പത്തനംതിട്ട: മന്ത്രി ഡോ. കെ.ടി. ജലീല്‍ ലക്ഷ്യമിടുന്ന തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പൊതുസര്‍വിസ് നിലവില്‍വരുന്നതോടെ പഞ്ചായത്ത്, നഗരകാര്യ ഡയറക്ടര്‍മാര്‍ ഇല്ലാതാകും. പകരം ഈ തസ്തികകള്‍ കമീഷണര്‍ എന്നായി മാറും. ഇപ്പോഴത്തെ ഗ്രാമവികസന വകുപ്പിലെ തസ്തികകള്‍ക്ക് സമാനമാണെന്ന് കേരള ലോക്കല്‍ സെല്‍ഫ് ഗവ. സ്റ്റേറ്റ് സര്‍വിസ് റൂള്‍സിന്‍െറ കരടിലും നിര്‍ദേശിക്കുന്നു. കരട് നിയമം ചര്‍ച്ചചെയ്യാന്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ഗ്രാമവികസന വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരുന്നുണ്ട്. ഗ്രാമവികസന കമീഷണര്‍ വിളിച്ച യോഗത്തിലേക്ക് ഗ്രാമവികസന വകുപ്പിലെ ജോയന്‍റ് കമീഷണര്‍ തസ്തികയിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ക്ഷണമില്ല. 43 പേരെയാണ് ആകെ ക്ഷണിച്ചത്. നിലവിലെ പഞ്ചായത്ത്, നഗരകാര്യം, ഗ്രാമ വികസന വകുപ്പുകളാണ് ലയിച്ച് പുതിയ പൊതുവകുപ്പായി മാറുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ ചീഫ് കമീഷണറായിരിക്കും തലപ്പത്ത്. തൊട്ടുതാഴെ കമീഷണര്‍ തസ്തികയും ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കായി നീക്കിവെക്കുന്നു. അഡീ. കമീഷണര്‍ തുടങ്ങി താഴേക്കുള്ള തസ്തികകളില്‍ സ്ഥാനക്കയറ്റതിലൂടെ നിയമനം നല്‍കും. എസ്.എസ്.എല്‍.സിയാണ് വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. ഇതു ഇപ്പോള്‍ സര്‍വിസിലുള്ള ചിലര്‍ക്കുവേണ്ടിയാണെന്ന് പറയുന്നു. അതേസമയം, ഗ്രാമ, ബ്ളോക്, ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാരുടെ വിദ്യാഭ്യാസ യോഗ്യത ബിരുദമായിരിക്കും. കോര്‍പറേഷന്‍ സെക്രട്ടറിമാരായി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നിയമിക്കപ്പെടും. അഡീഷണല്‍ സെക്രട്ടറിയെ സ്ഥാനക്കയറ്റത്തിലൂടെയും നിയമിക്കപ്പെടും. ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്ന ഇപ്പോഴത്തെ രീതിയും അവസാനിക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരായി നേരിട്ട് നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിലൂടെ ബ്ളോക് പഞ്ചായത്ത് സെക്രട്ടറി, സീനിയര്‍ ബ്ളോക് പഞ്ചായത്ത് സെക്രട്ടറി തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നീ പദവികളിലത്തൊം. ഡെപ്യൂട്ടി കമീഷണറുടേതിന് സമാനമാകും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ തസ്തിക. സംസ്ഥാനതലത്തില്‍ കോഓഡിനേറ്റര്‍, ജില്ലകളില്‍ വനിതാക്ഷേമ ഓഫിസര്‍ എന്നീ തസ്തികകളുമുണ്ടാകും. നിലവില്‍ ഗ്രാമവികസന വകുപ്പിന് കീഴിലുള്ള തസ്തികയാണ് വനിതാ ക്ഷേമ ഓഫിസറുടേത്. ബ്ളോക്കുകളില്‍ ജോലിചെയ്യുന്ന ലേഡി വില്ളേജ് എക്സ്റ്റന്‍ഷന്‍ ഓഫിസറുടെ പ്രമോഷന്‍ പോസ്റ്റാകും ഇത്. നേരത്തേ ബ്ളോക്തലത്തില്‍ മുഖ്യവനിത സേവികയുമുണ്ടായിരുന്നു. ആരോഗ്യവിഭാഗത്തിന് പ്രത്യേകമായ ജോയന്‍റ് കമീഷണര്‍ ഉണ്ടാകും. ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ ഓഫിസറുണ്ടെങ്കിലും എം.ബി.ബി.എസ് ബിരുദമുള്ളവര്‍ക്ക് മാത്രമേ ജോയന്‍റ് കമീഷണറായി സ്ഥാനക്കയറ്റം ലഭിക്കൂവെന്നും കരട് നിയമത്തില്‍ പറയുന്നു. അതേസമയം, എന്‍ജിനീയറിങ് വിഭാഗം പ്രത്യേകമായി തുടരും. ജോലിഭാരം വര്‍ധിച്ച സാഹചര്യത്തില്‍ എനജിനീയറിങ് വിഭാഗത്തിന് കൂടുതല്‍ തസ്തികകള്‍ വേണമെന്നും പ്രത്യേക വൈദ്യുതി വിഭാഗം വേണമെന്നും നേരത്തേ മുതല്‍ ഉയര്‍ന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. ബി.ഡി.ഒയുടെ തസ്തികയും ഇല്ലാതാകുകയാണ്. എന്നാല്‍, കേന്ദ്ര പദ്ധതികള്‍ പലതും അനുവദിക്കപ്പെടുന്നതും അവയുടെ ഇംപ്ളിമെന്‍റിങ് ഓഫിസറും ബി.ഡി.ഒ ആയതിനാല്‍ നിര്‍ത്തലാക്കാന്‍ കഴിയുമോയെന്ന സംശയം ഉയര്‍ന്നതിനാലാണ് ബ്ളോക് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല ബി.ഡി.ഒക്ക് നല്‍കി തസ്തിക നിലനിര്‍ത്തിയതെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.