ചെമ്പന്‍മുടി വീണ്ടും പുകയുന്നു

വടശ്ശേരിക്കര: ചെമ്പന്‍മുടിയിലെ വിവാദപാറമടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ വീണ്ടും നീക്കം. ഇതോടെ പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക ഉടലെടുത്തിരിക്കുകയാണ്. ചെമ്പന്‍മുടിയിലെ വിവാദപാറമടകള്‍ മൂന്നു വര്‍ഷം മുമ്പാണ് നാട്ടുകാര്‍ ബലമായി അടപ്പിച്ചത്. പിന്നീട് പാറമട തുറക്കാന്‍ മുഴുവന്‍ നീക്കങ്ങളും ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ പഞ്ചായത്തിലും സംസ്ഥാനത്തും ഭരണമാറ്റം ഉണ്ടായതോടെയാണ് പുതിയ കരുനീക്കം ആരംഭിച്ചത്. പാറമട സ്ഥിതിചെയ്യുന്ന നാറാണംമൂഴി പഞ്ചായത്ത് യു.ഡി.എഫ് ഭരിക്കുന്ന കാലത്താണ് ജനകീയ സമരം ഏറ്റവും ശക്തമായത്. ഒളിഞ്ഞും തെളിഞ്ഞും പാറമടലോബിയെ സഹായിച്ചു കൊണ്ടിരുന്ന ഭരണസമിതി പിന്നീട് ജനരോഷം ഭയന്ന് സമരത്തോടൊപ്പം നില്‍ക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതോടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് പാറമടലോബിയെ സഹായിക്കാനുള്ള ചില തന്ത്രങ്ങള്‍ ആവിഷ്കരിച്ചു വരികയായിരുന്നു. എങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും ശക്തമായ വിയോജിപ്പിനെ മറികടന്ന് പാറമടക്ക് ലൈസന്‍സ് നല്‍കാന്‍ പഞ്ചായത്ത് കമ്മിറ്റിക്ക് കഴിഞ്ഞില്ല. ലൈസന്‍സ് നല്‍കുമെന്ന അഭ്യൂഹം ഉയര്‍ന്നതോടുകൂടി സമരസമിതിയും സജീവമായി. സി.പി.എം താലൂക്ക് കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ ലോക്കല്‍ കമ്മിറ്റിക്കുള്ളില്‍ പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍, ഇപ്പോള്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പാറമടയെ സഹായിക്കാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിതന്നെ മുന്‍കൈയെടുക്കുകയും താഴത്തേട്ടിലേക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതായാണ് അറിയുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാറമട തുറന്നുപ്രവര്‍ത്തിക്കാനാകും വിധത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ലോബി ഇടപെടുകയും പഞ്ചായത്തിലെ രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം സ്വാധീനിക്കുകയും ചെയ്തതായി ആരോപണമുണ്ടായിരുന്നു. അന്നുണ്ടാക്കിയ തിരക്കഥ അനുസരിച്ചുള്ള പരിപാടികളാണ് പഞ്ചായത്തിലും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലും അരങ്ങേറുന്നതെന്ന് ആരോപണമുണ്ട്. പ്രതിഷേധത്തിന്‍െറ പുകമറ സൃഷ്ടിച്ച് കോടതിയുടെയും പൊലീസിന്‍െറയും സഹായത്തില്‍ പാറമട തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ ആകുമോയെന്ന ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.