വാഴപ്പഴത്തിന് തീവില; പച്ചക്കായ വിലയും മുകളിലോട്ട്

പത്തനംതിട്ട: ഓണത്തിന് ഉപ്പേരി വറുക്കണമെങ്കില്‍ കൈപൊള്ളിയേക്കും. വാഴപ്പഴങ്ങള്‍ക്ക് തീവില; നേന്ത്രക്കുല വിലയും മുകളിലോട്ട്. തമിഴ്നാട്ടിലെ മേട്ടുപ്പാളയം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍നിന്നാണ് ജില്ലയിലേക്ക് വാഴപ്പഴം കൂടുതല്‍ എത്തുന്നത്. എന്നാല്‍, കുറെ ദിവസമായി ഇവിടങ്ങളില്‍നിന്ന് പഴത്തിന്‍െറ വരവ് കുറഞ്ഞിരിക്കുകയാണ്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ വേനലിനെ തുടര്‍ന്ന് കൃഷിനാശം സംഭവിച്ചത് ഉല്‍പാദനം കുറയാന്‍ കാരണമായി. വയനാട്ടില്‍നിന്നാണ് വാഴപ്പഴങ്ങളും ഏത്തക്കുലകളും ഇപ്പോള്‍ എത്തുന്നത്. നാടന്‍കുലകളുടെ വരവും കുറഞ്ഞിട്ടുണ്ട്. എന്നാല്‍, നാടന്‍ പാളയന്‍കോടന്‍ മിക്കയിടത്തും ലഭ്യമാണെങ്കിലും വില ഒട്ടും കുറവില്ല. ഞാലിപ്പൂവന്‍ -70, പാളയന്‍കോടന്‍ -35, പൂവന്‍ -55, ഏത്തപ്പഴം -70, റോബസ്റ്റ -35 എന്നിങ്ങനെയാണ് ഇപ്പോള്‍ വില്‍പന. ഏത്തക്ക കിലോക്ക് 65 ആയിട്ടുണ്ട്. ലഭ്യത കുറഞ്ഞാല്‍ ഇനിയും വില കൂടും. ജില്ലയില്‍ ഏത്തവാഴകൃഷി തീരെ കുറഞ്ഞു. കാറ്റും മഴയും കാരണം കുറെയേറെ സ്ഥലത്ത് വാഴകൃഷി നശിച്ചു. കൃഷി തീരെ കുറഞ്ഞതോടെ നാടന്‍കുലകള്‍ക്ക് വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഓണവിപണി ലക്ഷ്യമാക്കിയുള്ള വാഴകൃഷിയും ജില്ലയില്‍ തീരെ കാണാനില്ല. നേരത്തേ വ്യാപകമായി വാഴകൃഷി ചെയ്തിരുന്ന സ്ഥലത്തും ഇപ്പോള്‍ തരിശുകിടക്കുന്നു. തട്ട, കൊടുമണ്‍, വകയാര്‍, പ്രമാടം, വള്ളിക്കോട്, ഓമല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഏത്തവാഴ കൃഷി നിലച്ചമട്ടാണ്. വാഴയുടെ രോഗങ്ങള്‍, ഒച്ചുശല്യം ഇവയൊക്കെ കാരണം കര്‍ഷകര്‍ കൃഷിയില്‍നിന്ന് പിന്തിരിഞ്ഞു. വന്‍തുക മുടക്കി കൃഷി ചെയ്യുന്നവര്‍ക്ക് ഒടുവില്‍ നഷ്ടം സഹിക്കേണ്ട സ്ഥിതിയാണെന്ന് കര്‍ഷകര്‍ പറയുന്നു. ഏത്തവാഴ കൃഷി കുറഞ്ഞെങ്കിലും പല സ്ഥലത്തും പാളയന്‍കോടന്‍ വാഴ കൃഷിയുണ്ട്. എന്നാല്‍, വ്യാപാരികള്‍ പാളയന്‍കോടന് ഭേദപ്പെട്ട വില നല്‍കാറില്ളെന്നും പറയുന്നു. ഏത്തക്ക വില കൂടുന്നത് വിപണിയില്‍ ചിപ്സ്, ശര്‍ക്കരവരട്ടി ഇവയുടെ വില കൂടാനും ഇടയാകുന്നു. ചിപ്സിന് 300 രൂപയെങ്കിലും ആകുമെന്ന് കരുതുന്നു. ഇപ്പോള്‍ പച്ച ഏത്തക്കാക്ക് 65 രൂപയും പഴുത്തതിന് 70 രൂപയുമാണ് വിലയാണ്. കുറഞ്ഞാലും ചിപ്സ് സെന്‍ററുകള്‍ ഉപ്പേരി വില കുറക്കാറില്ല. കൂടിയവില നിലനിര്‍ത്തുകയാണ്. ഇപ്പോള്‍ വെളിച്ചെണ്ണ വില താഴ്ന്നു നില്‍ക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.