പമ്പാനദി അശാസ്ത്രീയ വികസനത്തില്‍ ഊര്‍ധ്വശ്വാസം വലിക്കുന്നു

വടശേരിക്കര: പുണ്യനദിയായി പുകള്‍പെറ്റ പമ്പ തീര്‍ഥാടനത്തിന്‍െറ പേരില്‍ നടത്തുന്ന അശാസ്ത്രീയ വികസനത്തില്‍ ഊര്‍ധ്വശ്വാസം വലിക്കുന്നു. കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയായ പമ്പാനദിയാണ് ശബരിമല തീര്‍ഥാടന മാലിന്യവും പാരിസ്ഥിതിക ആഘാതവും ഏറ്റുവാങ്ങി സ്വയം നശിക്കുന്നത്. 176 കി.മീ. നീളത്തില്‍ 2355 ച.കി. നദീതടപ്രദേശത്തെ ആവാസവ്യവസ്ഥയും ഗുരുതരമായ രീതിയില്‍ താറുമാറായിക്കൊണ്ടിരിക്കുകയാണ്. ശബരിമല തീര്‍ഥാടന കേന്ദ്രത്തെ തഴുകിയൊഴുകി ദക്ഷിണഗംഗയെന്നും പുണ്യനദിയെന്നും പേരുകേട്ട പമ്പ പ്രകൃതിക്കു മേലുള്ള മനുഷ്യന്‍െറ കടന്നുകയറ്റം മൂലം നാശത്തിന്‍െറ പടുകുഴിലത്തെിയിട്ടും ഈ നദി നിലനിര്‍ത്താനുള്ള കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ കൂടി ഒഴുകുന്ന പമ്പാ നദിയെ ആ±്രശയിച്ചും ജലസ്രോതസ്സിനെ പ്രയോജനപ്പെടുത്തിയും പതിനായിരക്കണക്കിന് കുടുംബങ്ങള്‍ അധിവസിക്കുന്നുണ്ട്. പത്തോ ഇരുപതോ വര്‍ഷം മുമ്പുവരെ തെളിനീരൊഴുകിയിരുന്ന പമ്പാനദിയില്‍ ഇപ്പോള്‍ കൂടിയ അളവില്‍ കോളിഫോം ബാക്ടീരിയയും രോഗാണുക്കളുമാണ്. നദിയിലെ സൂക്ഷ്മജീവികളും കല്ലൂര്‍ വഞ്ചി പോലുള്ള അപൂര്‍വ ഒൗഷധങ്ങളും കുയിലും പമ്പനും നെയ്ക്കൂരിയും പോലുള്ള അപൂര്‍വയിനം മത്സ്യസമ്പത്തും നശിച്ചുകഴിഞ്ഞു. നദിയിലുടനീളം മണ്‍പുറ്റുകള്‍ രൂപപ്പെട്ട് സ്വാഭാവിക ഒഴുക്കുനിലച്ചു. മഴക്കാലത്തല്ലാതെ നദിയില്‍ കുളിച്ചാല്‍ ചൊറിയും ത്വഗ്രോഗങ്ങളും പതിവായി. മലവെള്ളം പെരുകി ശബരിമലയും പമ്പയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ മാലിന്യം കുട്ടനാട്ടിലേക്ക് ഇരച്ചുചെല്ലുന്നത് കുട്ടനാട്ടില്‍ രോഗം വിതക്കുന്നെന്ന കണ്ടത്തെലിനും ഏറെ പ്രസക്തിയുണ്ട്. കോടിക്കണക്കിന് തീര്‍ഥാടകരത്തെുന്ന ശബരിമലയിലും പമ്പയിലും ശാസ്ത്രീയ മാലിന്യനിര്‍മാര്‍ജന പദ്ധതിയില്ലാത്തതും ബ്ളീച്ചിങ് പൗഡറിന്‍െറയും രാസവസ്തുക്കളുടെയും അമിത ഉപയോഗവുമാണ് പമ്പാനദിയുടെ മലിനീകരണത്തിന് പ്രധാന പങ്ക് വഹിക്കുന്നത്. മനുഷ്യ വിസര്‍ജ്യം ശാസ്ത്രീയമായി സംസ്കരിക്കാത്തതും ആത്യന്തികമായി അത് പമ്പാനദിയില്‍ പതിക്കുന്നതും പമ്പയിലെ ജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിക്കുന്നതിനും നദിയുടെ തീരങ്ങളില്‍ രോഗം വിതക്കുന്നതിനും കാരണമാകുന്നുണ്ട്. പീരുമേട്ടിലെ 1650 മീറ്റര്‍ ഉയരത്തിലുള്ള പുളിച്ചിമേട്ടില്‍നിന്നുമാരംഭിച്ച് വേമ്പനാട്ടുകായലിലും അറബിക്കടലിലും കൈവഴി പിരിഞ്ഞ് പതിക്കുന്ന പമ്പാനദിയെ മാലിന്യമുക്തമാക്കുകയെന്നാല്‍ കേരളത്തിലെ വലിയൊരു ശതമാനം ജനതയെ രോഗമുക്തരാക്കുക എന്നുകൂടി അര്‍ഥമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.