പന്തളത്തിന്‍െറ ചിരകാലസ്വപ്നം യാഥാര്‍ഥ്യമാകുന്നു

പന്തളം: പന്തളത്തിന്‍െറ ചിരകാലസ്വപ്നം യാഥാര്‍ഥ്യമാകുന്നു. ഗതാഗതക്കുരുക്കില്‍പെട്ട് വീര്‍പ്പുമുട്ടുന്ന പന്തളത്തിന് ആശ്വാസമാകുകയാണ് ബൈപാസ്. 15 കോടിയാണ് ബൈപാസിനായി ബജറ്റ് വിഹിതമായി അനുവദിച്ചിരിക്കുന്നത്. എം.എം ജങ്ഷന്‍ മുതല്‍ കുളനടവരെ രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കിനാണ് നഗരം സാക്ഷിയാകുന്നത്. നഗരം കടന്നുകിട്ടാന്‍ രണ്ടു മണിക്കൂറിലധികം വേണ്ടിവരുന്ന സമയമുണ്ടായിട്ടുണ്ട്. പന്തളം ജങ്ഷനിലെ സിഗ്നല്‍ സംവിധാനം തകരാറിലായാലോ മന്ത്രിമാര്‍ക്കോ വി.ഐ.പികള്‍ക്കോ കടന്നുപോകാന്‍ സിഗ്നല്‍ ഓഫാക്കിയാലോ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുക. കാലങ്ങളായി പന്തളം ബൈപാസെന്ന ആവശ്യം അധികൃതര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവഗണന മാത്രമായിരുന്നു ഫലം. സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കിയ കക്ഷികളുടെ പ്രമുഖ നേതാക്കള്‍ പന്തളത്തുനിന്നുണ്ടായിരുന്നെങ്കിലും അവഗണനയായിരുന്നു പന്തളത്തിന് ലഭിച്ചിരുന്നത്. പന്തളം മണികണ്ഠന്‍ ആല്‍ത്തറയില്‍ ആരംഭിച്ച് മുട്ടാര്‍ ജങ്ഷന്‍, എന്‍.എസ്.എസ് ആയുര്‍വേദ ആശുപത്രി ജങ്ഷനില്‍നിന്ന് പാടം നികത്തി റോഡ് നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. പന്തളം മെഡിക്കല്‍ മിഷന്‍ ജങ്ഷനില്‍ എത്തുന്ന തരത്തിലാണ് ബൈപാസിന്‍െറ രൂപരേഖ. മുമ്പ് കുരമ്പാല, പുത്തന്‍കാവില്‍ ക്ഷേത്രം, പൂഴിക്കാട്, വലക്കടവ്, മുട്ടാര്‍, വലിയകോയിക്കല്‍ ക്ഷേത്രം ജങ്ഷനില്‍ എം.സി റോഡില്‍ പ്രവേശിക്കുന്ന തരത്തില്‍ ഒരു റോഡ് ബൈപാസെന്ന ആശയത്തോടെ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പ്രാദേശിക വികസനഫണ്ടില്‍നിന്ന് രണ്ടു കോടി അനുവദിച്ച് നവീകരിച്ചെങ്കിലും ദൂരക്കൂടുതലായതിനാലും വീതി കുറവായതിനാലും ഈ നിര്‍ദേശം ഉപേക്ഷിക്കുകയായിരുന്നു. ബൈപാസില്‍നിന്നു തന്നെ നഗരത്തിന്‍െറ പ്രധാന കേന്ദ്രങ്ങളിലേക്ക് അനുബന്ധ റോഡുകള്‍ കൂടി പണിതാല്‍ യാത്രക്കാര്‍ക്ക് ഗതാഗതതടസ്സത്തില്‍പെടാതെ നഗരത്തില്‍ എത്താന്‍ കഴിയും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിരന്തരമായ ഇടപെടലിന്‍െറ ഫലമാണ് ബൈപാസ് വേഗത്തില്‍ യാഥാര്‍ഥ്യമാകാന്‍ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.