കൊതുക് പെരുകുന്നു; റാന്നിയില്‍ ഇന്ന് ഡ്രൈഡേ

റാന്നി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വക ഞായറാഴ്ച മഴക്കാലപൂര്‍വ പരിസര ശുചീകരണവും ബോധവത്കരണവും തുടങ്ങും. മുന്‍ വര്‍ഷങ്ങളില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ ഉണ്ടായിരിക്കുന്നത് റാന്നി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലായിരുന്നു. രോഗബാധക്കൊപ്പം മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞവര്‍ഷം ഡെങ്കിപ്പനി കേസുകള്‍ കുറഞ്ഞു. വേനലും മഴയും ഇപ്പോള്‍ ഇടവിട്ടുള്ള മഴയും കൊതുകിന്‍െറ വളര്‍ച്ചക്കും വ്യാപനത്തിനും ആക്കം കൂട്ടിയിരിക്കുകയാണ്. താലൂക്കില്‍ ആകമാനം നാല്‍പതിലേറെ ഡെങ്കിപ്പനി കേസുകളാണ് രക്തപരിശോധനയിലൂടെ കണ്ടത്തെിയിട്ടുള്ളത്. അങ്ങാടി, റാന്നി, വെച്ചൂച്ചിറ, ചിറ്റാര്‍, പെരുനാട് പഞ്ചായത്തുകളിലാണ് രോഗബാധ ഏറെയും. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് ‘ഡ്രൈഡേ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി റാന്നി ബ്ളോക് പരിധിയിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളും ഇന്നു മുതല്‍ ബോധവത്കരണത്തിന് പ്രാധാന്യം നല്‍കുന്നത്. റബര്‍ മേഖലയില്‍ അനക്കാതെ ദിവസങ്ങളോളം ഇട്ടിരിക്കുന്ന റബര്‍ ചിരട്ടയിലെ മലിനജലമാണ് കൊതുക് വ്യാപനത്തിന് പ്രധാനകാരണമെന്ന് കണ്ടത്തെിയിട്ടുണ്ട്. കൊക്കോചെടികളിലെ കായകള്‍ അണ്ണാന്‍ തുരന്നെടുത്ത് ഉള്ളിലെ മാതളവും കുരുവും എടുത്തശേഷം തൊണ്ടുകള്‍ കൊക്കോമരത്തില്‍തന്നെ നില്‍ക്കുന്നു. ഈ തൊണ്ടുകള്‍ മാസങ്ങളോളം നശിക്കാതെ മരത്തില്‍ തങ്ങിനില്‍ക്കുമ്പോള്‍ ഇതില്‍ സംഭരിക്കപ്പെടുന്ന വെള്ളത്തില്‍ ആരുടെയും ശ്രദ്ധയില്‍പെടാതെ വന്‍തോതില്‍ കൊതുകുവളരുന്നു. ഇവക്കെല്ലാം എതിരെയുള്ള ബോധവത്കരണവും പ്ളാസ്റ്റിക് മാലിന്യങ്ങളുടെ ഒഴിവാക്കലും രോഗം പിടിപെടാതിരിക്കാന്‍ ഉണ്ടാവണമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം. പരിസര ശുചീകരണത്തിനൊപ്പം പ്ളാസ്റ്റിക്, ഫ്ളക്സുകള്‍ എന്നിവയുടെ ഒഴിവാക്കലും മാലിന്യശേഖരണവും ബ്ളോക്കുതല പ്രവര്‍ത്തനങ്ങളുടെ പ്രധാന ലക്ഷ്യങ്ങളാണ്. റബര്‍ മേഖലയില്‍ നിര്‍ബന്ധമായും ചിരട്ട കമഴ്ത്തിവെക്കണമെന്ന നിര്‍ദേശം ഉടമക്കും തൊഴിലാളികള്‍ക്കും നല്‍കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.