പുതിയ പാലത്തിനുള്ള ഇന്‍വെസ്റ്റിഗേഷന്‍ ഉദ്ഘാടനം ചെയ്തു

റാന്നി: വടശ്ശേരിക്കരയില്‍ പുതുതായി പാലം നിര്‍മിക്കുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നേരത്തേ വടശ്ശേരിക്കര പാലത്തോട് ചേര്‍ന്ന് നടപ്പാലം നിര്‍മിക്കാന്‍ ഉദ്ദേശിച്ച ഭാഗത്താണ് ഇപ്പോള്‍ പുതിയ പാലം നിര്‍മിക്കുന്നത്. വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡന്‍റ് മണിയാര്‍ രാധാകൃഷ്ണന്‍, സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് പി.കെ. പ്രഭാകരന്‍, സ്വപ്ന സൂസന്‍, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍, എ.ഇ. സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. വടശ്ശേരിക്കരയില്‍ കല്ലാറിനു കുറുകേയുള്ള പാലത്തോടുചേര്‍ന്ന് പുതിയ പാലം നിര്‍മിക്കാന്‍ ഏഴുവര്‍ഷം മുമ്പാണ് പദ്ധതിയിട്ടിരുന്നത്. രാജു എബ്രഹാം എം.എല്‍.എയുടെ അഭ്യര്‍ഥന പ്രകാരം മാന്ദ്യവിരുദ്ധ പാക്കേജില്‍ ഒരുകോടി അനുവദിച്ചിരുന്നു. നിലവിലെ പാലത്തോടുചേര്‍ന്ന് നടപ്പാലം നിര്‍മിക്കാം എന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, രണ്ടുവര്‍ഷം മുമ്പ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയപ്പോള്‍ നിലവിലെ പാലവുമായി ബന്ധപ്പെടുത്തി നടപ്പാലം നിര്‍മിച്ചാല്‍ പാലത്തിന് ബലക്ഷയം നേരിടും എന്ന് കണ്ടത്തെിയിരുന്നു. ഇതിനേ തുടര്‍ന്നാണ് പേങ്ങാട്ടുകടവില്‍ പാലം എന്നതിനൊപ്പം വടശ്ശേരിക്കരയിലും നിലവിലുള്ള പാലത്തിന് സമാന്തരമായി പുതിയ പാലം എന്ന നിര്‍ദേശം എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ചത്. തുടര്‍ന്ന് ഇന്‍വെസ്റ്റിഗേഷന്‍ നടപടി നടത്തുന്നതിനായി 10 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് പ്രത്യേകമായി അനുവദിച്ചു. ഈ ഫണ്ട് ഉപയോഗിച്ചാണ് ഇപ്പോള്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി നടത്തുന്നത്. നേരത്തേ അനുവദിച്ച ഒരുകോടിയില്‍ മൂന്നുലക്ഷം ഉപയോഗിച്ചാണ് നടപ്പാലത്തിനായി നേരത്തേ ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയത്. നിലവിലെ പാലം 1963ല്‍ നിര്‍മിച്ചതാണ്. 53വര്‍ഷം പഴക്കമുള്ള പാലത്തിന് 6.70 മീറ്റര്‍ വീതിയേ ഉള്ളു. ഇതുകാരണം എതിരേവരുന്ന വാഹനങ്ങള്‍ മറികടക്കുമ്പോള്‍ കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കാന്‍ പാലത്തില്‍ ഇടമില്ലാതാകും. പുതിയ പാലത്തില്‍ രണ്ടുവരിപ്പാതയോടൊപ്പം ഇരുവശത്തും 1.5 മീറ്റര്‍ വീതം വീതിയുള്ള നടപ്പാതയുമുണ്ട്. 11 മീറ്ററാണ് പാലത്തിന്‍െറ ആകെ വീതി. ഇന്‍വെസ്റ്റിഗേഷന്‍ നടപടി പൂര്‍ത്തിയാക്കിയാലുടന്‍ പാലത്തിന്‍െറ എസ്റ്റിമേറ്റ് സമര്‍പ്പിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ഈ വര്‍ഷം തന്നെ പണി ആരംഭിക്കാനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.