മഴ കനത്തു: ഗ്രാമീണ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍

തിരുവല്ല: മഴ കനത്തതോടെ അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. രണ്ട് ദിവസമായി പെയ്യുന്ന മഴയില്‍ പെരിങ്ങര, നിരണം പഞ്ചായത്തുകളിലാണ് രൂക്ഷമായ വെള്ളക്കെട്ട്. കാവുംഭാഗം-ചാത്തങ്കരി റോഡില്‍ പെരിങ്ങര ജങ്ഷന്‍, പെരിങ്ങര-കാരക്കല്‍ റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. പുതുക്കുളങ്ങര-കൊട്ടാണിപ്പറ, മാതകത്തില്‍ പടി-പുതുക്കുളങ്ങര പടി എന്നീ റോഡുകളില്‍ വന്‍ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. പതുകളക്കുളങ്ങര റോഡില്‍ കൊച്ചനാട്ട് പടി, ഗവ. ഗേള്‍സ് ഹൈസ്കൂള്‍ എന്നീ ഭാഗങ്ങളില്‍ റോഡില്‍ 300 മീറ്ററോളം ദൂരത്തില്‍ രണ്ട് അടിയോളം വെള്ളം ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ഥികള്‍ അടക്കമുള്ള കാല്‍നട യാത്രികര്‍ക്ക് റോഡിലെ വെള്ളക്കെട്ട് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. മാതകത്തില്‍ പടി റോഡില്‍ ഇരുചക്ര വാഹന യാത്രപോലും സാധ്യമാകാത്ത തരത്തില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. നിരണത്ത് തോവേരി കോട്ടപ്പുരയിടം ഭാഗത്ത് ലിങ്ക് റോഡിനും തേവേരി റോഡിനും ഇടയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. നിരണം ഇരതോട് റോഡില്‍ ഇരതോട് പള്ളിക്ക് കിഴക്കുവശത്ത് ഏഴോളം കുടുംബങ്ങള്‍ വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിക്കുകയാണ്. സംസ്ഥാനപാതയില്‍ കടപ്ര എസ്.എന്‍ ഹോസ്പിറ്റലിന്‍െറ മുന്നില്‍ രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ട് വലിയതോതില്‍ യാത്രാ ദുരിതത്തിന് കാരണമാകുന്നു. മഴവെള്ളം ഒഴുകിപ്പോകാന്‍ സംവിധാനം ഇല്ലാത്തതാണ് ഈ പ്രദേശങ്ങളില്‍ വെള്ളക്കെട്ടിന് കാരണം. നിരണം, പെരിങ്ങര പഞ്ചായത്തുകളിലെ വാച്ചാല്‍ തോടുകള്‍ പലതും സ്വകാര്യ വ്യക്തികള്‍ കൈയേറി നികത്തിയിട്ടുണ്ട്. ഇതും മഴവെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.