പ്രാലില്‍ സെമിത്തേരി നിര്‍മാണം: സമരത്തിനൊരുങ്ങി വിജയപുരം ഗ്രാമസംരക്ഷണ സമിതി

പന്തളം: വിജയപുരം പ്രാലില്‍ വയലിന് സമീപം സെമിത്തേരി നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി വിജയപുരം ഗ്രാമസംരക്ഷണ സമിതി. 11ന് രാവിലെ 10ന് കലക്ടറേറ്റ് മാര്‍ച്ചും ജില്ലാ മെഡിക്കല്‍ ഓഫിസ് ഉപരോധവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തണ്ണീര്‍ത്തടങ്ങള്‍ക്കു സമീപം സെമിത്തേരി നിര്‍മിക്കാനുള്ള നീക്കമാണ് ഒരു വിഭാഗം നടത്തുന്നത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സ്ഥലപരിശോധന നേരിട്ട് നടത്താതെയാണ് സെമിത്തേരി നിര്‍മാണത്തിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയതെന്ന് സമരസമിതി കണ്‍വീനര്‍ വിജയപുരം വിശ്വംഭരനും മുന്‍ ഗ്രാമപഞ്ചായത്തംഗം സി.ടി. ജയശ്രീയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഷകാലത്ത് വെള്ളം കയറിമുങ്ങുന്ന പ്രദേശമാണ് സെമിത്തേരി നിര്‍മിക്കാനായി ബന്ധപ്പെട്ടവര്‍ കണ്ടത്തെിയിരിക്കുന്നത്. വയലും നാല് കുളങ്ങളും ഉള്ള പ്രദേശമാണിത്. സെമിത്തേരി നിര്‍മിക്കാന്‍ നീക്കം നടത്തുന്ന വിഭാഗത്തിന് പകരം സംവിധാനമുള്ളവരാണെന്നും ഭാരവാഹികള്‍ പറഞ്ഞു. നൂറ്റിയമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് പ്രാലില്‍. കിണര്‍വെള്ളത്തെ ആശ്രയിച്ച് കഴിയുന്നവരാണ് ഇവിടെയുള്ളത്. ചരിഞ്ഞുകിടക്കുന്ന ഭൂമിയില്‍ സെമിത്തേരി നിര്‍മാണം നടത്തിയാല്‍ ഈ പ്രദേശത്തെ കുടിവെള്ളം മലിനപ്പെടുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ബന്ധപ്പെട്ട അധികൃതര്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് തയാറാകണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.