തിരുവല്ലയിലെ പരാജയം: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശവുമായി കേരള കോണ്‍ഗ്രസ് എം

തിരുവല്ല: നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനക്കെതിരെ കേരള കോണ്‍ഗ്രസ് എം രംഗത്ത്. തിരുവല്ലയിലെ പരാജയത്തിന്‍െറ ഉത്തരവാദിത്തം സ്ഥാനാര്‍ഥിയായിരുന്ന പുതുശേരിക്ക് മേല്‍ കെട്ടിവെക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവന കള്ളന്‍ പത്തായത്തില്‍ ഇല്ല എന്ന് പറയുന്നതിന് തുല്യമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. സീറ്റ് വിഭജനം പൂര്‍ത്തീകരിക്കുകയും മുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷമുള്ള 14 ദിവസം പ്രചാരണ പരിപാടിയില്‍നിന്ന് സ്ഥാനാര്‍ഥിക്ക് വിട്ടുനില്‍ക്കേണ്ട സാഹചര്യം സൃഷ്ടിച്ചത് ഉന്നതരായ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. പൊതുജനങ്ങള്‍ക്കിടയില്‍ സ്ഥാനാര്‍ഥിയെ മോശക്കാരനായി ചിത്രീകരിച്ച് തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകളാണ് തെരഞ്ഞെടുപ്പ് വിജയത്തില്‍നിന്ന് യു.ഡി.എഫിനെ പിന്നോട്ടടിച്ചത്. ചില ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകളും ഇടപെടീലുമാണ് ജില്ലയില്‍ യു.ഡി.എഫിന്‍െറ തകര്‍ച്ചക്ക് വഴിയൊരുക്കിയത്. മുന്നണി മര്യാദ കണക്കിലെടുക്കാതെ മുന്നണിക്കെതിരായി പ്രവര്‍ത്തിച്ച ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയ മര്യാദ സൗകര്യപൂര്‍വം മറക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ പ്രതിസന്ധി ഘട്ടങ്ങളില്‍ യു.ഡി.എഫിനുവേണ്ടി തുറന്ന പോര് നയിച്ച ചുരുക്കം ചില നേതാക്കളില്‍ പ്രമുഖനാണ് ജോസഫ് എം. പുതുശേരി. ഇത്തരം പ്രവര്‍ത്തന പാരമ്പര്യമുള്ള പുതശേരിയെ സ്ഥാനാര്‍ഥിയാക്കാനുള്ള അവകാശം പാര്‍ട്ടിക്കുണ്ട്. ഇത് ആരുടെ മുന്നിലും അടിയറവെക്കാന്‍ ഒരുക്കമല്ല. ചെയ്ത തെറ്റിനെ ന്യായീകരിക്കാന്‍ വ്യാജ ആരോപണങ്ങളും പ്രസ്താവനകളും ഇറക്കുന്നവരെ ജനം തിരിച്ചറിയുമെന്ന് നിയോജക മണ്ഡലം പ്രസിഡന്‍റ് വര്‍ഗീസ് ജോണ്‍, ജനറല്‍ സെക്രട്ടറി ഷിബു വര്‍ക്കി എന്നിവര്‍ അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.