തിരുവല്ല: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചപ്പനിയടക്കം പടര്‍ന്നുപിടക്കുമ്പോഴും നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ ആതുരാലയങ്ങള്‍ക്ക് അവഗണന. സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ അടക്കം പ്രദേശത്ത് അഭിമാനകരമായ പ്രവര്‍ത്തനം കാഴ്ചവെക്കുമ്പോഴും സാധാരണക്കാരന് അത്താണിയാകുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ അടിസ്ഥാന സൗകര്യം പോലും ലഭ്യമല്ല. തിരുവല്ല താലൂക്ക് ആശുപത്രിയുടെ ബഹുനില ഐ.പി ബ്ളോക്കിന് അഞ്ചുവര്‍ഷംമുമ്പ് ശിലയിട്ടതാണ്. കെട്ടിടം പണിപൂര്‍ത്തീകരിച്ചിട്ടും തുറന്ന് പ്രവര്‍ത്തിക്കാനായിട്ടില്ല. പെയ്ന്‍റിങ് വരെ നടത്തിയെങ്കിലും വൈദ്യുതീകരണ ജോലി മുടങ്ങിക്കിടക്കുകയാണ്. ട്രാന്‍സ്ഫോര്‍മറും ജനറേറ്ററും ഉള്‍പ്പെടെയുള്ളവ സ്ഥാപിക്കാനുള്ള ജോലി ബാക്കികിടക്കുന്നു. കെട്ടിടത്തിന്‍െറ സിവില്‍ ജോലി ഏറ്റെടുത്ത കരാറുകാരന്‍ വൈദ്യുതീകരണ ജോലിക്ക് ഉപകരാര്‍ നല്‍കിയിരുന്നു. ഉപകരാര്‍ ഏറ്റയാള്‍ പിന്നീടത് ഉപേക്ഷിച്ചു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് താലൂക്ക് ആശുപത്രിയില്‍ പുതിയ ഐ.പി ബ്ളോക് നിര്‍മിക്കുന്നതിനായി 6.5 കോടി അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കി. അന്നത്തെ പൊതുമരാമത്ത് മന്ത്രി എം. വിജയകുമാര്‍ 2011 ഫെബ്രുവരി 19ന് കെട്ടിടത്തിന്‍െറ ശിലാസ്ഥാപനവും നടത്തി. ഏഴുനിലകളിലുള്ള ഐ.പി ബ്ളോക്കാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. മൂന്നുനിലയുള്ള ഒന്നാംഘട്ടമാണ് ഇപ്പോള്‍ പണിതിട്ടുള്ളത്. ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ നേരിടുന്ന കാലതാമസം രണ്ടാംഘട്ടത്തിനും വെല്ലുവിളിയായേക്കും. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ നിര്‍മാണച്ചെലവ് 6.5 കോടിയില്‍നിന്ന് ഒമ്പതുകോടിയായി ഉയര്‍ന്നു. കരാര്‍ കാലാവധിയും പലതവണ നീട്ടിനല്‍കി. വേണമെങ്കില്‍ മെഡിക്കല്‍ കോളജ് പണിയുന്നതിന് ആവശ്യമായ സ്ഥലസൗകര്യമുള്ളിടത്താണ് താലൂക്ക് ആശുപത്രി പഴയകെട്ടിടങ്ങളില്‍ ശ്വാസംമുട്ടി പ്രവര്‍ത്തിക്കുന്നത്. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെ കാര്യവും വ്യത്യസ്തമല്ല. ബോര്‍ഡില്‍ മാത്രം താലൂക്ക് ആശുപത്രിയെന്ന സ്ഥാനം ഉള്ളു. സ്പെഷാലിറ്റി ഡോക്ടര്‍മാര്‍ ഇല്ല. 13പേര്‍ വേണ്ടിടത്ത് ഉള്ളത് നാല് തസ്തിക മാത്രം. കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയുടെ അരികിലായിട്ടും അത്യാഹിത വിഭാഗമില്ല. ഇതിനായി പണിത കെട്ടിടത്തില്‍ ഇപ്പോള്‍ ഒ.പി പ്രവര്‍ത്തിക്കുന്നു. ഓപറേഷന്‍ തിയറ്റര്‍, ലേബര്‍ റൂം എന്നിവയുമില്ല. പെരിങ്ങര ചാത്തങ്കരിയില്‍ സ്ഥിതിചെയ്യുന്ന പുളിക്കീഴ് ബ്ളോക് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഇപ്പോള്‍ കിടത്തിച്ചികിത്സ നിലച്ച മട്ടാണ്. 25 കിടക്കകളും യഥേഷ്ടം സ്ഥലസൗകര്യങ്ങളുമുള്ള ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവാണ് തിരിച്ചടിയായത്. മണ്ഡലത്തിലെ പടിഞ്ഞാറന്‍ മേഖലയിലുള്ള സാധാരണക്കാര്‍ക്ക് ആശ്രയമായിരുന്ന ആശുപത്രിയാണിത്. നിരണം പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം വേണം. 1987ല്‍ പണിത കെട്ടിടം പ്രയോജനരഹിതമായി കിടക്കുന്നു. 10 കിടക്കകള്‍ക്കുള്ള സൗകര്യവും പരിശോധനാമുറിയും പോസ്റ്റ്മോര്‍ട്ടത്തിനുള്ള മുറിയുമാണ് ഇവിടെ ക്രമീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. വയലില്‍ മണ്ണിറക്കി കെട്ടിടം പണിതതിലെ അപാകതമൂലം വടക്കുവശത്തേക്ക് ചരിഞ്ഞു.ഉദ്ഘാടനത്തിനുമുമ്പേ കെട്ടിടം ഉപേക്ഷിച്ചു. ചാത്തങ്കേരിയിലെ ആതുരാലയത്തിന്‍െറ അവസ്ഥയും വ്യത്യസ്തമല്ല. ആവശ്യത്തിന് ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും ഇവിടെയും ഒരുക്കിയിട്ടില്ല. അപ്പര്‍ കുട്ടനാടന്‍ മേഖലകളിലെ നിരവധി രോഗികള്‍ എത്തുന്ന ആതുരാലയമാണ് ഇവിടം. സ്ഥലം എം.എല്‍.എയും ജലവിഭവ മന്ത്രിയുമായ മാത്യു ടി. തോമസിന് മുന്നില്‍ വിഷയം ചൂണ്ടിക്കാട്ടി നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും പ്രയോജനമുണ്ടായില്ളെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.