സെലിബ്രിറ്റി ക്രിക്കറ്റ്: ക്രീസിലെ ക്രോസ് വിസ്താരത്തില്‍ അഭിഭാഷകരെ മലര്‍ത്തിയടിച്ച് പൊലീസുകാര്‍

പത്തനംതിട്ട: കായിക മത്സരങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ മാത്രമല്ല കളിക്കാനുമറിയാം എന്നുകാണിച്ച് കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തി വ്യാപാരികള്‍. അവരെ തറപറ്റിച്ച്, നാക്കു മാത്രമല്ല ബാറ്റും തങ്ങള്‍ക്കു വഴങ്ങുമെന്ന് കാണിച്ചുകൊടുത്ത പൊതുപ്രവര്‍ത്തകര്‍. കാണികള്‍ക്ക് കൗതുകമായി കളിക്കളത്തിലിറങ്ങിയ മൂന്ന് എം.എല്‍.എമാര്‍. പത്തനംതിട്ട പ്രസ്ക്ളബും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്നു സംഘടിപ്പിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍െറ ആദ്യദിനം ജില്ലയുടെ സാമൂഹിക ജീവിതത്തിലെ വ്യത്യസ്ത മേഖലയിലുള്ളവരുടെ സൗഹൃദ മത്സരത്തിലൂടെ ആവേശകരമായി. കെ. ശിവദാസന്‍ നായര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ എം.എല്‍.എമാരായ രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍ എന്നിവരടങ്ങിയ എം.എല്‍.എ ഇലവനും പ്രസാദ് ജോണ്‍ മാമ്പ്രയുടെ നേതൃത്വത്തിലുള്ള മര്‍ച്ചന്‍റ്സ് ഇലവനും തമ്മില്‍ നടന്ന രണ്ടാം മത്സരത്തിന് ഇന്ത്യാ-പാകിസ്താന്‍ മത്സരത്തിന്‍െറ വീറുംവാശിയുമായിരുന്നു. ടോസ് നേടിയ വ്യാപാരികള്‍ കളി പിടിക്കാനുറച്ച് ജില്ലാ ക്രിക്കറ്റ് അസോ. സെക്രട്ടറി കൂടിയായ ജോജി ജോണ്‍, സംസ്ഥാന പരിശീലകനായ പി.ആര്‍. രാഹുല്‍ എന്നിവരെ ഓപണര്‍മാരായി ഇറക്കി. ആദ്യ ബൗണ്ടറിയടിച്ച് നിലയുറപ്പിക്കാനൊരുങ്ങിയ രാഹുലിനെ രണ്ടാമത്തെ ഓവറില്‍ തന്‍െറ ആദ്യ ബോളില്‍ പുറത്താക്കി രാജു എബ്രഹാം എം.എല്‍.എ വ്യാപാരികളെ ഞെട്ടിച്ചു. എന്നാല്‍, തുടര്‍ന്നങ്ങോട്ട് വ്യാപാരികള്‍ മെച്ചപ്പെട്ട സ്കോറിലേക്കുകുതിച്ചു. 28റണ്‍സ് നേടിയ നൃപിന്‍ ആര്‍. നായര്‍, 23 റണ്‍സ് നേടിയ ജോജി ജോണ്‍ എന്നിവരുടെ മികവില്‍ നിശ്ചിത എട്ട് ഓവറില്‍ അഞ്ചിന് 96 എന്ന നിലയിലാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. മൂന്ന് എം.എല്‍.എമാരും മുഴുവന്‍ സമയം ഫീല്‍ഡില്‍ ചെലവഴിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തത് കാണികള്‍ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. ജയിക്കാന്‍ 12 റണ്‍സ് ശരാശരി വേണമെന്ന കടുത്ത വെല്ലുവിളിയുമായി ഇറങ്ങിയ എം.എല്‍.എ ഇലവനുവേണ്ടി യുവമോര്‍ച്ച ആറന്മുള മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എം. രതീഷ്കുമാര്‍, ആര്‍.എസ്.എസ് കൊടുന്തറ മണ്ഡലം കാര്യവാഹ് ധനേഷ് കൃഷ്ണന്‍ എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ജയിക്കാമെന്ന നിലയില്‍ എത്തിയ നിലയില്‍ ആദ്യം രതീഷും പിന്നീട് ധനേഷും പുറത്തായതോടെ എം.എല്‍.എ ഇലവന്‍ പരുങ്ങലിലായി. എന്നാല്‍, അവസാന ഓവറില്‍ മികച്ച പ്രകടനം പുറത്തെടുത്ത് കെ.എസ്.യു പത്തനംതിട്ട ബ്ളോക് പ്രസിഡന്‍റ് അന്‍സര്‍ മുഹമ്മദും, തുണയായിനിന്ന യൂത്ത് കോണ്‍ഗ്രസ് വള്ളിക്കൊട് മണ്ഡലം പ്രസിഡന്‍റ് വിമല്‍ വള്ളിക്കൊട് എന്നിവര്‍ ചേര്‍ന്ന് വിജയത്തിലത്തെിച്ചു. എട്ടുവിക്കറ്റ് ജയം. സ്കോര്‍: രണ്ടിന് 98. ആദ്യമത്സരത്തില്‍ ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍െറ നേതൃത്വത്തിലുള്ള എസ്.പി ഇലവന്‍ ബാര്‍ അസോ. സെക്രട്ടറി ബിജു എം. തങ്കച്ചന്‍െറ നേതൃത്വത്തിലുള്ള അഭിഭാഷക ഇലവനെ പത്തുവിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഭിഭാഷകര്‍ നിശ്ചിത എട്ട് ഓവറില്‍ ഒമ്പതുവിക്കറ്റിന് 48 റണ്‍സെടുത്തു. തുടക്കത്തില്‍ മൂന്നിന് മൂന്ന് എന്ന നിലയിര്‍ തകര്‍ന്ന ടീമിനെ അഭിലാഷ് ചന്ദ്രന്‍, ദിനേഷ് എന്നിവരാണ് മാന്യമായ സ്കോറിലത്തെിച്ചത്. എസ്.പി ഇലവനെ നയിച്ച 1.1 ഓവറില്‍ രണ്ട് റണ്‍സ് വിട്ടുനല്‍കി മൂന്നുവിക്കറ്റടെുത്തു. എന്നാല്‍, മറുപടി ബാറ്റിനിങ്ങിനിറങ്ങിയ എസ്.പി ഇലവന്‍ 4.5 ഓവറില്‍ ലക്ഷ്യം കണ്ടു. വിക്കറ്റ് നഷ്ടപ്പെടാതെ 50 റണ്‍സ് എടുത്തു. റഷീദ് 30, രാജേഷ് ജോണ്‍ 13 റണ്‍സ് വീതമെടുത്തു. ചലച്ചിത്ര നടന്‍ രാഹുല്‍ മാധവിന്‍െറ ബോളില്‍ ബാറ്റ് ചെയ്ത് ഇന്ത്യ എ ടീം മുന്‍ താരം വി.എ. ജഗദീഷ് ആണ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തത്. യോഗത്തില്‍ പ്രസ് ക്ളബ് പ്രസിഡന്‍റ് സാം ചെമ്പകത്തില്‍ അധ്യക്ഷത വഹിച്ചു. മലയാള മനോരമ സീനിയര്‍ കോഓഡിനേറ്റിങ് എഡിറ്റര്‍ ക്രിസ് തോമസ് മുഖ്യാതിഥിയായിരുന്നു. നഗരസഭാ ഉപാധ്യക്ഷന്‍ പി.കെ. ജേക്കബ് പതാകയുയര്‍ത്തി. കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ, നഗരസഭാധ്യക്ഷ രജനി പ്രദീപ്, കലക്ടര്‍ എസ്. ഹരികിഷോര്‍, ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് സലിം പി. ചാക്കോ, പ്രസ് ക്ളബ് സെക്രട്ടറി എബ്രഹാം തടിയൂര്‍, ബാര്‍ അസോ. സെക്രട്ടറി ബിജു എം. തങ്കച്ചന്‍, മാത്യു വീരപ്പള്ളി, പ്രസാദ് വെട്ടിപ്പുറം എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച ആദ്യ സെമി 3.30ന് എം.എല്‍.എ ഇലവനും മീഡിയ ഇലവനും ഏറ്റുമുട്ടും. ശിയാഴ്ച രാവിലെ 8.30ന് നടക്കുന്ന രണ്ടാം സെമിയില്‍ കലക്ടേഴ്സ് ഇലവനും എസ്.പി ഇലവനും ഏറ്റുമുട്ടും. തുടര്‍ന്ന് വൈകീട്ട് 3.30ന് ഫൈനല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.