തിരുവല്ല: ക്രൈസ്തവ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൊതുവേദിയായ ഓള്‍ ഇന്ത്യ അസോ. ഫോര്‍ ക്രിസ്ത്യന്‍ ഹയര്‍ എജുക്കേഷന്‍െറ (അയാച്ചെ) സുവര്‍ണജൂബിലി സംസ്ഥാനതല ആഘോഷം ജനുവരി 30ന് 12 മുതല്‍ തിരുവല്ല മാര്‍ത്തോമ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാനതല ഉദ്ഘാടനം 2.30ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ നിര്‍വഹിക്കും. ഓര്‍ത്തഡോക്സ് സഭയുടെ കുര്യാക്കോസ് മാര്‍ ക്ളീമിസ് സീനിയര്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. അയാച്ചെയുടെ നാഷനല്‍ ജനറല്‍ സെക്രട്ടറി ഡോ.ഡി. ഡാനിയേല്‍ ഏഴിലരശു മുഖ്യാതിഥിയായിരിക്കും. ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയസ് മെത്രാപ്പോലീത്ത, (മലങ്കര ക്നാനായ) ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത (മലങ്കര കത്തോലിക്ക), ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്കോപ്പ (മാര്‍ത്തോമ), ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത (യാക്കോബായ) എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും. കേരളത്തിലെ അയാച്ചെയുടെ പൂര്‍വകാല നേതാക്കളായ ഡോ. നൈനാന്‍ എബ്രഹാം, പ്രഫ.ഓ.എ. ചെറിയാന്‍, ഡോ.ടി.എ. ജോര്‍ജ് എന്നിവരെ സമ്മേളനത്തില്‍ ആദരിക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ ഡോ. റോയ്സ് മല്ലശേരി, സെക്രട്ടറി ഡോ. മാത്യൂ പി. ജോസഫ്, പബ്ളിസിറ്റി കണ്‍വീനര്‍ പ്രഫ. കെ.സി. സഖറിയ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1967ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജിലാണ് അയാച്ചെയുടെ ആദ്യ സമ്മേളനം നടന്നത്. കാത്തലിക്, പ്രൊട്ടസ്റ്റന്‍റ്, ഓര്‍ത്തഡോക്സ്, മാര്‍ത്തോമ സഭകളുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ 400 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അയാച്ചെയില്‍ അംഗങ്ങളാണ്. കരിക്കുലം വികസനം, അധ്യാപക പരിശീലനം, വിദ്യാര്‍ഥികള്‍ക്കുള്ള നേതൃത്വ പഠനം എന്നീ മേഖലകളില്‍ ദേശീയതലത്തില്‍ അയാച്ചെ നിര്‍ണായകമായ പങ്കുവഹിച്ചു. 30ന് ഉച്ചക്ക് 12 മണിക്ക് കേരളത്തിലെ ക്രൈസ്തവ കോളജ് പ്രിന്‍സിപ്പല്‍മാരുടെയും നേതാക്കളുടെയും യോഗം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.