തിരുവല്ല: അശാസ്ത്രീയ അടിപ്പാത നിര്‍മാണത്തെ തുടര്‍ന്ന് മഴക്കാലമായതോടെ മുട്ടറ്റം വെള്ളത്തില്‍ യാത്ര ചെയ്യേണ്ട ദുരവസ്ഥയിലാണ് കുറ്റൂരിലെയും തിരുമൂലപുരത്തെയും നാട്ടുകാര്‍. കുറ്റൂര്‍ വളലംകുളം, തിരുമൂലപുരം കറ്റോട് റോഡുകളിലൂടെയുള്ള യാത്രയാണ് നാട്ടുകാര്‍ക്ക് ദുരിതമാകുന്നത്. രണ്ടു മാസം മുമ്പാണ് ഇരുറോഡിലും അടിപ്പാത തുറന്നത്. മണിമലയാറിന്‍െറ ഇരുകരയിലായാണ് അടിപ്പാതകള്‍. സ്വകാര്യ ബസ് സര്‍വിസുള്ള പാതകളാണിത്. റെയില്‍വേ ഗേറ്റ് മൂലമുള്ള ഗതാഗത തടസ്സം നീക്കാനാണ് അടിപ്പാത നിര്‍മിച്ചത്. കുറ്റൂര്‍ ലെവല്‍ക്രോസ് നിരവധി തവണ കേടായതും പകരം സംവിധാനം എന്ന ആവശ്യത്തിന് തീവ്രതയേറ്റി. റെയില്‍വേ തിരുവല്ലക്കും ചെങ്ങന്നൂരിനുമിടയില്‍ ഇരട്ടപ്പാത പണിതതോടെ രണ്ടിടത്തും ലെവല്‍ക്രോസ് ഒഴിവാക്കുകയും വേണമായിരുന്നു. മേല്‍പാലം എന്ന ആശയമാണ് ഉയര്‍ന്നതെങ്കിലും ചെലവ് കൂടുതല്‍ ആയതിനാല്‍ അടിപ്പാത പണിയാന്‍ റെയില്‍വേ പച്ചക്കൊടി കാട്ടി. നദിയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ പാതയില്‍ വെള്ളക്കെട്ടാകുമെന്ന് അന്നേ ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും റെയില്‍വേ കാര്യമാക്കിയില്ല. അതിന്‍െറ പരിണതഫലമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നദിയില്‍ ജലനിരപ്പ് ഉയരുന്നതിനുമുമ്പ്, മഴ തുടങ്ങുമ്പോള്‍ തന്നെ പാതകള്‍ രണ്ടും വെള്ളക്കെട്ടിലായിരുന്നു. കോണ്‍ക്രീറ്റ് പെട്ടിയാണ് അടിപ്പാതയില്‍ ഉപയോഗിച്ചിരിക്കുന്നത്. വെള്ളം റോഡില്‍ താഴുകയില്ല. ഓട പണിതിട്ടുണ്ടെങ്കിലും ഫലമില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുക്കാതെ പണിതതുമൂലമുള്ള ദുരിതമാണിപ്പോള്‍ രണ്ട് അടിപ്പാതകളിലും. പാതക്ക് ഇരുവശത്തും റോഡ് ഉയര്‍ന്ന് പോകുന്നതിനാല്‍ താല്‍ക്കാലിക പ്രശ്നപരിഹാരത്തിനും സാധ്യതയില്ല. വിഷയത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയതായി പഞ്ചായത്ത് അധികൃതര്‍ പറയുന്നു. എം.പിയും എം.എല്‍.എയും അടക്കം കൈയൊഴിഞ്ഞ നിലയിലാണ്. ള്ളക്കെട്ട് രൂക്ഷമാകുമ്പോള്‍ പഞ്ചായത്ത് മുന്‍കൈ എടുത്ത് വലിയ മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തുകളയും. എന്നാല്‍, അടുത്ത മഴയില്‍ സ്ഥിതി പഴയതുപോലെയാകും. വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും രോഗികളും ഉള്‍പ്പെടെ യാത്രക്കാര്‍ ചളിവെള്ളത്തില്‍ കുടുങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. കാല്‍നടക്കാരും ഇരുചക്രവാഹന യാത്രികരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. പാലത്തിനടിയിലൂടെ യാത്ര ചെയ്യുമ്പോള്‍ വലിയ വാഹനങ്ങള്‍ കടന്നുവന്നാല്‍ വസ്ത്രത്തില്‍ ചളിവെള്ളം തെറിക്കുമെന്ന് ഉറപ്പ്. ഒരു ജോടി യൂനിഫോം കൂടി കരുതിയാണ് പ്രശ്നത്തിന് പലപ്പോഴും പരിഹാരം കാണാറെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.