കടമ്പനാട്, നാറാണംമൂഴി പഞ്ചായത്തില്‍ സ്കൂളുകളില്‍ ഇനി പച്ചക്കറിത്തോട്ടം

പത്തനംതിട്ട: സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയുടെ ഭാഗമായി കടമ്പനാട്, നാറാണംമൂഴി പഞ്ചായത്തുകളിലെ എല്ലാ സ്കൂളുകളിലും പച്ചക്കറിത്തോട്ടം ഒരുക്കും. കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം. പച്ചക്കറി വിത്ത്, വളം, വിദ്യാര്‍ഥികള്‍ക്ക് കൃഷിയില്‍ പരിശീലനം നല്‍കും. കൃഷിവകുപ്പ് ഒരു സ്കൂളിന് 5000 രൂപ വീതവും നല്‍കും. രണ്ടു പഞ്ചായത്തുകളിലും ജലസേചനത്തിനുള്ള പമ്പ് സെറ്റുകളും പോളി ഹൗസുകളും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കും. നാറാണംമൂഴിയില്‍ 44 യൂനിറ്റ് ഗ്രോബാഗുകള്‍ വിതരണം ചെയ്തു. രണ്ടിടത്തും ആനിമല്‍ ഹെല്‍ത്ത് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ കോളനികളിലും ആദിവാസി മേഖലകളിലും ആരോഗ്യ ക്യാമ്പുകള്‍ നടത്തും. കടമ്പനാടും നാറാണംമൂഴിയിലുമുള്ള കര്‍ഷകര്‍ക്ക് മണ്ണു പരിശോധിച്ച് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ജൂലൈ 31നകം നല്‍കും. തൊഴിലുറപ്പ് പദ്ധതിയില്‍ നാറാണംമൂഴിയില്‍ 65 ലക്ഷം രൂപയും കടമ്പനാട് 93.45 ലക്ഷം രൂപയും വിതരണം ചെയ്തു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ദീന്‍ദയാല്‍ ഉപാധ്യായ കൗശല്യ യോജന നടപ്പാക്കും. ബി.പി.എല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പരിശീലനം നല്‍കി ജോലി ലഭ്യമാക്കുന്ന പദ്ധതിയാണിത്. കാന്‍സര്‍, വൃക്ക, ഹൃദ്രോഗം ബാധിച്ചവരുടെ റേഷന്‍ കാര്‍ഡ് ചില നിബന്ധനകള്‍ പരിഗണിച്ച് ബി.പി.എല്‍ ആക്കി നല്‍കുന്നതിന് നടപടി സ്വീകരിക്കും. സാമൂഹികനീതി വകുപ്പ് അംഗപരിമിതര്‍ക്കായി പ്രത്യേക ക്യാമ്പ് നടത്തി കാര്‍ഡുകള്‍ വിതരണംചെയ്യും. രണ്ടു പഞ്ചായത്തുകളിലും ആവശ്യമായ കക്കൂസുകള്‍ ശുചിത്വമിഷന്‍െറ നേതൃത്വത്തില്‍ നിര്‍മിക്കും. പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പഞ്ചായത്ത് അംഗങ്ങളുടെ ആലോചനായോഗം 21ന് രണ്ടിടത്തും ചേരും. റാന്നി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ മധു, നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്‍റ് മോഹന്‍രാജ്, കടമ്പനാട് പഞ്ചായത്ത് പ്രസിഡന്‍റ് അജീഷ്, പറക്കോട് ബ്ളോക് പഞ്ചായത്ത് അംഗം രാജഗോപാല്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.