പത്തനംതിട്ട: നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇതോടെ ജനം ദുരിതത്തിലായി. രാവിലെയും വൈകീട്ടുമാണ് ഗതാഗതക്കുരുക്ക് കൂടുതലായും അനുഭവപ്പെടുന്നത്. സെന്‍ട്രല്‍ ജങ്ഷന്‍, അബാന്‍ ജങ്ഷന്‍ എന്നിവിടങ്ങളില്‍ വാഹനക്കുരുക്ക് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. സ്കൂള്‍ വാഹനങ്ങള്‍ ഒന്നിച്ച് നിരത്തിലിറങ്ങിയതും ഗതാഗതക്കുരുക്കിന് കാരണമായി. നഗരസഭ പ്രദേശത്ത് എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലെ 10ഓളം സ്കൂളുകള്‍ക്ക് 10മുതല്‍ 25വരെ സ്കൂള്‍ വാഹനങ്ങള്‍ ഉണ്ട്. രാവിലെയും വൈകീട്ടും ടൗണിലും റിങ് റോഡ് വഴിയും ഒന്നിച്ചുകടന്നുപോകുന്നത് തിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. പന്തളം, കോഴഞ്ചേരി ഭാഗത്തേക്കുള്ള ബസുകള്‍ സെന്‍ട്രല്‍ ജങ്ഷന്‍ വഴിയാണ് പോകുന്നത്. മാര്‍ക്കറ്റ് ദിവസങ്ങളായ തിങ്കള്‍, വ്യാഴം ദിവസങ്ങളിലെ സ്ഥിതിയും സമാനമാണ്. സെന്‍ട്രല്‍ ജങ്ഷനില്‍ കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍പോലും കഴിയാത്ത സ്ഥിതിയാണ്. പ്രായമായവരും രോഗികളും ഏറെ കാത്തുനിന്ന് ആരുടെയെങ്കിലും സഹായത്തോടെയാണ് റോഡ് മുറിച്ചുകടക്കുന്നത്. മിനിസിവില്‍ സ്റ്റേഷന്‍, മാര്‍ക്കറ്റ്, കോടതി എന്നിവിടങ്ങളിലേക്ക് വരുന്ന വാഹനങ്ങളും സെന്‍ട്രല്‍ ജങ്ഷനില്‍ എത്തിയാണ് പോകുന്നത്. ഇതുകൂടിയാകുമ്പോള്‍ തിരക്ക് നിയന്ത്രണാധീതമാണ്. പലപ്പോഴും ജനറല്‍ ആശുപത്രി പടിവരെ വാഹനനിര നീളും. റോഡിന്‍െറ ഇരുവശങ്ങളിലും അനധികൃത വാഹനങ്ങള്‍ പാര്‍ക്കിങ്ങുമുണ്ട്. പഴയ ബസ് സ്റ്റാന്‍ഡിലെ നഗരസഭ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയെങ്കിലും അത് ഉപയോഗിക്കുന്നില്ല. വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തിയതാണ് കാരണം. എന്നാല്‍, അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടിയെടുക്കാന്‍ പൊലീസും തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.