അധ്യാപക നിയമനം നടന്നില്ല: ചേരിക്കല്‍ ഐ.ടി.ഐക്ക് അനുവദിച്ച കോടികള്‍ പാഴാകുന്നു

പന്തളം: അധ്യാപക നിയമനം നടക്കാത്തതിനാല്‍ ചേരിക്കല്‍ ഐ.ടി.ഐക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കോടികള്‍ പാഴാകുന്നു. പട്ടികജാതി വികസന വകുപ്പിന്‍െറ ഉടമസ്ഥതയില്‍ ചേരിക്കല്‍ ഐ.ടി.ഐയിലാണ് പ്രതിസന്ധി. പി.പി പദ്ധതിപ്രകാരം ഐ.ടി.ഐ അപ്ഗ്രേഡ് ചെയ്യുന്നതിന് 2012 മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാറില്‍നിന്ന് വായ്പയായി 250കോടി അനുവദിച്ചത്. ഈഫണ്ടില്‍നിന്ന് വലിയൊരു ശതമാനം ഇനിയും വിനിയോഗിച്ചിട്ടില്ല. ശേഷിച്ച തുകക്ക് വാങ്ങിയ ഉപകരണങ്ങളും തുരുമ്പെടുത്തു. 10 വര്‍ഷത്തിനുശേഷം 20 വര്‍ഷംകൊണ്ട് വായ്പ തിരിച്ചടച്ചാല്‍ മതിയാകും. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഫണ്ട് പൂര്‍ണമായും ചെലവഴിക്കണമെന്നാണ് വ്യവസ്ഥ. ഇന്‍ഡസ്ട്രിയല്‍ പാര്‍ട്ണര്‍ ടാറ്റാ മോട്ടോഴ്സാണ്. ഒരുട്രേഡ് മാത്രം നിലവിലുള്ള ഐ.ടി.ഐയില്‍ അധികമായി ഐ.ഡി.പി പ്രകാരം ഇലക്ട്രീഷന്‍, മെക്കാനിക്, മോട്ടോര്‍ വെഹിക്ക്ള്‍ എന്നീ ട്രേഡുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ കരാര്‍ അനുസരിച്ച് ഇതിന് ആവശ്യമായ ജീവനക്കാരെ സംസ്ഥാന സര്‍ക്കാറാണ് നിയമിക്കുന്നത്. എന്നാല്‍, ഇതിന് ആവശ്യമായ തസ്തിക സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. അധ്യാപകരെ നിയമിച്ച് ട്രേഡ് ആരംഭിച്ചാല്‍ മാത്രമേ കേന്ദ്ര ഫണ്ട് ഉപയോഗിക്കാനാവൂ. 250 കോടി കേന്ദ്ര ഫണ്ടില്‍നിന്ന് ചെലവഴിച്ചത് 68,40,262 രൂപയാണ്. സിവില്‍ ജോലികള്‍ക്ക് നീക്കിവെച്ച 41 ലക്ഷം രൂപയില്‍ 30,32,539 രൂപയും പഠനോപകരണങ്ങള്‍ക്കായി നീക്കിവെച്ച 121 ലക്ഷം രൂപയില്‍ 32,28,731 രൂപയുമാണ് ചെലവഴിച്ചത്. ബാക്കി തുക ചെലവാക്കുന്നതിനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചെങ്കിലും ട്രേഡ് ആരംഭിച്ചിട്ട് പഠനോപകരണങ്ങള്‍ വാങ്ങിയാല്‍ മതിയെന്നായിരുന്നു ഐ.എം.സിയുടെ നിര്‍ദേശം. ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കാതിരിക്കാന്‍ ഐ.എം.സിയുടെ മുന്‍കരുതലിന്‍െറ ഭാഗമായിരുന്നു ഇത്. ഇന്‍സ്ട്രക്ടര്‍ തസ്തിക സൃഷ്ടിച്ച് ട്രേഡ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി ഡയറക്ടറേറ്റിലേക്ക് പലതവണ എഴുതിയിട്ടും താല്‍ക്കാലിക നിയമനത്തിന് പോലും അനുമതി ലഭിച്ചില്ല. പട്ടികജാതി വികസന ഡയറക്ടര്‍ വിളിച്ചുചേര്‍ത്ത ട്രെയ്നിങ് സൂപ്രണ്ടുമാരുടെ യോഗത്തില്‍ താല്‍ക്കാലിക ഇന്‍സ്ട്രക്ടര്‍ തസ്തിക സൃഷ്ടിക്കാമെന്നും പറഞ്ഞിരുന്നു. ആഗസ്റ്റില്‍ ആരംഭിക്കുന്ന അധ്യയന വര്‍ഷത്തില്‍ പുതിയ ട്രേഡ് തുടങ്ങാന്‍ കഴിഞ്ഞില്ളെങ്കില്‍ ഒരുവര്‍ഷം കൂടി നഷ്ടമാകും. പദ്ധതിയുടെ പുതിയ ഗൈഡ് ലൈന്‍ അനുസരിച്ച് കഴിഞ്ഞ മാര്‍ച്ചിനുശേഷം ഒരുകോടി രൂപയില്‍ കൂടുതല്‍ അക്കൗണ്ടില്‍ ഉണ്ടാകാനും പാടില്ല. നിലവില്‍ രണ്ടുകോടിയിലധികം അക്കൗണ്ടില്‍ ബാക്കിയുണ്ടത്രേ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.