലികള്‍ വഴങ്ങിയില്ല. ഇതിനിടെ ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ കെ.കെ. റോയിസണ്‍, എ. സുരേഷ്കുമാര്‍, എ. ഷംസുദ്ദീന്‍ എന്നിവര്‍ ബഹളം ശമിപ്പിക്കാന്‍ ശ്രമിച്ചു. കാലുവാരിയതിനെക്കുറിച്ച് ചര്‍ച്ച നടത്തിയിട്ട് മതി മറ്റെന്തുമെന്ന് ശിവദാസന്‍ നായര്‍ അനുകൂലികള്‍ പറഞ്ഞു. കാലുവാരികളെ വെച്ച് ഇവിടെ ഒരു സമരവും നടത്തേണ്ടെന്ന കടുംപിടിത്തത്തിലായിരുന്നു നേതാക്കള്‍. വീണ ജോര്‍ജിന്‍െറ പണം കൈപ്പറ്റി ശിവദാസന്‍ നായര്‍ക്കെതിരെ വോട്ട് മറിക്കാന്‍ വീടുകയറിയവര്‍ യോഗത്തില്‍ വേണ്ടെന്ന് ഡി.സി.സി ഭാരവാഹികളായ വിനീത അനില്‍, എന്‍.സി. മനോജ്, എം.ജി. കണ്ണന്‍, ആറന്മുള ബ്ളോക് കമ്മിറ്റിയില്‍നിന്നുള്ള ഹരികുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഇതിനിടെ കോയിപ്രം മുന്‍ മണ്ഡലം പ്രസിഡന്‍റ് ജോര്‍ജ് സക്കറിയക്ക് എതിരെയും ആരോപണം ഉയര്‍ന്നു. ഇദ്ദേഹം വീടുകയറി ശിവദാസന്‍ നായര്‍ക്ക് എതിരെ പ്രവര്‍ത്തിച്ചുവെന്നായിരുന്നു എതിര്‍വിഭാഗത്തിന്‍െറ ആരോപണം. വാഗ്വാദവും പോര്‍വിളിയും കൈയാങ്കളിയിലേക്ക് നീങ്ങിയ ഘട്ടത്തിലാണ് യോഗം പിരിച്ചുവിട്ടത്. കാലുവാരല്‍ സംഭവത്തില്‍ ആരോപണ വിധേയരായ ഡി.സി.സി ജന. സെക്രട്ടറിമാരായ എം.സി. ഷരീഫ്, അഡ്വ. ഷാം കുരുവിള എന്നിവര്‍ യോഗത്തിന് എത്തിയിരുന്നില്ല. 20ന് നടക്കുന്ന വിലക്കയറ്റ വിരുദ്ധ സമരം അതത് സ്ഥലങ്ങളില്‍ ചുമതലപ്പെട്ട നേതാക്കള്‍ നടത്തുക എന്ന നിര്‍ദേശം നല്‍കിക്കൊണ്ടാണ് യോഗം പിരിച്ചുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.