പഴവങ്ങാടിയില്‍ ആധുനിക ശ്മശാനം, വടശേരിക്കരയില്‍ അറവുശാല

റാന്നി: പഴവങ്ങാടി പഞ്ചായത്തില്‍ ആധുനിക ശ്മശാനത്തിന് നിര്‍മാണാനുമതി ലഭിച്ചതായി രാജു എബ്രഹാം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ അഭ്യര്‍ഥനപ്രകാരം തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരും ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. പഴവങ്ങാടി പഞ്ചായത്തിലെ ജണ്ടായിക്കലാണ് പുതിയ ഗ്യാസ് അധിഷ്ഠിത ക്രിമറ്റോറിയം നിര്‍മിക്കുക. ഇതിനായി 80 ലക്ഷം രൂപ സര്‍ക്കാര്‍ ചെലവഴിക്കും. ഇതോടെ ഉറ്റവര്‍ മരിച്ചാല്‍ മൃതദേഹം സംസ്കരിക്കാന്‍ ഒരുതുണ്ട് ഭൂമിയില്ലാത്ത നിയോജക മണ്ഡലത്തിലെ നിരവധി പാവങ്ങളുടെ നീറുന്ന പ്രശ്നത്തിന് പരിഹാരമാകും. ദീര്‍ഘനാളായി വിവിധ സംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ചു വരികയായിരുന്നു. വടശേരിക്കര മാര്‍ക്കറ്റില്‍ ഒന്നേകാല്‍ കോടി മുടക്കി ആധുനിക അറവുശാല അടുത്തവര്‍ഷം നിര്‍മിക്കും. പഴവങ്ങാടി പഞ്ചായത്തിലെ ഇട്ടിയപ്പാറയില്‍ നിര്‍മാണം ആരംഭിച്ച അറവുശാലക്ക് 30 ലക്ഷം രൂപ കൂടി നല്‍കാനുള്ള നടപടി പൂര്‍ത്തിയായി. കൊറ്റനാട് പഞ്ചായത്തില്‍ 20 ലക്ഷം രൂപ മുടക്കി സെല്ലാര്‍ സൗകര്യമുള്ള ശ്മശാനം നിര്‍മിക്കാന്‍ തീരുമാനിച്ചു. വെച്ചൂച്ചിറയില്‍ ചാത്തനതറയിലുള്ള പൊതുശ്മശാനത്തിന് സെല്ലാര്‍ നിര്‍മിക്കാന്‍ എം.എല്‍.എ ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ അനുവദിക്കാനും തീരുമാനമായി. ശ്മശാനങ്ങളുയെും സെല്ലാറുകളുടെയും അറ്റകുറ്റപ്പണിക്ക് എല്ലാ പഞ്ചായത്തുകളും തങ്ങളുടെ വിഹിതം നല്‍കണം. പഴവങ്ങാടിയിലെ ശ്മശാനത്തിന് 1.25 കോടിയാണ് വേണ്ടത്. സര്‍ക്കാര്‍ അനുവദിച്ചതിന്‍െറ ബാക്കി തുക കണ്ടെത്തേണ്ടതുണ്ട്.വടശേരിക്കരയിലെ അറവുശാല ആധുനിക സൗകര്യങ്ങളോടെയാണ് നിര്‍മിക്കുന്നത്. നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും ഇതിന്‍െറ പ്രയോജനം ലഭിക്കും. അറവുമാടുകളുടെ മാലിന്യം ഉള്‍പ്പെടെ ട്രീറ്റ് ചെയ്ത് ഒരു ശതമാനംപോലും മാലിന്യം ഉണ്ടാകാത്ത വിധമാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് ജോയന്‍റ് ഡയറക്ടര്‍ കെ.പി. സാബു, ശുചിത്വ മിഷന്‍ ഡയറക്ടര്‍ ഡോ.കെ. വാസുകി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ മോഹന്‍രാജ് ജേക്കബ്, തോമസ് തമ്പി, മണിയാര്‍ രാധാകൃഷ്ണന്‍, അനു ടി. ശാമുവല്‍, ജയന്‍ പുളിക്കല്‍, ബാബു പുല്ലാട്ട്, ശശികല രാജശേഖരന്‍, എം.എസ്. സുജാത, രേണുക മുരളീധരന്‍, ബീന സജി, ആലീസ് സെബാസ്റ്റ്യന്‍, ഉഷാകുമാരി എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.