പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികള്‍

പത്തനംതിട്ട: ജില്ലാ മെഡിക്കല്‍ ഓഫിസും ജില്ലാ പാലിയേറ്റിവ് യൂനിറ്റും സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണവും സാന്ത്വന പരിചരണ കൂട്ടായ്മയും സാന്ത്വന പരിചരണ സദ്ധസേന രൂപവത്കരണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ജി. അനിത വൃക്ഷത്തൈ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി ശ്യാം മോഹന്‍ സാന്ത്വനസേനയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ഡി.എം.ഒയുടെ ചുമതലയുള്ള ഡോ.എല്‍. അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ഡെപ്യുട്ടി ഡി.എം.ഒ ഡോ.ടി. അനിതകുമാരി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുഭഗന്‍, ഡോ. ദേവകിരണ്‍, ഡോ. ദീപു , ഡോ. പ്രതിഭ, പാലിയേറ്റിവ് ജില്ലാ കോഓഡിനേറ്റര്‍ ഷാന്‍ രമേശ് ഗോപന്‍, സ്കൗട്ട് ആന്‍ഡ് ഗൈഡ് പ്രോഗ്രാം ഓഫിസര്‍ അരുന്ധതി തുടങ്ങിയവര്‍ സംസാരിച്ചു. തിരുവല്ല: യു.ആര്‍.ഐ പീസ് സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. ഇതോടനുബന്ധിച്ച സൗഹൃദ കൂട്ടായ്മ പായിപ്പാട് പഞ്ചായത്ത് അംഗംഅനിജ പ്രീതകുമാര്‍ ഉദ്ഘാടനം ചെയ്തു. സെന്‍റര്‍ ഡയറക്ടര്‍ ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. മരം നടീല്‍, പരിസ്ഥിതി ഐക്യദാര്‍ഢ്യ പ്രതിജ്ഞ, ക്വിസ് പ്രോഗ്രാം എന്നിവയോടെയാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. പത്തനംതിട്ട: കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളിലൂടെ ജീവജാലങ്ങളും ഭൂമിയും മരിക്കാതിരിക്കാന്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കേണ്ടത് ഓരോ പൗരന്‍െറയും കടമയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയുടെ ഭാഗമായി പത്തനംതിട്ട ദാരിദ്ര്യലഘൂകരണ വിഭാഗം സംഘടിപ്പിച്ച ജൈവവൈവിധ്യവും പരിസ്ഥിതി വ്യതിയാനവും എന്ന വിഷയത്തെക്കുറിച്ച് റാന്നി, പുളിക്കീഴ്, കോയിപ്രം, മല്ലപ്പളളി ബ്ളോക്കുകളിലെ തെരെഞ്ഞെടുത്ത കര്‍ഷകര്‍ക്കായുളള ബോധവത്കരണ ക്ളാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍ . ഉദ്ഘാടനത്തോടനുബന്ധിച്ച് കര്‍ഷകര്‍ക്ക് വൃക്ഷത്തൈകളും പച്ചക്കറിവിത്തും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതിദിന സന്ദേശവും അദ്ദേഹം നല്‍കി. ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.ജി. രാജന്‍ ബാബു, അസി. പ്രോജക്ട് ഓഫിസര്‍ കെ. ബീന, ടി. അലക്സാണ്ടര്‍ എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന ഗ്രാമവികസന ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കല്‍റ്റി എബിന്‍ വര്‍ഗീസ് നേതൃത്വം നല്‍കി. ഇരവിപേരൂര്‍, കുറ്റൂര്‍ ഗ്രാമപഞ്ചായത്തുകള്‍ നടപ്പാക്കുന്ന ‘നാളേക്ക് നമുക്കൊരു മരം’ കാമ്പയിന് ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച തുടക്കമാകും. രാവിലെ 10.30 ന് ഇരവിപേരൂര്‍ സെന്‍റ് ജോസ് സ്കൂളില്‍ മരം നട്ട് വീണ ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഇരവിപേരൂര്‍ ഗ്രാമപഞ്ചാത്ത് പ്രസിഡന്‍റ് ഗീത അനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും. മുന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായര്‍ മുഖ്യപ്രഭാഷണം നടത്തും. ടി.കെ. റോഡ്, എം.സി റോഡ് എന്നിവയുടെ ഇരുവശങ്ങള്‍, സ്കൂള്‍ വളപ്പുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മരം വെച്ചുപിടിപ്പിക്കും. മരങ്ങള്‍ പരിപാലിക്കുന്നതിന് കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, സദ്ധസംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ജൈവവൈവിധ്യ ബോര്‍ഡിന്‍െറ നേതൃത്വത്തില്‍ ഓരോ മാസവും നട്ടമരങ്ങളുടെ വളര്‍ച്ചയും ആരോഗ്യവും വിലയിരുത്തുകയും നാല് മാസത്തിലൊരിക്കല്‍ അവലോകനയോഗത്തില്‍ ചര്‍ച്ചചെയ്ത് നടപടി സ്വീകരിക്കുകയും ചെയ്യും. പരിസ്ഥിതിദിന സന്ദേശമായ തുടരട്ടെ ജീവന്‍െറ ഉന്മത്തനൃത്തം എന്ന സന്ദേശം പൊതുസമൂഹത്തിലും വിദ്യാലയങ്ങളിലും പ്രചരിപ്പിക്കാന്‍ സര്‍വശിക്ഷാ അഭിയാനും. സ്കൂളുകള്‍ വഴി വീടുകളില്‍ വൃക്ഷത്തൈകള്‍ എത്തിക്കുന്നുണ്ട്. എന്നാല്‍, വിദ്യാര്‍ഥികളില്ലാത്ത വീടുകളില്‍ തൈകള്‍ നട്ടും പരിസ്ഥിതിദിന സന്ദേശം നല്‍കിയുമാണ് പത്തനംതിട്ട ബി.ആര്‍.സി പരിസ്ഥിതിദിന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വീടുകളില്‍ വൃക്ഷത്തൈകള്‍ നടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ബി.പി.ഒ ഷാജി എ. സലാം, ട്രയ്നര്‍ പി.കെ. സദാശിവന്‍ പിള്ള,ജെ.എസ്. ജയേഷ്, എന്‍.എസ്. അനിത, കെ. ലത, കെ.ആര്‍. രമ്യ എന്നിവര്‍ നേതൃത്വം നല്‍കി. കോഴഞ്ചേരി: ഈസ്റ്റ് ബഥേല്‍ മാര്‍ത്തോമ യുവജനസഖ്യത്തിന്‍െറ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ 9.30ന് കോഴഞ്ചേരി ഈസ്റ്റ് ബഥേല്‍ പ്രാര്‍ഥനാലയത്തില്‍ വൃക്ഷത്തൈ നടീലും വിതരണവും നടക്കും. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി ശ്യം മോഹന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് റവ. ജോയല്‍ സാമുവല്‍ തോമസ് അധ്യക്ഷത വഹിക്കും. തിരുവല്ല: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് തിരുവല്ല സോഷ്യല്‍ സര്‍വിസ് സൊസൈറ്റി, (ബോധന)യുടെയും എം.സി.വൈ.എം. തിരുവല്ല അതിരൂപതയുടെയും ആഭിമുഖ്യത്തില്‍ വൃക്ഷസമൃദ്ധി പദ്ധതിക്ക് തുടക്കം കുറിച്ചു. എം.സി.വൈ.എം.രൂപതാ പ്രസിഡന്‍റ് ജസ്റ്റിന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. ബോധന ഡയറക്ടര്‍ ഫാ. തോമസ് പയ്യമ്പള്ളില്‍ പ്രഭാഷണം നടത്തി. എം.സി.വൈ.എം അതിരൂപതാ ഡയറക്ടര്‍ ഫാ.ജോര്‍ജജ് വലിയപറമ്പില്‍, അനീഷ് മാമ്മൂട്ടില്‍ വാര്‍ഡ് മെംബര്‍ സൂസമ്മ മാത്യു എന്നിവര്‍ സംസാരിച്ചു. കോന്നി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സാമൂഹിക വനവത്കരണ വകുപ്പ് നേതൃത്വത്തില്‍ നട്ടുവളര്‍ത്തിയ അഞ്ചു ലക്ഷം വൃക്ഷത്തൈകളുടെ വിതരണം തുടങ്ങി. കോന്നി, പന്തളം, ചൂഴിക്കാട്, കടപ്ര, ആലംതുരുത്തി, വള്ളംകുളം, കുരമ്പാ നഴ്സറികളില്‍നിന്നുമാണ് തൈകളുടെ വിതരണം. 24 ഇനത്തില്‍പെട്ട ഇനം സസ്യങ്ങളാണ് വിതരണം ചെയ്യുന്നത്. ഇതില്‍ രണ്ടരലക്ഷം വൃക്ഷത്തൈകളും രണ്ടര ലക്ഷം തേക്കിന്‍ സ്റ്റംബുകളുമാണ് വിതരണം ചെയ്യുന്നത്. ലോകപരിസ്ഥിതി ദിനത്തില്‍ സ്കൂളുകള്‍ക്ക് സൗജന്യമായും ഗ്രാമപഞ്ചായത്ത്, രാഷ്ട്രീയ പാര്‍ട്ടികള്‍, മതസ്ഥാപനങ്ങള്‍ എന്നിവക്ക് 50 പൈസ നിരക്കിലും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് രണ്ടു രൂപനിരക്കിലുമാണ് തൈകള്‍ വിതരണം ചെയ്യുന്നത്. തേക്ക്, മഹാഗണി, റമ്പുട്ടാന്‍, പേര, സീതപ്പഴം, ചന്ദനം, വേപ്പ്, നീര്‍മരുത്, ലക്ഷ്മിതരു, മാതളം, കറിവേപ്പ്, ആര്യവേപ്പ്, ഊങ്ങ്, മന്ദാരം, താന്നി, കൂവളം, ഗോള്‍ഡ് ഷവര്‍, കരിങ്ങാലി, ചമത തുടങ്ങിയ വൃക്ഷത്തൈകളാണ് സാമൂഹിക വനവത്കരണ വിഭാഗം ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.