വടശ്ശേരിക്കര: ചെമ്പന്മുടിമല സംരക്ഷണസമിതി പഞ്ചായത്ത് ഓഫിസിനുമുന്നില്‍ ഉപരോധസമരം നടത്തി. വിവാദമായ ചെമ്പന്മുടിമലയിലെ പാറമടകള്‍ക്കും ക്രഷര്‍ യൂനിറ്റിനും ലൈസന്‍സ് നല്‍കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ചെമ്പന്മുടിമല സംരക്ഷണസമിതി നാറാണംമൂഴി പഞ്ചായത്ത് ഓഫിസിനുമുന്നില്‍ ഉപരോധം നടത്തി. ജനകീയസമരത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി അടഞ്ഞുകിടന്ന ചെമ്പന്മുടിയിലെ പാറമടകള്‍ പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ നീക്കം നടത്തുന്നത് ജനങ്ങളോടുള്ള വഞ്ചനയാണെന്ന് സമരസമിതി ആരോപിച്ചു. പഞ്ചായത്ത് കമ്മിറ്റി കൂടിയ ശനിയാഴ്ച പാറമടക്ക് ലൈസന്‍സ് അനുവദിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സമരസമിതി ഉപരോധം നടത്തിയത്. അടുത്ത കമ്മിറ്റിയിലേക്ക് ലൈസന്‍സ് അജണ്ട മാറ്റിവെച്ച് തല്‍ക്കാലം കമ്മിറ്റി പിരിഞ്ഞെങ്കിലും നിരാഹാരസമരം ഉള്‍പ്പെടെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് സമരസമിതി തീരുമാനം. പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ സമരസമിതി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത് പ്രസിഡന്‍റിനെ ചൊടിപ്പിച്ചു. ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കേറ്റം പഞ്ചായത്ത് ഓഫിസ് പരിസരത്ത് ഉദ്വേഗജനക രംഗങ്ങള്‍ സൃഷ്ടിച്ചു. മുമ്പ് സമരസമിതിയോടൊപ്പമുണ്ടായിരുന്ന ബി.ജെ.പിയുടെ പ്രാദേശികനേതൃത്വം ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മിലെ ഒത്തുകളിയാണ് ഇതെന്ന് ആരോപിച്ച് ഉപരോധത്തില്‍നിന്ന് വിട്ടുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.