പന്തളം: കുളനട കൂപ്പണ്ണൂര്‍ പുഞ്ചയുടെ ഓരം വഴിയോര വിശ്രമകേന്ദ്രമാകുന്നു. മാലിന്യത്താല്‍ വീര്‍പ്പുമുട്ടുന്ന പുഞ്ചയുടെ ശാപമോക്ഷത്തിനും ഇതോടെ വഴിതെളിയുന്നു. എം.സി റോഡില്‍ കുളനട തിയറ്റര്‍ കവല കഴിഞ്ഞാല്‍ റോഡിന്‍െറ ഒരുവശം ഏക്കറുകണക്കിന് വിസ്തൃതിയുള്ള പുഞ്ചയാണ്. റോഡിന്‍െറ പുഞ്ചയോട് ചേര്‍ന്ന ഭാഗം കാടുമൂടി കിടന്നതിനാല്‍ മാലിന്യനിക്ഷേപകര്‍ക്ക് അനുഗ്രഹമായിരുന്നു. ഈ പ്രദേശത്തെ വഴിവിളക്കുകള്‍ ഇല്ലാത്തതും ഇക്കൂട്ടര്‍ക്ക് ഗുണമാണ്. കക്കൂസ് മാലിന്യം, ബാര്‍ബര്‍ ഷോപ്പില്‍നിന്ന് മുടി, കടകളിലെയും വീടുകളിലെയും പൊട്ടിയ സിറാമിക് ഉപകരണങ്ങള്‍, മത്സ്യമാംസാവശിഷ്ടങ്ങള്‍ തുടങ്ങി ഇവിടെ നിക്ഷേപിക്കാത്ത മാലിന്യം ഇല്ല. മാലിന്യ കൂമ്പാരമായതോടെ ഈച്ചയുടെയും പുഴുക്കളുടെയും ശല്യവും അതിരൂക്ഷമാണ്. വര്‍ഷങ്ങളായി കൃഷി മുടങ്ങിക്കിടക്കുന്ന പുഞ്ച മാലിന്യ നിക്ഷേപകേന്ദ്രമായിരുന്നു. കുളനട പഞ്ചായത്ത് സ്കൂളിലെയും മാന്തുക ഗവ.യു.പി സ്കൂളിലെയും കുട്ടികളടക്കം കാല്‍നടക്കാര്‍ മുക്കുപൊത്തിയാണ് ഇതുവഴി കടന്നുപോകുന്നത്. ഈ ഭാഗത്തെ മാലിന്യം തിന്നുവളരുന്ന തെരുവുനായ്ക്കളുടെ ശല്യംകാരണം കാല്‍നടയും ദുര്‍ഘടമായിരുന്നു.സ്ഥിതി വഷളായതോടെയാണ് കുളനട ഗ്രാമപഞ്ചായത്ത് അംഗം കെ.ആര്‍. ജയചന്ദ്രന്‍െറ നേതൃത്വത്തില്‍ കൂപ്പണ്ണൂര്‍ പുഞ്ച സംരക്ഷണ സമിതി രൂപവത്കരിച്ച് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചതും തുടര്‍ പ്രവര്‍ത്തനങ്ങള്‍ തയാറാക്കിയതും. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പുഞ്ചയുടെ തീരത്തെ കാടുകള്‍ നീക്കംചെയ്ത് മണ്ണിട്ട് വൃത്തിയാക്കി.വഴിയോര വിശ്രമകേന്ദ്രം രൂപപ്പെടുത്തുന്നതിന്‍െറ ഭാഗമായി തീരത്ത് അരുളിച്ചെടികള്‍ വെച്ചുപിടിപ്പിച്ചു തുടങ്ങി. ഒപ്പം മാലിന്യനിക്ഷേപം തടയാന്‍ കാമറയും സ്ഥാപിച്ചു. കൂപ്പണ്ണൂര്‍ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗം ആളുകളിലേക്കും വ്യാപിക്കാനും ലക്ഷ്യംവെക്കുന്നു. ദിവസം മുഴുവന്‍ നല്ല കാറ്റുവീശിക്കൊണ്ടിരിക്കുന്ന ഇവിടെ എം.സി റോഡിലെ യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ അവസരമൊരുക്കുക എന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പൂന്തോട്ടം, വിശ്രമിക്കുന്നതിനായി ചെറിയ താല്‍ക്കാലിക കുടിലുകള്‍, ഇരിപ്പിടങ്ങള്‍, കോഫി പാര്‍ലറുകള്‍, കുട്ടികളുടെ പാര്‍ക്ക് എന്നിവ ഒരുക്കാനും ലക്ഷ്യമുണ്ട്. കെ.എസ്.ടി.പിയുടെ അധികാര പരിധിയിലുള്ള സ്ഥലമാണിവിടം. ഏത് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതിനും കെ.എസ്.ടി.പിയുടെ അനുമതി ആവശ്യമാണ്. റോഡ് വികസനം ഏതുസമയം നടക്കാമെന്നതും സ്ഥിരമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.